ernakulam local

മുന്നറിയിപ്പില്ലാതെ കുടിവെള്ളം മുടങ്ങി; പള്ളുരുത്തിയില്‍ ജനം ദുരിതത്തിലായി

മട്ടാഞ്ചേരി: മുന്നറിയിപ്പില്ലാതെ കുടിവെള്ളം മുടങ്ങിയതോടെ രണ്ടുനാള്‍ പള്ളുരുത്തി നിവാസികള്‍ ദുരിതത്തിലായി.
എളംകുളം പമ്പ് ഹൗസില്‍നിന്ന് പള്ളുരുത്തി ഹഡ്‌ക്കോ ടാങ്കിലേക്ക് ലഭിക്കേണ്ട കുടിവെള്ളമാണ് കഴിഞ്ഞ രണ്ടുദിവസമായി മുടങ്ങുന്നത്.
മുന്നറിയിപ്പില്ലാതെ കുടിവെള്ളം മുടങ്ങിയതോടെ ജനം നെട്ടോട്ടത്തിലായി. പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി, മുണ്ടംവേലി, അത്തിപ്പൊഴി ഭാഗങ്ങളിലാണ് കുടിവെള്ളം പൂര്‍ണമായും മുടങ്ങിയത്. ടാപ്പിലൂടെ വെള്ളം ലഭിക്കാതായതോടെ ജല അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് കുടിവെള്ളം മുടങ്ങിയ വിവരം നാട്ടുകാര്‍ അറിയുന്നത്.
കലൂര്‍ കതൃക്കടവ് റോഡില്‍ ഇന്റര്‍ കണക്ഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതുമൂലം രണ്ടു ദിവസത്തേക്ക് കുടിവെള്ളം മുടങ്ങുമെന്ന് പത്രക്കുറിപ്പ് കൊടുത്തിരുന്നുവെന്നാണ് അധികൃതരുടെ ഭാഷ്യം.
എന്നാല്‍ കുടിവെള്ളം ലഭിക്കാതെ ജനം വലഞ്ഞിട്ടും പകരം സംവിധാനമൊരുക്കാന്‍ നഗരസഭ അധികൃതര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
ഇടക്കൊച്ചി, പെരുമ്പടപ്പ് മേഖല കായലോര പ്രദേശമായതിനാല്‍ ഭൂഗര്‍ഭ ജലംപോലും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അതേ സമയം ഇന്ന് മുതല്‍ ജല വിതരണം പൂര്‍വ സ്ഥിതിയിലാവുമെന്ന് കരുവേലിപ്പടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it