മുന്നണി മാറിയിട്ടില്ലെന്ന സുധീരന്റെ മേനിനടിക്കല്‍ ആത്മവഞ്ചനാപരമെന്ന്‌

കോട്ടയം: ജനിച്ച നാള്‍ മുതല്‍ ഇന്നേവരെ കോണ്‍ഗ്രസ്സുകാരനായി തന്നെയാണു തുടര്‍ന്നതെന്നും താന്‍ ഒരിക്കലും പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ലെന്നും മേനിനടിക്കുന്ന സുധീരന്റെ പ്രസ്താവന ആത്മവഞ്ചനാപരമാണെന്നു കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്.
1980ല്‍ മണലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എം ഒ ദേവസ്യക്കുട്ടിയെ പരാജയപ്പെടുത്തിയാണ് സുധീരന്‍ നിയമസഭയില്‍ എത്തിയത് എന്നതു ചരിത്രമാണ്.
43 വര്‍ഷക്കാലം യുഡിഎഫിന്റെ ഭാഗമായിട്ടു ജയപരാജയങ്ങളില്‍ ഒരുമിച്ചു നിന്ന പാരമ്പര്യമുള്ള കേരളാ കോണ്‍ഗ്രസ്സിന്റെയും മാണിസാറിന്റെയും മേല്‍ ചാഞ്ചാട്ടരാഷ്ട്രീയം ആക്ഷേപിക്കുന്ന സുധീരന്‍ സ്വന്തം ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുന്നത് ഉചിതമായിരിക്കും.
അദ്ദേഹം മറന്നതായി നടിച്ചാലും ചരിത്രവസ്തുതകള്‍ക്കു മാറ്റമില്ലെന്ന് സ്റ്റീഫന്‍ ജോര്‍ജ് ഓര്‍മപ്പെടുത്തി.
അതേസമയം, ഒരാളെ ഉന്നംവച്ച് കടത്തിവിട്ട 'ഒതുക്കല്‍വൈറസ്,' ബൂമറാങ് ആയതിന്റെ കെടുതികളാണ് കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പന്തളം സുധാകരന്‍ പ്രതികരിച്ചു.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രതികരണം നടന്നുകൊണ്ടിരുന്ന അവസ്ഥയില്‍ നിന്നു വിഭിന്നമായി കോണ്‍ഗ്രസ്സിന്റെ മാനം കാക്കാന്‍ ഗ്രൂപ്പ് മറന്നു പ്രതികരിക്കാന്‍ കാണിച്ച മാറ്റം നേതൃത്വം ഉള്‍ക്കൊള്ളുമെന്നു കരുതാം, ഇല്ലെങ്കില്‍ വൈറസ് വരുത്തുന്ന നാശം പ്രവചനാതീതമാവും.
ഹൈക്കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എ കെ ആന്റണി മൗനം വെടിഞ്ഞ് ഇടപെടണം, അപകടകരമായ സാമൂഹിക ദ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണം. ഇത് കോണ്‍ഗ്രസ് വിശ്വാസികളുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it