മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കമുള്ളവരുടെ പ്രശ്‌നങ്ങള്‍; കാലാവധി പൂര്‍ത്തിയാവുന്നതിനു മുമ്പ് റിപോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: കാലാവധി തീരുന്നതിനു മുമ്പ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന്‍ അറിയിച്ചു.
അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് കമ്മീഷന്റെ കാലാവധി അവസാനിക്കുന്നത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് ക്ഷേമകാര്യങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി സര്‍ക്കാരില്‍ ശുപാര്‍ശ നല്‍കുക എന്നതാണ് കമ്മീഷന്റെ പ്രഥമ ലക്ഷ്യം. സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് കമ്മീഷന്‍ നടത്തുന്ന സിറ്റിങ് ഈ മാസം 31ന് കോഴിക്കോട് അവസാനിക്കും.
സിറ്റിങില്‍ ലഭിച്ച നിവേദനങ്ങളും പരാതികളും പഠിച്ച് അതിന്റെ  അടിസ്ഥാനത്തിലാവും കമ്മീഷന്‍ സര്‍ക്കാരിന് റിപോ ര്‍ട്ട് സമര്‍പ്പിക്കുന്നത്. എറണാകുളം ഗസ്റ്റ്ഹൗസില്‍ നടന്ന എറണാകുളം മേഖലാ സിറ്റിങില്‍ 13 പരാതികളാണു ലഭിച്ചത്. വിവിധ സംവരണേതര വിഭാഗങ്ങള്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കമ്മീഷന് മുന്നില്‍ ബോധിപ്പിച്ചു. സംവരണം നടപ്പാക്കിയ കാലഘട്ടത്തില്‍ നിന്നും നിലവിലെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിലുണ്ടായ വ്യത്യാസത്തിനനുസരിച്ച് സംവരണ തത്ത്വം പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാണെന്ന് കമ്മീഷന്‍ പറഞ്ഞു. ഇതിനായി പുതിയ സാമൂഹിക സര്‍വേ നടത്തണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയപ്പോള്‍ ഏര്‍പ്പെടുത്തിയ നഷ്ടപരിഹാരതുക അര്‍ഹരായവര്‍ക്കോ, അവരുടെ പിന്‍ഗാമികള്‍ക്കോ ലഭ്യമാക്കണെന്നു യോഗക്ഷേമ സഭ ആവശ്യപ്പെട്ടു. വിവിധ വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ പിഎസ്‌സി പരിശീലനം നല്‍കുന്നതു മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. സംസ്ഥാനത്ത് 2011ല്‍ നടത്തിയ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും അതിന്റെ അടിസ്ഥാനത്തി ല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളണമെന്നുളള അപേക്ഷകളും കമ്മീഷന് മുന്നില്‍ എത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാക്കള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ക്കായി പ്രത്യേക വായ്പയും പരിശീലനവും ലഭ്യമാക്കണമെന്ന അപേക്ഷയും കമ്മീഷന്‍ പരിഗണിച്ചു.
Next Story

RELATED STORIES

Share it