മുന്നണി മാറിയാല്‍ ജെഡിയു പിളരുമെന്ന് സൂചന

തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച് ജനതാദള്‍-യു വീരേന്ദ്രകുമാര്‍ വിഭാഗത്തില്‍ ഭിന്നത രൂക്ഷമാവുന്നതായി സൂചന. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടിയുടെ സമ്പൂര്‍ണ സംസ്ഥാന കൗണ്‍സില്‍ യോഗം ഈ മാസം 12ന് തിരുവനന്തപുരത്ത് ചേരും. മുന്നണിമാറ്റം സംബന്ധിച്ച് ആറു ജില്ലാ കമ്മിറ്റികള്‍ അനുകൂലവും ആറു ജില്ലാ കമ്മിറ്റികള്‍ക്ക് എതിര്‍പ്പുമാണെന്നാണ് വിവരം. വയനാട്, എറണാകുളം ജില്ലാ കമ്മിറ്റികളില്‍ ഭിന്നതയുണ്ടെന്നും വിവരമുണ്ട്.
തൃശൂര്‍ ജില്ലാ പ്രസിഡന്റ് യുജില്‍ മൊറെലി, ഷേക്ക് പി ഹാരിസ്, വി കുഞ്ഞാലി എന്നിവരും എറണാകുളത്ത് ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ കോലഞ്ചേരിയും വീരേന്ദ്രകുമാറിനൊപ്പം നിലകൊള്ളുമെന്നാണ് വിവരം. അതേസമയം, വയനാട്ടില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗം പി പി വര്‍ക്കി, എറണാകുളത്തു നിന്നുള്ള സംസ്ഥാന സമിതിയംഗവും തൊഴിലാളി യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ മനോജ് ഗോപി, ഓഫിസ് ചാര്‍ജുള്ള ജനറല്‍ സെക്രട്ടറിയുമായ തമ്പി ചെള്ളാത്ത് എന്നിവര്‍ യുഡിഎഫ് വിടേണ്ടെന്ന നിലപാടുകാരാണത്രേ.
ചാരുപാറ രവി, മുന്‍ മന്ത്രി സുരേന്ദ്രന്‍പിള്ള എന്നിവര്‍ സംസ്ഥാന പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യക്കാരാണ്. വയനാട്, എറണാകുളം കമ്മിറ്റികളെ തങ്ങള്‍ക്കൊപ്പം പൂര്‍ണമായി നിര്‍ത്താന്‍ ഇരുവിഭാഗവും ശ്രമം തുടങ്ങി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ സമ്പൂര്‍ണ പരാജയത്തിനു കാരണം കോണ്‍ഗ്രസ്സാണെന്നു വാദിക്കുന്ന വിഭാഗമാണ് മുന്നണിമാറ്റ ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍, പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കോഴിക്കോട് പാര്‍ട്ടി ഘടകങ്ങളും ജനപ്രതിനിധികളും യുഡിഎഫ് വിടുന്നതിനു താല്‍പര്യപ്പെടുന്നില്ലത്രേ.
അതേസമയം, പാര്‍ട്ടി പിളര്‍പ്പൊഴിവാക്കാന്‍ എം പി വീരേന്ദ്രകുമാര്‍ തീവ്രശ്രമം നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it