palakkad local

മുനിസിപ്പല്‍ ബസ് സ്റ്റാന്റ്: കോടതി തീരുമാനം ഇന്ന്

പാലക്കാട്: മുനിസിപ്പല്‍ സ്റ്റാ ന്റില്‍ നിന്ന് സര്‍വീസ് നടത്തുന്നതിനെ ചൊല്ലി പാലക്കാട് നഗരസഭയും ബസ് ഉടമകളും ഉടലെടുത്ത തര്‍ക്കത്തിന് ഇന്നു തീരുമാനമാവും. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സുടമകള്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജി ഇന്ന് തീര്‍പ്പാകും. ഹൈക്കോടതി നിയോഗിച്ച ഏകാംഗ കമീഷന്‍ കഴിഞ്ഞ ദിവസം സ്റ്റാന്റ് പരിശോധിച്ചിരുന്നു. കമീഷന്‍ നല്‍കുന്ന റിപോര്‍ട്ട് കണക്കിലെടുത്താവും കോടതി ഉത്തരവ് പുറപ്പെടുവിക്കുക. വിധി അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് നഗരസഭയും ബസ്സുടമസ്ഥ സംഘവും.
മുനിസിപ്പല്‍ സ്റ്റാന്റില്‍ ബസ്സുകള്‍ കയറാത്തത് കാരണം മേഖലയിലെ വ്യാപാരസ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്. യാത്രക്കാരും ബുദ്ധിമുട്ടിലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കമ്മീഷനംഗത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ അധികാരികള്‍ പറയുന്നു. ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ അപകടാവസ്ഥയും അസൗകര്യവും കമീഷനെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് ബസ്സുടമകളുടെ വാദം.
അറ്റകുറ്റപ്പണിക്കിടെ സ്റ്റാന്റിന് സമീപത്തെ ഹോട്ടല്‍ കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് ആഗസ്ത് മൂന്നിനാണ് സുരക്ഷകണക്കിലെടുത്ത് സ്റ്റാന്റ് അടച്ചിട്ടത്. സ്റ്റാന്റില്‍ നിന്ന് സര്‍വിസ് നടത്തിയ ശ്രീകൃഷണ്പുരം, കടമ്പഴിപ്പുറം, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, കോങ്ങാട് ഭാഗത്തേക്കുള്ള 175ഓളം സ്വകാര്യ ബസ്സുകള്‍ സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു. ഇതോടെ യാത്രക്കാരാരും വരാതായതോടെ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം കുറഞ്ഞു.
പലപ്പോഴായി നഗരസഭയും ബസ്സുടമകളും നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എം ബി രാജേഷ് എംപിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഒക്ടോബര്‍ 2മുതല്‍ സ്റ്റാന്റില്‍നിന്ന് സര്‍വിസ് തുടങ്ങാമെന്ന് ബസ്സുടമകള്‍ സമ്മതിച്ചെങ്കിലും ഇതിനിടെ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകളുടെ ഉടമസ്ഥര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it