മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുമെന്നു നേരത്തേ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന വാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. സംസ്ഥാന സര്‍ക്കാരിന് ഒരുതരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം നേരിട്ടത് അപ്രതീക്ഷിത ദുരന്തമാണ്. നവംബര്‍ 28ന് മീന്‍പിടിത്തക്കാര്‍ കടലില്‍ പോവുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന ഉപദേശം മാത്രമാണ് സമുദ്ര നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച ഇ-മെയില്‍ ആയോ ഫാക്‌സ് വഴിയോ സന്ദേശം സര്‍ക്കാരിന് ലഭിച്ചിരുന്നില്ല.29ന് 2.30ന് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് നല്‍കിയ അറിയിപ്പില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന ഉപദേശമായിരുന്നു ഉണ്ടായിരുന്നത്. അതു മാധ്യമങ്ങളിലുള്‍പ്പെടെ നല്‍കിയിരുന്നു. ചുഴലിയുടെ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ അഞ്ചു മിനിറ്റിനകം പ്രധാന ഉദ്യോഗസ്ഥര്‍ക്കും പത്രമാധ്യമങ്ങള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കി. അപ്പോഴേക്കും മല്‍സ്യത്തൊഴിലാളികളില്‍ പലരും കടലിലേക്ക് പോയിക്കഴിഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി മാനദണ്ഡം പാലിച്ചില്ലെന്ന ആക്ഷേപവും മുഖ്യമന്ത്രി ഉന്നയിച്ചു. അതേസമയം, ഓഖി ചുഴലിക്കാറ്റിനോടനുബന്ധിച്ച രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്നു സിപിഐ. ദുരന്തമുഖത്ത് സ്വാഭാവികമായും ഉണ്ടാവാറുള്ള വിമര്‍ശനങ്ങള്‍ മാത്രമാണ് ഉയര്‍ന്നിട്ടുള്ളതെന്നും  കാനം രാജേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it