Cricket

മുന്റോയ്ക്ക് സെഞ്ച്വറി; ഇന്ത്യയെ കിവികള്‍ വീഴ്ത്തി

മുന്റോയ്ക്ക് സെഞ്ച്വറി; ഇന്ത്യയെ കിവികള്‍ വീഴ്ത്തി
X


രാജ്‌കോട്ട്: തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളം നിറഞ്ഞുകളിച്ച ഓപണര്‍ കോളിന്‍ മുന്റോയുടെ ബാറ്റിങ് മികവില്‍ ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ന്യൂസിലന്‍ഡിന് മിന്നും ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 196 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലൊതുങ്ങി.ഓപണറായി ഇറങ്ങി 58 പന്തില്‍ 109 റണ്‍സുമായി പുറത്താകാതെ നിന്ന കോളിന്‍ മുന്റോയുടെ പ്രകടനമാണ് ന്യൂസിലന്‍ഡിന് മികച്ച വിജയം സമ്മാനിച്ചത്. ആദ്യ പന്ത് മുതല്‍ക്കു തന്നെ ആക്രമിച്ച് കളിച്ച ന്യൂസിലന്‍ഡ് ഓപണര്‍മാരായ മാര്‍ട്ടില്‍ഗുപ്റ്റിലും കോളിന്‍ മുന്റോയും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. ഏഴ് ബൗണ്ടറികളും ഏഴ് സിക്‌സറുമടക്കം മുന്റോ കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഗുപ്റ്റിലും (41 പന്തില്‍ നിന്ന് 45) താരത്തിന് മികച്ച പിന്തുണ നല്‍കി. സെഞ്ച്വറിയോടെ  രാജ്യാന്തര ട്വന്റി20യില്‍ ഒരു വര്‍ഷം രണ്ടു സെഞ്ചുറി നേടുന്ന ആദ്യത്തെ താരമായും  രണ്ട് എവേ ട്വന്റി20 സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ താരമായും മുന്റോ മാറി. നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറ, 29 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ന്യൂസിലന്‍ഡ് സ്‌കോര്‍ 200 കടക്കാതെ കാത്തത്.എന്നാല്‍ മറുപടിബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. ഓപണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും രണ്ടക്കം കാണാതെ പുറത്തായി. പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ക്കും (21 പന്തില്‍ നിന്നും 23) കീവീസ് ബൗളിങിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കോഹ്‌ലി (42 പന്തില്‍ നിന്ന് 65), ധോണി (37 പന്തില്‍ നിന്ന് 49)) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് വന്‍തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്. 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇടംകയ്യന്‍ ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ന്യൂസിലന്‍ഡിനു വേണ്ടി മിച്ചല്‍സാന്റര്‍, ഇഷ്‌സോദി, കോളിന്‍മണ്‍റോ എന്നിവരും ഓരോവിക്കറ്റ് വീതം വീഴ്ത്തി.   ജയത്തോടെ മൂന്ന് മല്‍സര പരമ്പരയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും 1-1 സമനിലയിലാണുള്ളത്. ഇതോടെ ഏഴാം തിയ്യതി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ട്വന്റി മല്‍സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാവും.
Next Story

RELATED STORIES

Share it