Kottayam Local

മുദ്രപ്പത്രത്തിനു ക്ഷാമം; ജനങ്ങളെ സര്‍ക്കാര്‍ കഷ്ടപ്പെടുത്തുന്നു

ഈരാറ്റുപേട്ട: മുദ്രപ്പത്രത്തിനു ക്ഷാമം സൃഷ്ടിച്ച് സാധാരണ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണു സംസ്ഥാന സര്‍ക്കാര്‍. മൂന്നു മാസമായി സംസ്ഥാനത്ത് 20, 50, 100 രൂപയുടെ മുദ്രപ്പത്രങ്ങള്‍ കിട്ടാനില്ല. പകരം 500 രൂപയുടെ മുദ്രപ്പത്രങ്ങളാണ് ആവശ്യക്കാര്‍ക്കു നല്‍കുന്നത്. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു മുദ്രപ്പത്രങ്ങള്‍ ട്രഷറി വഴിയും അതില്‍ താഴെയുള്ളതു വെണ്ടര്‍മാര്‍ വഴിയുമാണു പൊതുജനങ്ങള്‍ക്ക് കിട്ടുന്നത്.
സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതു വെണ്ടര്‍മാരെയാണ്. 50 രൂപ മുടക്കേണ്ടിടത്ത് 500 രൂപ മുടക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി സമയത്ത് സര്‍ക്കാറിനു വന്‍ വരുമാനമണെങ്കിലും ജനങ്ങള്‍ക്കിതു താങ്ങാന്‍ കഴിയാത്ത നഷ്ടമാണ്. ഇരട്ടിതുകയുടെ മുദ്രപ്പത്രങ്ങള്‍ നിസാര ആവശ്യങ്ങള്‍ക്ക് പോലും വാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്.
ജനനമരണ സര്‍ട്ടിഫിക്കറ്റ്,വിവാഹ സര്‍ട്ടിഫിക്കറ്റ്, ആധാരപകര്‍പ്പ് തുടങ്ങിയവക്ക് 50 രൂപയുടെ മുദ്രപ്പത്രവും, രജിസ്റ്റര്‍ ചെയ്യാത്ത വാടക കരാര്‍, സത്യവങ്മൂലം തുടങ്ങിയവക്കു നൂറു രൂപയൂടെ മുദ്രപ്പത്രവും, വാടക കാരാര്‍, സമ്മതപത്രം തുടങ്ങിയവയ്ക്ക് 200 രൂപയുടെ മുദ്രപത്രവുമാണ് ഉപയോഗിക്കുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്കുള്ള മുദ്രപ്പത്രങ്ങള്‍ വളരെ കുറവാണ് കിട്ടുന്നത്.
പരാതി വ്യാപകമായത്തോടെ അഞ്ചും 10ഉം രൂപയുടെ മുദ്രപത്രങ്ങള്‍ പൊടി തട്ടിയെടുത്ത് ഇതില്‍ 50, 100 രൂപ മുദ്രപ്പത്രങ്ങളുടെ സീല്‍ പതിച്ചും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ട്രഷറി ജീവനക്കാരുടെ കുറവ് സീല്‍ പതിച്ചു നല്‍കുന്നതിനെയും ബാധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it