Flash News

മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് : പശ്ചിമ ബംഗാളില്‍ വീണ്ടും കോണ്‍ഗ്രസ് -സിപിഎം സഖ്യം



ന്യൂഡല്‍ഹി: കഴിഞ്ഞ പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് സിപിഎം സഖ്യം ആസന്നമായ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും കൈകോര്‍ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേതു പോലെ ഔദ്യോഗിക സഖ്യമായിട്ടാവില്ല ഇരുകക്ഷികളും തിരഞ്ഞെടുപ്പിനെ നേരിടുക. മറിച്ച് പരസ്പരം സീറ്റ് പങ്കിടല്‍ മാത്രമാണു ചെയ്യുകയെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. അതേസമയം, തൃണമൂലിനും ബിജെപിക്കുമെതിരായ ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യം എന്നാണ് ഇതിനെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. ഉത്തര ഡിഞ്ചാപൂര്‍ ജില്ലയിലെ റായ്ഗഞ്ച്, മുര്‍ഷിദാബാദിലെ ദുംകല്‍, ദക്ഷിണ 24 പര്‍ഗാനയിലെ പുജാലി മുനിസിപ്പിലാറ്റികളില്‍ പരസ്യമായ ധാരണയോടെയാണ് ഇരുകക്ഷികളും തിരഞ്ഞെടുപ്പിനെ നേരിടുക. അടുത്തയാഴ്ചയാണ് വോട്ടെടുപ്പ്. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം, കോണ്‍ഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തി ആകെയുള്ള 294 സീറ്റുകളില്‍ 211 സീറ്റുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് 44 സീറ്റുകളോടെ നില മെച്ചപ്പെടുത്തിയെങ്കിലും 34 വര്‍ഷം തുടര്‍ച്ചയായി പശ്ചിമബംഗാള്‍  ഭരിച്ച സിപിഎമ്മിന് 25 സീറ്റുകള്‍ മാത്രമെ നേടാനായുള്ളൂ. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്‍കൈയെടുത്തു പരീക്ഷിച്ച കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ശക്തമായ ചേരിപ്പോര് രൂപപ്പെട്ടിരുന്നു.കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കള്‍ ബംഗാള്‍ ഘടകത്തിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ്സുമായുള്ള സഖ്യപരീക്ഷണം തുടരണമെന്നുള്ള ആവശ്യം കേന്ദ്രനേതൃത്വം തള്ളിയിരുന്നു. ഇതിനിടെയാണ്് ചില മുനിസിപ്പാലിറ്റികളില്‍ പരസ്യമായും മറ്റിടത്ത് രഹസ്യമായും ബംഗാള്‍ ഘടകം കോണ്‍ഗ്രസ്സുമായി നീക്കുപോക്ക് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തൊരിടത്തും കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്നും ചിലയിടങ്ങളില്‍ പ്രാദേശികമായി തൃണമൂലിന്റെ ദുര്‍ഭരണത്തിനും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരേ സീറ്റുധാരണ മാത്രമാണുള്ളതെന്നും സിപിഎം നേതാവ് മുഹമ്മദ് സലിം പറഞ്ഞു. ചില സ്ഥലങ്ങളിലെ സീറ്റുധാരണ ബംഗാള്‍ കോണ്‍ഗ്രസ് ഘടകം അധ്യക്ഷന്‍ ഒ പി മിശ്രയും സമ്മതിച്ചു.
Next Story

RELATED STORIES

Share it