palakkad local

മുദ്രപത്രങ്ങള്‍ക്കു പുറമെ റവന്യൂ സ്റ്റാമ്പും കിട്ടാക്കനി: ജനങ്ങള്‍ ദുരിതത്തില്‍

മുണ്ടൂര്‍: ജില്ലയില്‍ മാസങ്ങളായി തുടരുന്ന മുദ്ര പത്ര ക്ഷാമത്തിനു പുറമെ റവന്യൂ സ്റ്റാമ്പും കിട്ടാക്കനിയായതോടെ ആവശ്യക്കാര്‍ ദുരിതത്തിലാവുന്നു. കൂടുതല്‍ ആവശ്യമുള്ള 500, 100 രൂപയുടെ മുദ്രപത്രങ്ങള്‍ ഇപ്പോഴും മിക്കയിടത്തും കിട്ടാക്കനിയാണ്. വാടകക്കരാര്‍ എഴുതാന്‍ 200 രൂപയുടെ മുദ്രപത്രം വേണമെന്നിരിക്കെ ആവശ്യക്കാര്‍ 10 രൂപയുടെ 20 സ്റ്റാമ്പ് പേപ്പറുകള്‍ വാങ്ങേണ്ട ഗതികേടാണ്.
10, 20 രൂപയുടെ മുദ്രപത്രങ്ങള്‍ ഹൈദരാബാദിലാണ് അച്ചടിക്കുന്നതെങ്കിലും മറ്റുള്ളവ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയുടെ ഉത്തരവു വഴി നാസിക്കിലുമാണ് അച്ചടിക്കുന്നത്.
സ്റ്റാമ്പ് പേപ്പറുകള്‍ തീരുന്ന മുറക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവുകള്‍ ലഭിക്കാത്തതാണു മുദ്രപത്രക്ഷാമത്തിനു കാരണമെന്ന് പറയപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ഉത്തരവുകള്‍ വൈകാന്‍ കാരണമെന്ന് പറയുമ്പോഴും ചെറുതും വലുതുമായ ആവശ്യങ്ങള്‍ക്ക് ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങള്‍ വാങ്ങിക്കേണ്ട ഗതികേടാണ്. 100, 500 ന്റെ സ്റ്റാമ്പ് പേപ്പറുകളുടെ ക്ഷാമം മൂലം സ്റ്റാമ്പ് വെണ്ടര്‍മാരും ദുരിതത്തിലായിരിക്കുകയാണ്.
എന്നാല്‍ ക്ഷാമം മുതലെടുത്ത് 100, 500 രൂപയുടെ മുദ്രപത്രങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നവരുമുണ്ട്.
മുദ്രപത്രങ്ങള്‍ക്കു പുറമെ റവന്യൂ സ്റ്റാമ്പിനും ക്ഷാമം കൂടി വരുകയാണ്. മിക്ക പോസ്റ്റാഫിസുകളിലും റവന്യു സ്റ്റാമ്പന്വേഷിക്കുന്നവര്‍ നിരാശയോടെയാണ് മടങ്ങുന്നത്. സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ ചിട്ടി -പണമിടപാടു സ്ഥാപനങ്ങളിലും റവന്യു സ്റ്റാമ്പ് ആവശ്യമാണെന്നിരിക്കെ ഇവര്‍ക്കുപോലും ആവശ്യത്തിന് റവന്യൂ സ്റ്റാമ്പ്  കിട്ടാത്ത അവസ്ഥയിലാണ്.
ചില സ്റ്റേഷനറി, ബുക്ക് സ്റ്റാളുകളിലും റവന്യൂ സ്റ്റാമ്പ് കിട്ടുമെങ്കിലും ക്ഷാമം മുതലെടുത്ത് തോന്നിയ വില ഈടാക്കുന്നതായും പറയപ്പെടുന്നുണ്ട്. നഗരങ്ങളിലെ ഹെഡ് പോസ്റ്റാഫിസുകള്‍ക്കുപുറമെ ഗ്രാമീണ മേഖലയിലെ ചെറുകിട പോസ്റ്റാഫിസുകളിലും റവന്യൂ സ്റ്റാമ്പ് കിട്ടാക്കനിയാണ്.
ഇതുമൂലം ഉപഭോക്താക്കള്‍ ഏറെ വലയുന്ന സ്ഥിതിയാണെങ്കിലും റവന്യൂ സ്റ്റാമ്പ് എന്നുവരുമെന്ന ചോദ്യത്തിനു മുന്നില്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. ഒരു ലക്ഷം രൂപക്കു മുകളിലുള്ള മുദ്രപത്രങ്ങള്‍ ഈ സ്റ്റാമ്പിങ് സംവിധാനത്തിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ സംവിധാനമം നടപ്പിലാവാത്തതിനാല്‍ ദിനംപ്രതി നൂറുക്കണക്കിനു ഉപഭോക്താക്കളാണ് മുദ്രപത്രവും റവന്യൂ സ്റ്റാമ്പും ലഭിക്കാത്തതുമൂലം ദുരിതത്തിലാവുന്നത്.
Next Story

RELATED STORIES

Share it