thrissur local

മുനിയാട്ടുകുന്നിലെ മുനിയറകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

പുതുക്കാട്: മഹാശിലായുഗത്തിന്റെ ശേഷിപ്പുകളായ മുനിയാട്ടുകുന്നിലെ മുനിയറകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സംരക്ഷിത പ്രദേശമായ മുനിയാട്ടുകുന്നില്‍ സംസ്ഥാന പുരാവസ്തുവകുപ്പ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
കരിങ്കല്‍ ക്വാറി മാഫിയകളുടെ കയ്യേറ്റത്തില്‍ നശിച്ച മുനിയാട്ടുകുന്നിലെ അവശേഷിക്കുന്ന മുനിയറകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് പുരാവസ്തുവകുപ്പ് ആരംഭിച്ചത്.ഇതിന്റെ ഭാഗമായി മുനിയാട്ടുകുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. മുനിയറകള്‍ സര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമാണെന്നും സ്മാരകങ്ങള്‍ കേടുവരുത്തുകയോ വിരൂപമാക്കുകയോ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നുമാണ് അറിയിപ്പ്.
ഇതനുസരിച്ച് പ്രാചീന സ്മാരക പുരാവസ്തു സങ്കേത, പുരാവശിഷ്ട നിയമം മുപ്പതാം വകുപ്പു പ്രകാരം മൂന്നുമാസം കഠിന തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അറിയിപ്പാണ് മുനിയാട്ടുകുന്നില്‍ സ്ഥാപിച്ചത്. ക്വാറി പ്രവര്‍ത്തനങ്ങള്‍മൂലം നാശത്തിന്റെ വക്കിലായ മുനിയാട്ടുകുന്നിലെ മുനിയറകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുനിയാട്ടുകുന്ന് സംരക്ഷണ സമിതി പുരാവസ്തു വകുപ്പിന് നിവേദനം നല്‍കിയിരുന്നു.
രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള മുനിയറകളെ കുറിച്ച് പഠനം നടത്തുമെന്നും മുനിയറകള്‍ പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും പുരാവസ്തു വകുപ്പ് ക്യൂറേറ്റര്‍ ശ്രീനാഥ് പറഞ്ഞു.
12 അടി നീളമുള്ള കരിങ്കല്‍ പാളികൊണ്ട് നിര്‍മ്മിച്ച മുനിയറകളില്‍ പൗരാണിക കാലത്ത് മുനിമാര്‍ താമസിച്ചിരുന്നുവെന്നാണ് കരുതുന്നത്. ഇപ്പോള്‍ കണ്ടെത്തിയവ കൂടാതെ മുനിയാട്ടുകുന്നില്‍ കൂടുതല്‍ മുനിയറകള്‍ മറഞ്ഞിരിപ്പുണ്ടെന്നാണ് പരിഷത്ത് പ്രവര്‍ത്തകര്‍ പറയുന്നത്.
മുനിയാട്ടുകുന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകരായ വര്‍ഗീസ് ആന്റണി, എന്‍ കെ ഭാസ്‌കരന്‍, എ എം കൃഷ്ണന്‍, വി എ ലിന്റോ, കെ കെ അനീഷ് കുമാര്‍ എന്നിവര്‍ വകുപ്പ് അധികൃതരോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it