മുന്നണി മാറ്റം; എന്‍ കെ പ്രേമചന്ദ്രന്‍ 50 കോടി കൈപ്പറ്റിയതായി ആരോപണം

കൊല്ലം: മുന്നണി മാറ്റത്തിന്റെ മറവില്‍ ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലം സ്വദേശിയായ ദുബയ് വ്യവസായിയില്‍ നിന്ന് 50 കോടി രൂപയും 5 കിലോ സ്വര്‍ണവും കൈപ്പറ്റിയതായി ആരോപണം. ആര്‍എസ്പി മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഇപ്പോള്‍ കോവൂര്‍ കുഞ്ഞുമോന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി ലെനിനിസ്റ്റ് വിഭാഗം സംസ്ഥാന സമിതി അംഗവുമായ എസ് ബലദേവാണ് ആരോപണമുന്നയിച്ചത്.
കോവൂര്‍ കുഞ്ഞുമോന്റെ സാന്നിധ്യത്തില്‍ നടന്ന 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മാണി വിഭാഗത്തില്‍ നിന്നുള്ള 4 എംഎല്‍എമാര്‍ എല്‍ഡിഎഫിലേക്ക് പോകുമെന്ന് ഇന്റലിജന്റ്‌സ് റിപോര്‍ട്ട് ഉണ്ടായിരുന്നു. ഇത് മുന്നില്‍ക്കണ്ട് ഉമ്മന്‍ചാണ്ടിയും എന്‍ കെ പ്രേമചന്ദ്രനും ഷിബു ബേബിജോണും ചേര്‍ന്നുനടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ആര്‍എസ്പി ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തിയത്. പ്രേമചന്ദ്രന് പണം കൈമാറിയത് കേരളത്തില്‍ വച്ചാണ്. ഏതെങ്കിലും പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്ത ശേഷമല്ല ഇത്തരമൊരു തീരുമാനം എടുത്തത്. കൊല്ലം ലോക്‌സഭാ സീറ്റിനോട് ആര്‍എസ്പിക്കുള്ള വൈകാരികബന്ധം മുതലെടുത്ത് പാര്‍ട്ടിക്കാരെ ഹൈജാക്ക് ചെയ്ത് യുഡിഎഫില്‍ എത്തിക്കുകയായിരുന്നു. 5 വര്‍ഷക്കാലം പ്രേമചന്ദ്രന്റെ ഓഫിസില്‍ നടന്ന അഴിമതിക്കഥകള്‍ പുറത്തുവിടാന്‍ തയ്യാറാണ്. 2006ല്‍ ടി ജെ ചന്ദ്രചൂഢന്റെ ആര്യനാട് മണ്ഡലത്തിലെ പരാജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതു പ്രേമചന്ദ്രനാണെന്നും ബലദേവ് കൂട്ടിച്ചേര്‍ത്തു. ആരോപണത്തെ കുറിച്ച് അറിയില്ലെന്നും അതുകൊണ്ടു തന്നെ ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it