മുന്നാക്ക വികസന കോര്‍പറേഷനുള്ള വിഹിതം വര്‍ധിപ്പിച്ചുഅര്‍ഹമായ സംവരണം ഉറപ്പാക്കാന്‍ പരിശോധന നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: അര്‍ഹമായ തോതില്‍ സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പടില്ല. ജോലിസാധ്യത വര്‍ധിപ്പിക്കലാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഹിന്ദുസമുദായ സംഘടനകളുടെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തീരെ സംവരണം വേണ്ട എന്ന നിലപാടിനോട് സര്‍ക്കാരിന് യോജിപ്പില്ല. സംവരണത്തിന് അര്‍ഹതയില്ലാത്ത വിഭാഗങ്ങളില്‍ അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം സംവരണം നല്‍കണം. നിലവിലുള്ള സംവരണത്തിന്റെ തോത് കുറയ്ക്കാതെ മുന്നാക്കക്കാരില്‍ തീരെ ദരിദ്രരായവര്‍ക്ക് സംവരണം നല്‍കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദു സമുദായത്തിലെ ചില വിഭാഗങ്ങള്‍ക്ക് പല കാരണങ്ങളാല്‍ ഇപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ കഴിഞ്ഞിട്ടില്ല. അത്തരം വിഭാഗങ്ങളുടെ ഉയര്‍ച്ചക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും സഹായവും നല്‍കും. ഒഇസി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടില്ല. ദേവസ്വം നിയമനങ്ങളില്‍ വിശ്വകര്‍മ, ധീവര സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കും.
ദേവസ്വം നിയമനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണമില്ല. അതുവഴി ബാക്കി വരുന്ന 18 ശതമാനം ആനുപാതികമായി മറ്റ് വിഭാഗങ്ങള്‍ക്ക് നല്‍കാനും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക സംവരണമേര്‍പ്പെടുത്താനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ നിയമനം, സ്ഥാനക്കയറ്റം എന്നിവ മുഖേന എത്തുന്നവര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സംവരണം നല്‍കാന്‍ കഴിയില്ലെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശമെന്ന് മുഖ്യമന്ത്രി അറിയിച്ചു.   പിന്നാക്ക സമുദായക്ഷേമത്തിന് 114 കോടി രൂപ വകയിരുത്തി. ഒഇസിയുടെ വിദ്യാഭ്യാസ സഹായത്തിന് 100 കോടി വകയിരുത്തി. മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി 42 കോടി രൂപ വകയിരുത്തി. മുന്നാക്ക വികസന കോര്‍പറേഷനുള്ള ബജറ്റ് വിഹിതം പത്തുകോടി വര്‍ധിപ്പിച്ച് 42 കോടിയാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it