മുദ്രാവാക്യം വിളി രാജ്യദ്രോഹമല്ല: മിഹിര്‍ ദേശായ്

മുംബൈ: സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റമാവില്ലെന്ന് പ്രമുഖ അഭിഭാഷകന്‍ മിഹിര്‍ ദേശായ്. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സുപ്രിംകോടതിയുടെ കഴിഞ്ഞകാലങ്ങളിലെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മുദ്രാവാക്യം വിളിയുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ല. കനയ്യ സംഭവം പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്മൃതി ഇറാനി, അമിത്ഷാ എന്നിവര്‍ക്ക് സംഭവിച്ച മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വരതയുടെയും സ്വാതന്ത്ര്യത്തിന്റെയും ആഘോഷം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയും ലോകമാന്യതിലകനും എല്ലാം ബ്രിട്ടിഷ് ഇന്ത്യയില്‍ ഈ നിയമപ്രകാരം അറസ്റ്റിലായിട്ടുണ്ട്. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ സര്‍ക്കാരിനെതിരേ ശബ്ദിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താം. എന്നാല്‍, നിയമം ഇപ്പോള്‍ മാറിയിട്ടുണ്ട്. സര്‍ക്കാരിനെതിരേ അക്രമം സൃഷ്ടിക്കാന്‍ പര്യാപ്തമാവുംവിധം പ്രചാരണം നടത്തിയാല്‍ അയാള്‍ക്കെതിരേ രാജ്യദ്രോഹത്തിന് കുറ്റം ചുമത്താമെന്നാണ് കേദാര്‍നാഥ് കേസില്‍ 1962ല്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്.കനയ്യ മുദ്രാവാക്യം വിളിച്ചോ എന്നതല്ല പ്രശ്‌നം. മുദ്രാവാക്യം വിളി അക്രമത്തിനു കാരണമായോ എന്നതാണ് പ്രശ്‌നം. അക്രമത്തിന് കാരണമായില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ല- മിഹിര്‍ ദേശായി പറഞ്ഞു.
Next Story

RELATED STORIES

Share it