മുന്നണികള്‍ നയം വ്യക്തമാക്കണം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘപരിവാരത്തിന്റെ ഉപകരണമാണെന്ന് മലേഗാവ് കേസിലൂടെ തെളിഞ്ഞ സാഹചര്യത്തില്‍, തിരഞ്ഞെടുപ്പു നേരിടുന്ന കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ നയം വ്യക്തമാക്കണമെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ ആവശ്യപ്പെട്ടു.
2008ല്‍ നടന്ന മലേഗാവ് സ്‌ഫോടനത്തിലെ കുറ്റപത്രത്തില്‍ നിന്ന് പ്രജ്ഞാസിങ് താക്കൂര്‍ ഉള്‍പ്പെടെ ആറുപേരെ എന്‍ഐഎ ഒഴിവാക്കിയിരിക്കുകയാണ്. യുഎപിഎ, എന്‍ഐഎ തുടങ്ങിയ അമിതാധികാര നിയമങ്ങളും ഏജന്‍സികളും രാഷ്ട്രീയ സംരക്ഷണത്തിനും പകപോക്കലിനും ഭരണകൂടം ദുരുപയോഗപ്പെടുത്തുമെന്ന ആശങ്ക ശരിയാണെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവയെ മതന്യൂനപക്ഷങ്ങള്‍ക്കും രാഷ്ട്രീയ പ്രതിയോഗികള്‍ക്കുമെതിരേ സമര്‍ഥമായി ഉപയോഗിച്ചുവരുകയാണ്. അതേസമയം, സംഘപരിവാരം ഉള്‍പ്പെട്ട കേസുകളിന്മേല്‍ യുഎപിഎ, മോക്ക നിയമങ്ങള്‍ ഒഴിവാക്കുകയും ഹിന്ദുത്വശക്തികള്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന ഏജന്‍സിയായി എന്‍ഐഎയെ അധപ്പതിപ്പിക്കുകയും ചെയ്തിരിക്കുന്നു.
കേരളത്തില്‍ പരസ്പരം മല്‍സരിക്കുന്ന ഇടതു-വലതു മുന്നണികളില്‍പ്പെട്ട കക്ഷികള്‍ യുഎപിഎയുടെയും എന്‍ഐഎയുടെയും കാര്യത്തില്‍ അനുകൂല നിലപാട് എടുത്തവരാണ്.
കേരളത്തില്‍ മുസ്‌ലിം യുവാക്കള്‍ ഉള്‍പ്പെട്ട നിസ്സാര കേസുകള്‍ പോലും എന്‍ഐഎക്ക് വിടാനും യുഎപിഎ ചുമത്താനും ഉമ്മന്‍ചാണ്ടി സര്‍ക്കാരും അച്യുതാനന്ദന്‍ സര്‍ക്കാരും മുന്നില്‍ തന്നെയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളുടെയും ജനാധിപത്യവാദികളുടെയും വോട്ടുതേടുന്ന എല്‍ഡിഎഫും യുഡിഎഫും തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യുഎപിഎ ഏര്‍പ്പെടുത്തുകയും കേസുകള്‍ എന്‍ഐഎക്ക് വിടുകയും ചെയ്യുമോ എന്ന് വ്യക്തമാക്കാന്‍ പറ്റിയ സന്ദര്‍ഭം ഇതാണെന്നും കെ എച്ച് നാസര്‍ ഓര്‍മപ്പെടുത്തി.
Next Story

RELATED STORIES

Share it