palakkad local

മുനിസിപ്പല്‍ ബസ്സ്റ്റാന്റിലെ ചുറ്റുമതില്‍ പൊളിക്കല്‍ : ബിജെപിയില്‍ ഭിന്നത രൂക്ഷം



പാലക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ ചുറ്റുമതില്‍ പൊളിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് നഗരസഭാ യോഗത്തില്‍ ബിജെപിയില്‍ കടുത്ത ഭിന്നിപ്പ്. വിഷയത്തില്‍ നടന്ന പണമിടപാടിലെ വീതംവെക്കല്‍ സംബന്ധിച്ചുള്ള തര്‍ക്കമാണത്രെ അഭിപ്രായ വ്യത്യാസത്തിലെത്തിയത്. ലക്ഷങ്ങളുടെ അഴിമതി നടന്നെന്ന ആരോപണവുമായി ഒരുവിഭാഗം ഭരണപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് മതില്‍പൊളിക്കല്‍ വിഷയത്തിലെ പണമിടപാടുകള്‍ പുറത്തായത്.  മതില്‍പൊളിച്ച് സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സിന് ബസ് സ്റ്റാന്‍ഡിലേക്ക് വഴി തുറന്നുകൊടുത്തതിനു പിന്നില്‍ പത്തുലക്ഷം രൂപയുടെ അഴിമതി നടന്നതായാണ് പരാതി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതോടെ ഭരണപക്ഷത്തെ പിളര്‍പ്പ് കൗണ്‍സില്‍ യോഗത്തില്‍ പ്രകടമായി. കഴിഞ്ഞ ഏപ്രില്‍ 24നു രാത്രി ബസ് സ്റ്റാന്‍ഡിന്റെ ചുറ്റുമതില്‍ പൊളിച്ച സംഭവം ഉന്നയിച്ച് ബിജെപി അംഗം പി സ്മിതേഷാണ് രംഗത്തെത്തിയത്. മതിലിന്റെ മറവില്‍ മലമൂത്ര വിസര്‍ജനം നടക്കുന്നതായുള്ള പരാതിയുടെ പേരിലായിരുന്നു നടപടി. പരാതി പരിശോധിച്ച എന്‍ജിനീയറിങ് വിഭാഗം പ്രശ്‌നം ആരോഗ്യവിഭാഗത്തിന് നിയന്ത്രിക്കാന്‍ കഴിയുമെന്ന ശിപാര്‍ശയാണ് നല്‍കിയത്. പരിശോധന നടത്തിയ ആരോഗ്യവിഭാഗവും ബസ് പാര്‍ക്കു ചെയ്യുന്ന രീതിയില്‍ മാറ്റംവരുത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്—നമാണെന്ന് വ്യക്തമാക്കി. അസി. എന്‍ജിനീയറും ഹെല്‍ത്ത് ഇന്‍സ്—പെക്ടറും നല്‍കിയ ശിപാര്‍ശകള്‍ അവഗണിച്ച് മതില്‍ പൊളിക്കാന്‍ മാര്‍ച്ച് 27ന് ചെയര്‍പേഴ്—സണ്‍ മുന്‍കൂര്‍ അനുമതി നല്‍കി. മാര്‍ച്ച് 29 ന് കൗണ്‍സിലും ഇത് അംഗീകരിച്ചതായാണ് രേഖ. അതേസമയം ബഹുനില കെട്ടിടത്തിന് വഴി സ്ഥാപിക്കാനോ വാഹനഗതാഗതത്തിനോ അനുവദിച്ചിട്ടില്ല. ഇതു മറികടന്ന് പടികെട്ടുകളും തൂണുകളും സ്ഥാപിച്ചതായി ഭരണപക്ഷാംഗങ്ങള്‍ ആരോപിച്ചു.  മതില്‍പൊളിച്ചതോടെ കെട്ടിടം ബസ് സ്റ്റാന്‍ഡിന് അഭിമുഖമായി. ഇതിനു പിന്നില്‍ പത്തുലക്ഷത്തിന്റെ അഴിമതി ആരോപിച്ച് ഭരണപക്ഷാംഗങ്ങളായ എസ് ആര്‍  ബാലസുബ്രഹ്മണ്യനും പി സാബുവും രംഗത്തെത്തി. അതിനാല്‍ തീരുമാനം റദ്ദാക്കണമെന്നും മതില്‍ പുനസ്ഥാപിക്കണമെന്നും ദുരൂഹത അന്വേഷിക്കണമെന്നും എന്‍ ശിവരാജന്‍ അവശ്യപ്പെട്ടു.എന്നാല്‍ അധ്യക്ഷസ്ഥാനം വഹിച്ച വൈസ് ചെയര്‍മാന്‍ സി  കൃഷ്ണകുമാര്‍ ഇതിനോട് യോജിച്ചില്ല. ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്—റ്റേഷന്‍ ടെന്‍ഡര്‍ തുക കുറഞ്ഞതിനാലും ബസ് ഉടമകള്‍ ആവശ്യപ്പെട്ടതിനാലുമാണ് മതില്‍പൊളിച്ചതെന്ന വാദം ഉയര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. മതിലിനു പകരം ഗ്രില്ല് സ്ഥാപിക്കാനാണ് തീരുമാനമെന്നും അതു ചെയ്തിട്ടില്ലെങ്കില്‍ നടപടി സ്വീകരിക്കാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.ഭരണപക്ഷത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ ഭവദാസ് രംഗത്തെത്തിയതോടെ തര്‍ക്കം രൂക്ഷമായി. കൗണ്‍സിലില്‍ തീരുമാനിക്കുമ്പോള്‍ വിയോജിപ്പ് കിട്ടിയില്ലെന്ന വാദവും കൃഷ്‌കുമാര്‍ ഉന്നയിച്ചു. അന്നുതന്നെ വിയോജന കുറിപ്പ് നല്‍കിയതായി സ്മിതേഷ് അറിയിച്ചു. അതോടെ അസി. എക്—സി. എന്‍ജിനീയര്‍ നേരിട്ടുപോയി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യട്ടെ എന്നായി അധ്യക്ഷന്‍. ഇതോടെ തീരുമാനം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍  ശിവരാജന്‍ ഉപക്ഷേപം ഉന്നയിച്ചു. എല്‍ഡിഎഫ് ഇതിനു പിന്തുണയും പ്രഖ്യാപിച്ചു. നിയമോപദേശം തേടണമെന്ന് കെ  ഭവദാസ് അറിയിച്ചു. അതോടെ എല്‍ഡിഎഫ് സഭ സ്തംഭിപ്പിക്കാന്‍ തയ്യാറായി. തീരുമാനമെടുത്ത് മൂന്നുമാസം തികയാത്തതിനാല്‍ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നുവേണം റദ്ദാക്കാനെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് റദ്ദാക്കുന്നത് പരിശോധിക്കാമെന്നും ഉത്തരവിന് വിരുദ്ധമായി ചെയ്തതിന് അടിയന്തിര നടപടിയെടുക്കാമെന്നും തീരുമാനമായി.
Next Story

RELATED STORIES

Share it