മുന്നണികള്‍ ഒപ്പത്തിനൊപ്പം; എന്‍ഡിഎയുടെ പ്രസക്തി ഏതാനും മണ്ഡലത്തിലൊതുങ്ങി: മുപ്പതോളം മണ്ഡലങ്ങള്‍ ഗതി നിര്‍ണയിക്കും

മുന്നണികള്‍ ഒപ്പത്തിനൊപ്പം; എന്‍ഡിഎയുടെ പ്രസക്തി ഏതാനും മണ്ഡലത്തിലൊതുങ്ങി: മുപ്പതോളം മണ്ഡലങ്ങള്‍ ഗതി നിര്‍ണയിക്കും
X
polling

പി സി അബ്ദുല്ല

കോഴിക്കോട്: പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് പ്രവചനാതീതം. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി അവസാന നിമിഷവും കണക്കു കൂട്ടലുകള്‍ക്കപ്പുറമാണ് കാര്യങ്ങള്‍. വിവാദങ്ങളും വിമര്‍ശനങ്ങളും വേണ്ടുവോളം അരങ്ങേറിയ രണ്ടു മാസം നീണ്ട പ്രചാരണം ഇന്നലെ കൊട്ടിക്കലാശിച്ചിട്ടും ഇരുമുന്നണികള്‍ക്കും വ്യക്തമായ മേല്‍ക്കോയ്മയില്ല. കേന്ദ്ര ഭരണത്തിന്റെ പിന്‍ബലത്തില്‍ ആളും അര്‍ഥവുമായി നിറഞ്ഞാടിയ ബിജെപി മുന്നണിയുടെ കാടിളക്കമാവട്ടെ ഒടുവില്‍ ചുരുക്കം മണ്ഡലങ്ങളില്‍ ഒതുങ്ങിയ അവസ്ഥ.
രാഷ്ട്രീയ കേന്ദ്രങ്ങളുടെ അന്തിമ വിശകലനം ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെന്നാണ്. ഉറച്ച മണ്ഡലങ്ങളുടെ കാര്യത്തില്‍ രണ്ടോ മൂന്നോ സീറ്റുകളുടെ നേരിയ വ്യത്യാസം മാത്രമാണ് എല്‍ഡിഎഫിനും യുഡിഎഫിനുമിടയില്‍ വിലയിരുത്തപ്പെടുന്നത്.
മലബാറിലെയും തെക്കന്‍ ജില്ലകളിലെയും നിര്‍ണായക മല്‍സരം നടക്കുന്ന മുപ്പതോളം മണ്ഡലങ്ങള്‍ നൂല്‍പ്പാലത്തിലാണ്. ഇവിടങ്ങളിലെ വിധിയെഴുത്താവും കേരളം ആരു ഭരിക്കണമെന്ന തരത്തില്‍ മുന്നണികളുടെ ഗതി നിര്‍ണയിക്കുക. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ നിലവില്‍ ഇടതു മുന്നണിക്കാണ് സീറ്റുകള്‍ കൂടുതല്‍. ഈ ജില്ലകളിലായി 21 സീറ്റ് എല്‍ഡിഎഫിനും 13 എണ്ണം യുഡിഎഫിനുമാണ്. ഇരുമുന്നണികളുടെയും കൈവശമുള്ള ഈ മൂന്ന് ജില്ലകളിലെ ബിഡിജെഎസ്-ബിജെപി മുന്നണിയുടെ സാന്നിധ്യമുള്ള 13 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടക്കുന്നത്. ഈ മണ്ഡലങ്ങള്‍ ആരെ തുണയ്ക്കുമെന്നത് ഭരണത്തുടര്‍ച്ചയിലും ഭരണമാറ്റത്തിലും പ്രധാന ഘടകമാണ്.
ഈഴവ, നായര്‍ സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ജില്ലകളാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവ. വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണവും ബിജെപി ബാന്ധവവും യുഡിഎഫിനെയും എല്‍ഡിഎഫിനെയും എങ്ങനെ ബാധിക്കുന്നതെന്നതാവും ഈ ജില്ലകളിലെ തിരഞ്ഞെടുപ്പു ഫലത്തില്‍ ശ്രദ്ധേയമാവുക.
സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പരമ്പരാഗത ഈഴവ വോട്ടുകള്‍ കുറേ നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ തന്നെ നായര്‍ സമുദായ വോട്ടുകള്‍ ബിഡിജെഎസ്-ബിജെപി മുന്നണിക്കെതിരേ കേന്ദ്രീകരിക്കപ്പെടുമെന്ന ആശ്വാസം ഇരുമുന്നണികള്‍ക്കുമുണ്ട്. മധ്യകേരളത്തില്‍ യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്നാണ് പൊതു വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളാണ് മധ്യകേരളത്തില്‍ യുഡിഎഫിന്റെ പ്രതീക്ഷയെങ്കില്‍ അതേ വോട്ട്ബാങ്കില്‍ തന്നെയാണ് ഇടതു മുന്നണിയും പ്രതീക്ഷ പുലര്‍ത്തുന്നത്. തൃശൂര്‍, എറണാകുളം