wayanad local

മുന്‍കൂര്‍ അടയ്ക്കാന്‍ പണമില്ല : പിഎംഎവൈ ഭവന പദ്ധതി ഗുണഭോക്താക്കള്‍ പ്രതിസന്ധിയില്‍



മാനന്തവാടി: ഭവനരഹിതരായ നിര്‍ധനര്‍ക്കുള്ള ഭവനപദ്ധതിയില്‍ സഹായം ലഭിക്കണമെങ്കില്‍ 20 ശതമാനം തുക മുന്‍കൂര്‍ അടയ്ക്കണമെന്ന നിര്‍ദേശം ഗുണഭോക്താക്കള്‍ക്ക് തിരിച്ചടിയാവുന്നു. നഗരസഭകള്‍ വഴി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കാന്‍ നല്‍കുന്ന ഫണ്ട് ലഭിക്കണമെങ്കിലാണ് മുന്‍കൂറായി 20 ശതമാനം അടയ്‌ക്കേണ്ടത്. ആറുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കാണ് വീട് നിര്‍മിക്കാന്‍ മുനിസിപ്പാലിറ്റികള്‍ വഴി മൂന്നുലക്ഷം രൂപ നല്‍കുന്നത്. ഇതില്‍ 50,000 രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദേശം. നാലു ഗഡുക്കളായി നല്‍കുന്ന തുകയില്‍ 20 ശതമാനം വീതം മുന്‍കൂര്‍ അടച്ചാലേ വീട് നിര്‍മിക്കാന്‍ സഹായം ലഭിക്കൂ എന്ന ഉത്തരവ് ഉപജീവനമാര്‍ഗം കണ്ടെത്താന്‍ പോലും മാര്‍ഗമില്ലാതെ ഏറെ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. പിഎംഎവൈ പദ്ധതിയില്‍ വീട് അനുവദിച്ച വിധവകള്‍, വികലാംഗര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവരില്‍ ഭൂരിഭാഗം പേരും കഴിഞ്ഞ ദിവസങ്ങളില്‍ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മുനിസിപ്പാലിറ്റികളുമായി എഗ്രിമെന്റ് വച്ചുകഴിഞ്ഞു. തറ നിര്‍മാണത്തിനായി ഒന്നാം ഗഡുവായ 30,000 രൂപ ലഭിക്കണമെങ്കില്‍ 5,000 രൂപ മുന്‍കൂര്‍ അടയ്ക്കണം. ഇതടച്ച് ആഴ്ചകള്‍ കഴിഞ്ഞാല്‍ മാത്രമേ 30,000 രൂപ ലഭിക്കൂ. രണ്ടാം ഗഡു ലഭിക്കണമെങ്കില്‍ 20,000 രൂപ മുന്‍കൂറായി മുനിസിപ്പാലിറ്റിയില്‍ അടയ്ക്കണം. ആഴ്ചകള്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു ലക്ഷം രൂപ ലഭിക്കൂ. മൂന്നാം ഗഡുവായ ഒരു ലക്ഷം രൂപ ലഭിക്കണമെങ്കില്‍ ഇരുപതിനായിരം രൂപ മുന്‍കൂര്‍ അടയ്ക്കണം. നാലാം ഗഡുവായ ഇരുപതിനായിരം രൂപ ലഭിക്കണമെങ്കില്‍ അയ്യായിരം രൂപ മുന്‍കൂര്‍ നല്‍കണം. മുനിസിപ്പാലിറ്റി നല്‍കുന്ന വീട് നിര്‍മാണത്തില്‍ ഉപഭോക്താക്കളെയും പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീടിന് അര്‍ഹരായവരെക്കൊണ്ട് ഇരുപത് ശതമാനം തുക മുന്‍കൂര്‍ അടപ്പിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി മുനിസിപ്പാലിറ്റികളിലായി ആയിരത്തിലേറെ വീടുകളാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇരുപത് ശതമാനം തുക മുന്‍കൂട്ടി അടക്കാത്തവര്‍ക്ക് വീട് നിര്‍മിക്കാനുള്ള ഫണ്ട് നല്‍കില്ല. എങ്ങനെയെങ്കിലും വീട് എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ലഭിക്കുന്ന മൂന്നുലക്ഷം രൂപ കിട്ടാനായി ഇരുപത് ശതമാനം തുക കണ്ടെത്താനുള്ള ഓട്ടത്തിലാണ് പാവപ്പെട്ട കുടുംബാംഗങ്ങള്‍. ചില മുനിസിപ്പാലിറ്റികള്‍ വീട് നിര്‍മിക്കുന്നതിന് എഗ്രിമെന്റ് വയ്ക്കുന്നതിന് കാലാവധിയും വച്ചിട്ടുണ്ട്. ഈ കാലാവധിക്കകം മുന്‍കൂര്‍ തുകയടച്ച് കരാര്‍ വച്ചില്ലെങ്കില്‍ ഇവര്‍ക്ക് പിന്നീട് വീട് ലഭിക്കില്ലെന്നും പറയപ്പെടുന്നു.
Next Story

RELATED STORIES

Share it