മുത്വലാഖ് നിരോധനമാവശ്യപ്പെട്ട് വീണ്ടും ഹരജി

ന്യൂഡല്‍ഹി: മുത്വലാഖ് (മൂന്നുമൊഴിയും ഒന്നിച്ച് ഉച്ചരിക്കല്‍) സമ്പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ മുസ്‌ലിം വനിതാ എംഎല്‍എ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. തമിഴ്‌നാട് സര്‍ക്കാരിന്റെ മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കൂടിയായ ബദര്‍ സഈദ് ആണ് ഹരജിക്കാരി. മുത്വലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും കോടതി മുഖേനമാത്രം വിവാഹമോചനം സാധ്യമാക്കണമെന്നുമാണ് ഹരജിക്കാരിയുടെ ആവശ്യം.
ഒരു പുരുഷന് ഭാര്യയെ ഒരേസമയം മൂന്നുമൊഴിയും ഒന്നിച്ചുചൊല്ലാന്‍ നിയമം അനുവദിക്കുന്ന മുത്വലാഖ് സമ്പ്രദായം സ്ത്രീവിരുദ്ധവും ലിംഗസമത്വത്തിന് എതിരുമാണെന്ന് ഹരജിക്കാരി പറഞ്ഞു. മുത്വലാഖിന് അനുകൂലമായി ഖാസിമാര്‍ മതവിധി പുറപ്പെടുവിക്കുന്നത് സ്ഥിതിഗതികള്‍ ഒന്നുകൂടി രൂക്ഷമാക്കുകയാണ്. ഇസ്‌ലാമിക നിയമകാര്യ ഉദ്യോഗസ്ഥന്റെ സ്ഥാനമാണ് ഖാസിമാര്‍ വഹിക്കുന്നത്. ഇന്ത്യയില്‍ അവരാണ് നിക്കാഹ്/വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നത്.
എന്നാല്‍, 1880ലെ ഖാദി ആക്ട് പ്രകാരം അത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ അവര്‍ക്ക് അധികാരമില്ലെന്നും റുക്‌സാനാ ചൗധരി മുഖേന സമര്‍പ്പിച്ച ഹരജിയില്‍ അവര്‍ ചൂണ്ടിക്കാട്ടി.
മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച് നിലവില്‍ രണ്ടുകേസുകളാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്. ഒന്ന് മുസ്‌ലിം വ്യക്തിനിയമം പൂര്‍ണമായി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സ്വദേശിനി ശയറാബാനു സമര്‍പ്പിച്ച ഹരജിയും മറ്റൊന്ന് കോടതി സ്വമേധയാ എടുത്ത കേസും.
[related]അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി), ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് എന്നിവയും കേസില്‍ കക്ഷികളാണ്. ഇതിനുപുറമെ മുത്വലാഖ് നിരോധിക്കണമെന്ന് അവശ്യപ്പെട്ട് കഴിഞ്ഞദിവസം ബര്‍ സഈദ് സമര്‍പ്പിച്ച ഹരജി കൂടാതെ മറ്റൊരു സ്ത്രീയുടെ ഹരജിയും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. ഇതെല്ലാം വേനലവധിക്കു ശേഷം സുപ്രിംകോടതി പരിഗണിക്കും.
Next Story

RELATED STORIES

Share it