മുന്‍കൂര്‍ റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാം; അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങി

തിരുവനന്തപുരം: കേരളത്തിന്റെ ഒരറ്റത്ത് നിന്നു മറ്റേ അറ്റത്ത് മുന്‍കൂര്‍ റിസര്‍വ് ചെയ്യാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ യാത്രയൊരുക്കി അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു. കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസിന് ഇന്ന് കൊച്ചുവേളിയില്‍ റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ പച്ചക്കൊടി വീശി.
കൊച്ചുവേളിയില്‍ നിന്ന് ആലപ്പുഴ വഴി പോവുന്ന ട്രെയിന്‍ 12 മണിക്കൂറിനകം മംഗലാപുരത്തെത്തും. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ പോലെ ടിക്കറ്റ് ബുക്ക് ചെയ്യാതെ, സീറ്റുണ്ടെങ്കില്‍ ടിക്കറ്റെടുത്ത് കയറാവുന്ന അന്ത്യോദയ എക്‌സ്പ്രസാണ് സര്‍വീസ് ആരംഭിച്ചത്. ട്രെയിന്‍ നമ്പര്‍ 16355/16356. ശനി, വ്യാഴം ദിവസങ്ങളില്‍ രാത്രി 9.25ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15ന് മംഗലാപുരത്തും വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8ന് മംഗലാപുരത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10ന് കൊച്ചുവേളിയിലും എത്തും. എല്ലാ കോച്ചുകളും അണ്‍റിസര്‍വ്ഡ് സീറ്റിങ് മാത്രമുള്ള ട്രെയിനുകളാണ്. അന്ത്യോദയ എക്‌സ്പ്രസില്‍ സാധാരണ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ 15 ശതമാനം അധികമായിരിക്കും. 16 കോച്ചുകളും രണ്ടു ലഗേജ് കം ബ്രേക്ക് വാനുകളുമാണ് ഈ ട്രെയിനിലുള്ളത്.
ആധുനിക എല്‍എച്ച്ബി കോച്ചുകള്‍ ഉപയോഗിച്ചു നിര്‍മിച്ച ദീനദയാലു കോച്ചുകളാണ് ഉപയോഗിക്കുന്നത്. കുടിവെള്ളം, മൊബൈല്‍ റീച്ചാര്‍ജിങ്, ലഗേജ് റാക്ക്, ബയോ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബക്കറ്റ് സീറ്റുകള്‍ക്ക് പകരം നീളത്തിലുള്ള കുഷ്യന്‍ ബെഞ്ച് സീറ്റുകളാണ്. കൊല്ലം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ആറിടങ്ങളിലാണ് സ്‌റ്റോപ്പുള്ളത്.
Next Story

RELATED STORIES

Share it