ജില്ലകളിലായി നിലവില്‍ 27ല്‍ 17ഉം യുഡിഎഫിനു കൈവശമാണ്. ഇതില്‍ 11 മണ്ഡലങ്ങളില്‍ ഇത്തവണ പോരാട്ടം ഇഞ്ചോടിഞ്ചാണ്. ഇവിടങ്ങളില്‍ സംഭവിച്ചേക്കാവുന്ന അട്ടിമറികളും അടിയൊഴുക്കുകളും സംസ്ഥാന തലത്തില്‍ തന്നെ മുന്നണികളുടെ ബലാബലത്തില്‍ മാറ്റം വരുത്തും. മധ്യകേരളത്തിലെ ക്രിസ്ത്യന്‍ മേഖലകളില്‍ പൊതുവെ യുഡിഎഫിന്റെ തട്ടകമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തേണ്ടത് യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് അനിവാര്യമാണ്. എന്നാല്‍, കേരളാ കോണ്‍ഗ്രസ്സിലെ പിളര്‍പ്പും ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവും ഇടതു മുന്നണിക്ക് പ്രതീക്ഷയേകുന്നു.
സംസ്ഥാനം ആര് ഭരിക്കണമെന്നു തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ മലബാറിലെ ആറ് ജില്ലകളില്‍ ഇത്തവണ ഇരുമുന്നണികള്‍ക്കും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ ഏറെ.
പാലക്കാട്ട് നിലവിലുള്ള ഏഴ് സീറ്റുകള്‍ ഒമ്പതോ പത്തോ ആയി വര്‍ധിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. മലപ്പുറത്ത് നിലവില്‍ 14 സീറ്റ് യുഡിഎഫിനും രണ്ട് സീറ്റ് എല്‍ഡിഎഫിനുമാണ്. ഇവിടെ ആറ് മണ്ഡലങ്ങളില്‍ ഇത്തവണ കനത്ത പോരാട്ടം രൂപപ്പെട്ടത് എല്‍ഡിഎഫിനു പ്രതീക്ഷ നല്‍കുന്നു. എല്‍ഡിഎഫിന്റെ തട്ടകമായ കോഴിക്കോട്ട് ഇത്തവണ കാര്യങ്ങള്‍ അത്ര അനായാസമാ—വില്ല. ഇടതുമുന്നണിക്ക് ജില്ലയില്‍ നിലവിലുള്ള 10 സീറ്റുകളില്‍ നാലിടത്ത് പ്രതീക്ഷിക്കാത്ത തരത്തിലുള്ള മല്‍സരമാണ് അവസാന നിമിഷം രൂപപ്പെട്ടത്. തിരുവമ്പാടി യുഡിഎഫില്‍ നിന്നു പിടിച്ചടക്കാമെന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോള്‍ വടകര, കുറ്റിയാടി, പേരാമ്പ്ര, കുന്ദമംഗലം സീറ്റുകള്‍ നിലനിര്‍ത്താനാവുമോ എന്ന ആശങ്ക എല്‍ഡിഎഫിനുണ്ട്.
കണ്ണൂരില്‍ എല്‍ഡിഎഫിനാണു മുന്നേറ്റം. ആകെയുള്ള 11ല്‍ ആറിടത്ത് ഇപ്പോള്‍ എല്‍ഡിഎഫാണ്. ഇവ നിലനിര്‍ത്താനാവുമെന്നതിനു പുറമെ അഴീക്കോടും കൂത്തുപറമ്പും പിടിച്ചടക്കാനാവുമെന്ന പ്രതീക്ഷയും എല്‍ഡിഎഫിനുണ്ട്. വയനാട്ടില്‍ നിലവില്‍ ആകെയുള്ള മൂന്ന് സീറ്റുകളും യുഡിഎഫിനു കൈവശമാണ്. ഇതില്‍ കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് അട്ടിമറിവിജയം പ്രതീക്ഷിക്കുന്നു.
കണ്ണൂരില്‍ രണ്ട് സീറ്റ് നഷ്ടപ്പെട്ടേക്കാമെന്ന് സ്വകാര്യമായി സമ്മതിക്കുന്ന യുഡിഎഫ് കാസര്‍കോട്ട് രണ്ട് സീറ്റ് അധികം നേടുമെന്ന പ്രതീക്ഷയിലാണ്. ഉദുമയിലും തൃക്കരിപ്പൂരിലുമാണ് കടുത്ത മല്‍സരം.
ശക്തമായ മൂന്നാം ബദലായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ബിജെപി മുന്നണി ഈ തിരഞ്ഞെടുപ്പിലും കേരളത്തില്‍ അട്ടിമറി സൃഷ്ടിക്കില്ലെന്നു തന്നെയാണ് അവസാന നാളുകളിലെ പൊതു വിലയിരുത്തല്‍. പ്രധാനമന്ത്രിയും ഒട്ടേറെ കേന്ദ്രമന്ത്രിമാരും അമിത് ഷാ അടക്കമുള്ളവരും നിരവധി തവണ പ്രചാരണത്തിനെത്തി വാര്‍ത്ത സൃഷ്ടിച്ചെങ്കിലും ബിജെപി മുന്നണിയുടെ പ്രസക്തി ഏതാനും മണ്ഡലങ്ങളിലൊതുങ്ങിയതായാണ് അവസാന കാഴ്ച.
Next Story

RELATED STORIES

Share it