മുത്ത്വലാഖ്: സമഗ്രപഠനം നടത്താന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉടനടിയുള്ള മുത്ത്വലാഖ് അടക്കമുള്ള വിവാഹ-കുടുംബ നിയമങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്താന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ തയ്യാറെടുക്കുന്നു. ലോകത്തെ വിവിധ മുസ്‌ലിം രാജ്യങ്ങളിലും മുസ്‌ലിംകള്‍ കൂടുതലുള്ള രാജ്യങ്ങളിലും ഇതു സംബന്ധമായി നിലവിലുള്ള നിയമങ്ങളും ആചാരങ്ങളും ക്രോഡീകരിച്ച് വിഷയത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കമ്മീഷന്‍ തയ്യാറെടുക്കുന്നത്.

ഇസ്‌ലാമിലെ വിവാഹം, ബഹുഭാര്യത്വം, ത്വലാഖ്, മുത്ത്വലാഖ് തുടങ്ങിവയുമായി ബന്ധപ്പെട്ട് ലോകത്ത് നിലവിലുള്ള രീതികള്‍ കമ്മീഷന്‍ ശേഖരിക്കും. ഇതുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെ വ്യത്യസ്ത മുസ്‌ലിം രാജ്യങ്ങളിലെ എംബസികളുമായും കോണ്‍സുലേറ്റുകളുമായും ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാമോ എന്ന് കമ്മീഷന്‍ വിദേശകാര്യ മന്ത്രാലയത്തിന് എഴുതിയിട്ടുണ്ട്. അതല്ലെങ്കില്‍ കമ്മീഷന്‍ നേരിട്ട് എംബസികളുമായും കോണ്‍സുലേറ്റുകളുമായും ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും.
മുത്ത്വലാഖുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഉത്തരാഖണ്ഡിലെ സൈറ ബാനു കേസാണ് കമ്മീഷനെ ഈ വിഷയം പഠിച്ച് നിര്‍ദേശം സമര്‍പ്പിക്കാനുള്ള തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ സാധാരണക്കാര്‍ക്കും കമ്മീഷന്‍ അവസരം നല്‍കിയിട്ടുണ്ട്.
[related]സൈറ ബാനു കേസുമായി ബന്ധപ്പെട്ട് മുത്ത്വലാഖ്, ബഹുഭാര്യത്വം, നികാഹ് ഹലാല (മൂന്ന് ത്വലാഖ് ചൊല്ലിപ്പിരിഞ്ഞ ഭാര്യയെ തിരിച്ചെടുക്കാന്‍ മറ്റൊരാള്‍ താല്‍ക്കാലികമായി പ്രസ്തുത സ്ത്രീയെ കല്യാണം കഴിച്ച് വിവാഹമോചനം ചെയ്യുന്ന രീതി) എന്നിവയില്‍ സുപ്രിംകോടതി കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞിരിക്കുകയാണ്. ഇവ മൂന്നും നിരോധിക്കണമെന്നാണ് സൈറ ബാനു സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സൈറയെ നിരന്തരം പല തരത്തില്‍ പീഡിപ്പിച്ചിരുന്ന ഭര്‍ത്താവ് ഒരു കത്തില്‍ മൂന്നു തവണ ത്വലാഖ് എന്ന് എഴുതി 15 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യയില്‍ ബ്രീട്ടിഷ് ഭരണകാലം മുതലുള്ള വ്യക്തിനിയമത്തിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ സ്ത്രീവിരുദ്ധമാണെന്ന ആരോപണം ശക്തമാണ്. യോജിച്ചുപോവാന്‍ കഴിയാത്ത ദമ്പതികള്‍ക്ക് സമവായത്തിനുള്ള അവസരം നിഷേധിക്കുന്ന ഉടനടിയുള്ള മുത്ത്വലാഖ് പോലുള്ള ആചാരങ്ങള്‍ ഇസ്‌ലാമിക തത്വങ്ങള്‍ക്ക് എതിരാണെന്ന ആരോപണവും ശക്തമാണ്. ഈ സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം സമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന നിയമങ്ങളും കീഴ്‌വഴക്കങ്ങളും പഠിക്കാനുള്ള ഡല്‍ഹി വനിതാ കമ്മീഷന്റെ തീരുമാനത്തിന് പ്രസക്തി ഏറെയാണ്.
Next Story

RELATED STORIES

Share it