palakkad local

മുന്നേമുക്കാല്‍ കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

പാലക്കാട്: ജില്ലയില്‍ മൂന്ന് സംഭവങ്ങളിലായി മുന്നേമുക്കാല്‍ കിലോ കഞ്ചാവുമായി മൂന്ന് പേരെ പോലിസ് പിടികൂടി. പാലക്കാട്ട് നിന്ന് ഒന്നും ഒറ്റാപ്പാലത്ത് നിന്ന് രണ്ടുപേരുമാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്ന് പാലക്കാട്ടേക്ക് കൊണ്ടുവന്ന രണ്ടുകിലോ കഞ്ചാവുമായി പല്ലശ്ശന കരിപ്പോട് കാഞ്ഞിരക്കോട് വീട്ടില്‍ കൃഷ്ണകുമാര്‍ (38) നെയാണ് ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്തും ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ട്  നാലോടെ പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാന്റില്‍വച്ചായിരുന്നു പിടിയിലായത്. ആന്ധ്രയില്‍ നിന്നും കോയമ്പത്തൂര്‍ വഴിയാണ് കേരളത്തിലേക്ക് കടത്തുന്നത്. പാലക്കാട്ടെ സ്‌കൂള്‍, കോളജ്, ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ച് വില്‍പന നടത്താനാണ് കഞ്ചാവെത്തിച്ചത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.ഒറ്റപ്പാലത്ത് ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി തൃശ്ശൂര്‍ കാഞ്ഞാണി പ്ലാക്കല്‍ വീട്ടില്‍ സജിത്ത്(20), പറവൂര്‍ ഏഴിക്കര പെരിന്തിട്ട പറമ്പില്‍ പ്രണവ്(21) എന്നിവരെയാണ് എസ്‌ഐ എ ആദം ഖാന്‍ അറസ്റ്റ് ചെയ്തത്. ഒന്നേകാല്‍ കിലോ കഞ്ചാവുമായി സജിത്തിനെ റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്നാണ് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്ന് തീവണ്ടി മാര്‍ഗം ഒറ്റപ്പാലത്തെത്തിയ സജിത് ബസ് വഴി തൃശ്ശൂര്‍ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രണവിനെ അരക്കിലോ കഞ്ചാവുമായാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it