മുന്നണി മാറ്റം: സിപിഎം, ജെഡിയുവിനും ആര്‍എസ്പിക്കും പിറകെ

സമീര്‍ കല്ലായി

കോഴിക്കോട്: മുന്നണി മാറ്റം ലക്ഷ്യമിട്ട് സിപിഎം ജെഡിയുവി നും ആര്‍എസ്പിക്കും പിറകെ. തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് സിപിഎം മുന്‍ ഘടകകക്ഷികളെ തിരിച്ചുകൊണ്ടുവരാനൊരുങ്ങുന്നത്. ഇരുപാര്‍ട്ടികളിലെയും ഒരു വിഭാഗം ഇതിന് അനുകൂലമായി പ്രതികരിച്ചതാണ് സിപിഎമ്മിന് പ്രതീക്ഷനല്‍കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ മുന്നണി മാറ്റം അടഞ്ഞ അധ്യായമല്ലെന്നു ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ജെഡിയുവിന് കുറഞ്ഞ സീറ്റുകള്‍ നല്‍കുകയും അനുവദിച്ചതില്‍ തന്നെ റിബലുകളെ നിര്‍ത്തുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രസ്താവന. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്‍ഡിഎഫിലേക്ക് മടങ്ങണമെന്ന വാദത്തിന് ജെഡിയുവില്‍ ശക്തി കൂടിയിട്ടുണ്ട്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നിഷേധിച്ചതോടെയാണ് എം പി വീരേന്ദ്രകുമാറും കൂട്ടരും യുഡിഎഫിലെത്തിയത്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാനും യുഡിഎഫ് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കല്‍പ്പറ്റ സീറ്റില്‍ എം വി ശ്രേയാംസ്‌കുമാറിനും കൂത്തുപറമ്പില്‍ നിന്ന് കെ പി മോഹനനും മാത്രമേ വിജയിക്കാനായുള്ളൂ. മന്ത്രിസഭയില്‍ കെ പി മോഹനന് താരതമ്യേന പ്രാധാന്യം കുറഞ്ഞ കൃഷിവകുപ്പാണു ലഭിച്ചത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര ചോദിച്ച ജെഡിയുവിന് പാലക്കാട് നല്‍കി എം പി വീരേന്ദ്രകുമാറിനെ കോണ്‍ഗ്രസ് കാലുവാരുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വികൂടിയായതോടെ ഇടതുമുന്നണിയിലേക്കു മടങ്ങണമെന്ന ആവ ശ്യം ഇതോടെ ജെഡിയുവില്‍ ശക്തമായിരിക്കയാണ്. വീരേന്ദ്രകുമാറിനൊപ്പം മുന്നണി വിടാതിരുന്ന ജനതാദള്‍ എസിന് നിയമസഭയില്‍ നാല് എംഎല്‍എമാരുണ്ട്. ജെഡിയുവിന്റെ മടങ്ങിവരവിനെ ഇവരും സ്വാഗതംചെയ്യുന്നുണ്ട്. ആര്‍എസ്പി മുന്നണി മാറ്റത്തെ കുറിച്ച് മറുത്തു പറയുന്നുണ്ടെങ്കിലും കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ ഇടതിനോടടുത്ത മട്ടാണ്. കൊല്ലത്ത് അടക്കം തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ടതും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ നിലവിലെ സീറ്റുകളും നഷ്ടമാവുമോ എന്ന ഭയപ്പാടും ആര്‍എസ്പിയെയും ജെഡിയുവിനെയും അലട്ടുന്നുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗം ഇരുപാര്‍ട്ടികളെയും മടക്കിക്കൊണ്ടുവരാന്‍ സംസ്ഥാന നേതൃത്വത്തോടു നിര്‍ദേശിച്ചതോടെ മുന്നണി മാറ്റം സാധ്യമാവുമോ എന്നാണു രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തിനു ശേഷം ഇരു പാര്‍ട്ടികളുടെയും ദേശീയ നേതാക്കളെ സിപിഎം കേന്ദ്രനേതൃത്വം കണ്ട് ചര്‍ച്ച നടത്തുമെന്നും അറിയുന്നു.
Next Story

RELATED STORIES

Share it