Flash News

മുനിസിപ്പല്‍ ജീവനക്കാരുടെ സമരം; ഡല്‍ഹി ചീഞ്ഞു നാറുന്നു

മുനിസിപ്പല്‍ ജീവനക്കാരുടെ സമരം; ഡല്‍ഹി ചീഞ്ഞു നാറുന്നു
X
DELHIന്യൂഡല്‍ഹി : ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മുനിസിപ്പല്‍ ജീവനക്കാര്‍ നടത്തുന്ന സമരം നാലാം ദിവസത്തേക്ക് കടന്നതോടെ നഗരം ചീഞ്ഞു നാറിത്തുടങ്ങി. റോഡുകളില്‍ പലയിടത്തും മാലിന്യം പരന്നിരിക്കുകയാണെന്നും ഏതാനും ആശുപത്രികള്‍ അടച്ചു പൂട്ടിയതായും റിപോര്‍ട്ടുകളുണ്ട്.
സംസ്ഥാന സര്‍ക്കാരും ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷനുകളും തമ്മില്‍ നിലനില്‍ക്കുന്ന ശമ്പളവിതരണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സമരത്തിലേക്ക് നയിച്ചത്.

130,000ത്തിലേറെ വരുന്ന ജീവനക്കാരാണ് മൂന്നുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമരത്തിലുള്ളത്. പണിമുടക്കിനെത്തുടര്‍ന്ന് നഗരത്തിലെ ശുചീകരണസംവിധാനങ്ങള്‍ നിലച്ചതോടെ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ പോകുമെന്നാണ് ആശങ്ക.

നഗരമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിച്ചിട്ടുണ്ട്. പിഡബ്ല്യൂ ഡിയുടെ പ്രത്യേക കര്‍മസേനയെ ഇതിനായി നിയോഗിച്ചിട്ടുണ്ടെങ്കിലും മാലിന്യനീക്കം വലിയതോതില്‍ നടത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. മുനിസിപ്പല്‍ അധികൃതരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുത്തരവാദി ആം ആദ്മി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപിയുടെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും നേതാക്കളും ആരോപിക്കുന്നു.

അതേസമയം, ഫണ്ടുകള്‍ യഥാസമയം കൈമാറിയിട്ടുണ്ടെന്നും മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ അഴിമതിയാണ് ശമ്പളം മുടങ്ങുന്നതിലേക്ക് നയിച്ചതെന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാളെ അവധികഴിഞ്ഞ് സ്ഥാപനങ്ങള്‍ തുറക്കുന്നതോടെ നഗരത്തിലെ മാലിന്യപ്രശ്‌നം കൂടുതല്‍ വഷളാവുമെന്നാണ് സൂചന.

അതിനിടെ അടുത്ത ദിവസങ്ങളില്‍ നഗരത്തില്‍ മഴപെയ്‌തേക്കുമെന്ന കാലാവസ്ഥാ പ്രവചനങ്ങളും നഗരവാസികളെ ആശങ്കപ്പെടുത്തുന്നു. മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയ നഗരത്തിലെ സ്ഥിതി മഴപെയ്യുന്നതോടെ കൂടുതല്‍ പരിതാപകരമാകുമെന്ന് അവര്‍ ഭയക്കുന്നു.
Next Story

RELATED STORIES

Share it