Idukki local

മുന്നറിയിപ്പില്ലാതെ വെള്ളമെത്തി; ഉറങ്ങാനാവാതെ താഴ്‌വാരവാസികള്‍

വണ്ടിപ്പെരിയാര്‍: രാത്രി ഉറങ്ങാതെ തീരദേശം. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി പിന്നിട്ടതോടെ മുന്നറിയിപ്പ് ഇല്ലാതെ ഡാം തുറന്നു വിട്ടത് തീരദേശവാസികളെ ഭീതിയിലാഴ്ത്തി.എട്ടോളം വീടുകളില്‍ വെള്ളം കയറി. വെളിച്ചവും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാന്‍ റവന്യൂ അധികൃതരാരും ഉണ്ടായില്ല.
മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒന്നും തന്നെ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നില്ല. ടി വി ചാനലുകളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് തീരദേശത്തുള്ളവര്‍ ഡാം തുറക്കുന്ന വിവരം അറിയുന്നത്. ഡാമിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. ഡാം തുറന്നു വിട്ടു എന്ന വാര്‍ത്ത കേട്ടതോടെ തീരദേശങ്ങള്‍ പരിഭ്രാന്തിയിലായി. ഇതോടെ ജനങ്ങള്‍ വീട് വിട്ട് പുറത്തേക്ക് ഇറങ്ങി. പലരും പ്രകോപിതരായി. മാധ്യമപ്രവര്‍ത്തകരെയും പോലിസിനെയും തടഞ്ഞു വച്ചു. മുല്ലപ്പെരിയാര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടതിന്റെ പ്രതിഷേധമായിരുന്നു ആളുകളില്‍.
വഴിവിളക്കുകള്‍ ഇല്ലായിരുന്നു. ദുരിതാശ്വാസ ക്യാംപില്‍ വെളിച്ചവും,വെള്ളവും എത്തിയിരുന്നുമില്ല. ഇതും ജനങ്ങളുടെ പ്രതിഷേധത്തിനു കാരണമായി. മുല്ലപ്പെരിയാര്‍ തുറന്നു വിട്ടു എന്നറിഞ്ഞത് മുതല്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് പുറമെ വിവിധ ഇടങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തി പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചു. അപ്പോഴും റവന്യൂ വകുപ്പിലെ ആരും തന്നെ ഇവിടങ്ങളില്‍ എത്തിയിരുന്നില്ല. വള്ളക്കടവ് ചെക്ക് പോസ്റ്റിലെ കണ്‍ട്രോള്‍ റൂമില്‍ പോലും ആളില്ലായിരുന്നു.
വള്ളക്കടവ്,കുരുശംമൂട്, ചപ്പാത്ത്,പെരിയാര്‍ പാലത്തിനു സമീപം ഇഞ്ചിക്കാട്,തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ഉറങ്ങാതെ നേരം വെളുപ്പിക്കുകയായിരുന്നു. രാത്രി എട്ടു മണിക്ക് ഡാം തുറന്ന വിട്ടെങ്കിലും മുല്ലപ്പെരിയാറിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വള്ളക്കടവില്‍ 9.30ഓടെയാണ് വെള്ളം എത്തിയത്.
പെരിയാറിന്റെ തീര പ്രദേശമായ വള്ളക്കടവ് മുതല്‍ ചപ്പാത്ത് വരെ മാത്രം എട്ടേളം വീടുകളില്‍ വെള്ളം കയറി. പുത്തന്‍ പുരയ്ക്കല്‍ മൈദീന്‍,പുത്തന്‍ വീട് ബാലന്‍, പുഷ്പറാണി, പുതുപ്പറമ്പില്‍ ഷാഹുലിന്റെ കട, അന്തോണി, ഏശുമരിയ, ചിന്നപ്പന്‍, ഗുരുദാസ് തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
ഇടക്ക് വൈദ്യതി മുടങ്ങിയതും ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഡാം തുറന്ന വിട്ടതോടെ തീരദേശവാസികള്‍ ആരും തന്നെ ഇന്നലെയും ഇന്നും പണിക്ക് പോലും പോയിട്ടില്ല.
Next Story

RELATED STORIES

Share it