Gulf

മുദ്രാവാക്യം വിളിച്ചും ബഹളം വച്ചും മോദി ഭക്തര്‍

ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിന് വേണ്ടി ഒരുക്കിയ വേദിയില്‍ ഒരു വിഭാഗത്തിന്റെ മുദ്രാവാക്യം വിളിയും കൂവലും ബഹളവും അലോസരം സൃഷ്ടിച്ചു. ദോഹ ഷെറാട്ടണ്‍ ഹോട്ടലിലെ ദഫ്‌ന ബാള്‍ റൂമില്‍ വൈകുന്നേരം 4.30നായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിരുന്നത്. 3.30 മുതല്‍ ഹാളിലേക്ക് പ്രവേശനം ആരംഭിച്ചിരുന്നു. അപ്പോള്‍ മുതല്‍ തന്നെ ഒരു വിഭാഗം സദസ്സിന്റെ മുന്നില്‍ കൂടി നിന്ന് മുദ്രാവാക്യം വിളിയും കൂവലും ആരംഭിച്ചു.
ഗുജറാത്തികളും ഉത്തരേന്ത്യക്കാരുമായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഹര ഹര മോദി, ഹം മോദീ കീ സാഥ് ഹേ.. തുടങ്ങി മോദി സ്തുതികളായിരുന്നു മുദ്രാവാക്യങ്ങളില്‍ മുഴുവന്‍. മുന്‍കൂട്ടി തയ്യാറായി വന്ന സംഘപരിവാര പ്രവര്‍ത്തകരായിരുന്നു മുദ്രാവാക്യം വിളികള്‍ക്കു പിന്നില്‍. മുദ്രാവാക്യം വിളികള്‍ക്കു പുറമേ ഇടയ്ക്കിടെ ഉയര്‍ന്ന കൂവല്‍ കേട്ടു നിന്നവരില്‍ അസ്വാരസ്യം സൃഷ്ടിച്ചു. ഖത്തറിലെ ബിസിനസ് രംഗത്തെ പ്രമുഖരും സാമൂഹിക, സാംസ്‌കാരിക സംഘടനാ നേതാക്കളുമൊക്കെ സദസ്സിലുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടയിലും പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും ഇവര്‍ ബഹളം തുടര്‍ന്നു.
4.45നാണ് മോദിയുടെ പ്രഭാഷണം ആരംഭിച്ചത്. അതിന് മുമ്പ് ഇന്ത്യയുടെയും ഖത്തറിന്റെയും ദേശീയ ഗാനങ്ങള്‍ വേദിയില്‍ മുഴങ്ങി. ദേശീയ ഗാന സമയത്ത് ബഹളമുണ്ടാക്കരുതെന്ന് രണ്ടു മൂന്ന് തവണ മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് വന്നു. സൗദി അറേബ്യയിലെ മോദിയുടെ സന്ദര്‍ശന സമയത്ത് സൗദി ദേശീയ ഗാനാലാപന വേളയില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ ബഹളം വച്ചത് വിവാദമായിരുന്നു.
25 മിനിറ്റോളം മോദിയുടെ പ്രസംഗം നീണ്ടു. അതിന് ശേഷം സംഗമത്തിനെത്തിയവരോടൊപ്പം അദ്ദേഹം ഫോട്ടോക്ക് പോസ് ചെയ്തു. ഫോട്ടോ എടുക്കുന്നതിന് വേണ്ടി എ മുതല്‍ ഇസഡ് വരെ മാര്‍ക്ക് ചെയ്ത് സദസ്സില്‍ പ്രത്യേകം സ്റ്റാന്റുകള്‍ ഒരുക്കിയിരുന്നു. ഓരോ സ്റ്റാന്റിലും എത്തിയാണ് മോദി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
Next Story

RELATED STORIES

Share it