Idukki local

മുനിസിപ്പല്‍ കൗണ്‍സിലിനെ അറിയിക്കാത്ത എന്‍ജിനീയര്‍ നിയമനം റദ്ദാക്കി



തൊടുപുഴ: അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ് എന്‍ജീനിയര്‍ തസ്തികയില്‍ അഭിമുഖം നടത്തിയ ലിസ്റ്റ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്നു റദാക്കി. ചെയര്‍പേഴ്‌സന്റെ നടപടിയെ രൂക്ഷമായ വിമര്‍ശനം കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍  മാത്രമാണ് മുന്‍കൂര്‍ അനുമതി നല്‍കാന്‍ ചെയര്‍പേഴ്‌സണ് സാധിക്കുകയുള്ളൂവെന്നും മുനിസിപ്പല്‍ നിയമവും ചട്ടവും അനുസരിച്ചാണെങ്കില്‍ പോലും ഇത്തരം ഒരു നടപടിയെടുക്കുമ്പോള്‍ കൗണ്‍സില്‍ യോഗങ്ങളില്‍ അവതരിപ്പിച്ച് അനുമതി തേടണമെന്നും സിപിഎമ്മിലെ ആര്‍ ഹരി വ്യക്തമാക്കി. അഭിമുഖം നടത്തിയിട്ട് എട്ട് കൗണ്‍സില്‍ യോഗങ്ങള്‍ കഴിഞ്ഞിട്ടും ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലില്‍ ഇത് അവതരിപ്പിക്കാത്തത് ജനാധിപത്യപരല്ലെന്നും കൗണ്‍സിലിനെ  അപമാനിക്കുന്നതിന് തുല്യമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും ഇദ്ദേഹം ആരോപിച്ചു. ഇതോടെ ഇപ്പോഴുള്ള നിയമനം റദാക്കി, വീണ്ടും ഇന്റര്‍വ്യൂ നടത്തി നിമയമന നടത്താന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.  എഗ്രിമെന്റ് പ്രകാരം വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്ത കോണ്‍ട്രാക്ടര്‍മാരെ പുറത്താക്കാനുള്ള തീരുമാനം മാറ്റാന്‍ സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിച്ച്  റീ ടെന്‍ഡര്‍ നല്‍കാനും തീരുമാനമായി. 26ാം വാര്‍ഡിലെ തലമറ്റം 110ാം നമ്പര്‍ അങ്കണവാടിക്ക് മുന്‍ ചെയര്‍മാനായ ടി ജെ ജോസഫ് സ്മാരക കെട്ടിടം എന്ന് നാമകരണം ചെയ്യാനും തീരുമാനമായി.  കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം റോഡിനു കുറുകെ വന്‍ മരം മറിഞ്ഞു വീണ സംഭവം ചൂടേറിയ ചര്‍ച്ചയ്ക്ക് ഇടയായി. മരം അപകടകരമായ അവസ്ഥയിലാണെന്ന് പരാതി നല്‍കിയിട്ടും വെട്ടിമാറ്റാന്‍ നടപടിയെടുത്തില്ലെന്ന് വാര്‍ഡു കൗണ്‍സിലര്‍ രേണുക രാജശേഖരന്‍ കുറ്റപ്പെടുത്തി. നഗരസഭാ പരിധിയിലുള്ള ഓട്ടോറിക്ഷാ സ്റ്റാന്റുകളുടെ പാര്‍ക്കിങുമായി ബന്ധപ്പെട്ട് വന്ന ഹൈക്കോടതി വിധിയില്‍ നിയമ ഉപദേശം തേടുകയും  പുനപ്പരിശോധന ഹരജി നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. നഗരത്തിലെ പല സ്റ്റാന്റുകളും സ്ഥിതി ചെയ്യുന്നത് ചട്ട വിരുദ്ധമായിട്ടാണെന്നും നിയമം തെറ്റിച്ചാണ് സ്റ്റാന്റുകള്‍ സ്ഥിതി ചെയ്യുന്നതെന്നും ഇത്തരം സ്റ്റാന്റുകളെ ഒഴിവാക്കാണമെന്നുമുള്ള  ഹൈക്കോടതി ഉത്തരവ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം പരിഗണനക്ക് എടുക്കുകയായിരുന്നു. 51ഓളം സ്റ്റാന്റുകളാണ് നഗരസഭയില്‍ സ്ഥിതി ചെയ്യുന്നത്. ഇതില്‍ എട്ടെണ്ണം മാത്രമാണ് നിയമനാസൃതമായിയുള്ളൂ. ഓട്ടോറിക്ഷാ തൊഴിലാളികളെ സാരമായി ബാധിക്കുന്ന പ്രശ്‌നമായതുകൊണ്ട്  ഇതു സംബന്ധിച്ച് നിയമോപദേശം തേടുകയും പുനപ്പരിശോധന ഹരജി നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it