thrissur local

മുന്നറിയിപ്പില്ലാതെ വാട്ടര്‍ അതോറിറ്റി കണക്ഷന്‍ ജലനിധി ബ്ലോക്ക് ചെയ്തു



മാള: ജലനിധി പദ്ധതിയിലെ അപാകതകള്‍ ചൂണ്ടികാട്ടിയ വ്യക്തിയുടെ പേരിലുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷന്‍ മുന്നറിയിപ്പില്ലാതെ ജലനിധി ബ്ലോക്ക് ചെയ്തതതായി ആക്ഷേപം. മാള മേഖല ശുദ്ധജല സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഷാന്റി ജോസഫ് തട്ടകത്തിന്റെ വീട്ടിലേയ്ക്കുള്ള വാട്ടര്‍ കണക്ഷനാണ് വെള്ളിയാഴ്ച പൊയ്യ പഞ്ചായത്ത് ജലനിധി ഉദ്യോഗസ്ഥര്‍ ബ്ലോക്ക് ചെയ്തത്. ശനിയാഴ്ച വെള്ളം ലഭിക്കാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ജലനിധിക്കാര്‍ വാട്ടര്‍ അതോറിറ്റി കണക്ഷനുള്ള പൈപ്പ് ബ്ലോക്ക് ചെയ്ത കാര്യം മനസ്സിലായത്. രണ്ടാം ശനിയും ഞായറും മുടക്കു ദിവസമാണെന്ന് മനസ്സിലാക്കികൊണ്ടാണ് വെള്ളം കുടി മുട്ടിച്ചത്. പരാതി നല്‍കാനും മറ്റും ഇനി തിങ്കളാഴ്ച മാത്രമെ സാധിക്കുകയുള്ളൂയെന്നത് മനസ്സിലാക്കിയാണ് നടപടി. വാട്ടര്‍ അതോറിറ്റി കണക്ഷന്‍ ഉള്ളവരെ ജലനിധിക്കാര്‍ നൂറു രൂപ അടപ്പിച്ച് ജലനിധിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ വാട്ടര്‍ അതോറിറ്റി കണക്ഷന്‍ എടുത്തവര്‍ എന്തിനാണ് നൂറു രൂപ അടച്ച് ജലനിധിയിലേക്ക് മറേണ്ട കാര്യമെന്ന് ഷാന്റി ജോസഫ് തട്ടകത്ത് ചോദ്യം ചെയ്തിരുന്നു. നിലവില്‍ വാട്ടര്‍ അതോറിറ്റിയുമായി ഉപഭോക്താക്കള്‍ക്ക് കരാറുണ്ട്. വെള്ളക്കരവും കത്യമായി അടയ്ക്കുകയും ചെയ്യുന്നുണ്ട്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വെള്ളക്കരം ഈടാക്കുന്ന ജലനിധിയിലേയ്ക്ക് തള്ളിവിടുന്നതെന്ന സംശയമാണ് അദ്ദേഹം ഉന്നയിച്ചത്. ജലനിധി പദ്ധതിയിലെ പോരായ്മകള്‍ ചൂണ്ടികാണിച്ചതിലുള്ള പ്രതികാരമാണ് കുടിവെള്ളം ബ്ലോക്ക് ചെയ്തതിനു പിറകിലെന്നാണ് ആക്ഷേപം. ഇതുമൂലം കുടിവെള്ളം വില കൊടുത്ത് പുറത്തു നിന്നു കൊണ്ടുവരേണ്ടതായി വന്നു. ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റിയ്ക്ക് തിങ്കളാഴ്ച പരാതി നല്‍കും. കൂടാതെ അറിയിപ്പില്ലാതെ വെള്ളം ബ്ലോക്ക് ചെയ്ത് ബുദ്ധിമുട്ടിച്ചതിനും നഷ്ടം വരുത്തിയതിനും ഉപഭോക്തൃ കോടതിയില്‍ ജലനിധിയെയും വാട്ടര്‍ അതോറിറ്റിയെയും പ്രതിചേര്‍ത്ത് കേസ് ഫയല്‍ ചെയ്യുവാനും ഷാന്റി ജോസഫ് തട്ടകത്ത് തീരുമാനിച്ചു. നിലവില്‍ വാട്ടര്‍ അതോറിറ്റി അയ്യായിരം ലിറ്റര്‍ വെള്ളം 20 രൂപയ്ക്ക് നല്‍കുമ്പോള്‍ ജലനിധി 70 രൂപയാണ് ഈടാക്കുന്നത്.
Next Story

RELATED STORIES

Share it