മുത്ത്വലാഖ് വിവാദവും വസ്തുതകളും

മുത്ത്വലാഖ് വിവാദവും വസ്തുതകളും
X


കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ മുസ്‌ലിം കുടുംബാംഗമാണ് കഥാപാത്രം. ഉയര്‍ന്ന ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉടമയാണെങ്കിലും പ്രാഥമിക മതവിദ്യാഭ്യാസം മാത്രമേയുള്ളൂ കക്ഷിക്ക്. ടിയാന്റെ വിവാഹം ഉറപ്പിച്ചു. നിക്കാഹ് കര്‍മങ്ങള്‍ അറബിയിലായിരിക്കല്‍ നിര്‍ബന്ധമാണെന്നു വിശ്വസിക്കുന്ന കക്ഷിക്ക് മുസ്‌ല്യാര്‍ ചൊല്ലിത്തരുന്ന അറബി വാചകങ്ങള്‍ തെറ്റുകൂടാതെ ചൊല്ലാന്‍ സാധിക്കില്ലേയെന്നൊരു പരിഭ്രമം. വാചകങ്ങള്‍ തെറ്റിയാലുണ്ടാവുന്ന അനര്‍ഥങ്ങള്‍ ആലോചിച്ച് ഇരിക്കപ്പൊറുതിയില്ലാതായ ആ ചെറുപ്പക്കാരന്‍ പരിചയക്കാരനായ ഒരു മതപണ്ഡിതനെ സമീപിച്ചു. സരസപ്രകൃതനായ ആ പണ്ഡിതന്‍ വിവാഹം, മരണം പോലെ വ്യക്തിപരമായി ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം മതകാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരുടെ പ്രതിനിധിയായ ചെറുപ്പക്കാരനെ ഒന്ന് കളിപ്പിക്കാന്‍ ഉദ്ദേശിച്ചു. അയാള്‍ നിക്കാഹിനു സാധാരണ ചൊല്ലാറുള്ള നക്കഹ്തു നിക്കാഹഹാ ബിന്‍തക്ക വഖബല്‍തു വറളീതു  ബിഹാദല്‍ മഹരി (നിങ്ങളുടെ മകളെ ഈ മഹറിനു പകരമായി ഞാന്‍ നിക്കാഹ് ചെയ്തിരിക്കുന്നു, ഭാര്യയായി തൃപ്തിപ്പെട്ട് സ്വീകരിച്ചിരിക്കുന്നു) എന്നതിനു പകരം നിങ്ങളുടെ മകളെ മൂന്ന് ത്വലാഖ് ചൊല്ലിയിരിക്കുന്നു എന്നര്‍ഥം വരുന്ന അറബി വാചകം ചൊല്ലിക്കൊടുത്തു. ഭൗതിക വിദ്യാഭ്യാസത്തില്‍ മാത്രം ഊന്നിയതുകാരണം അറബിഭാഷ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത ആ ചെറുപ്പക്കാരന്‍ ആ 'മഹദ്' വചനങ്ങള്‍ കാണാപ്പാഠം പഠിക്കാന്‍ തുടങ്ങി. എന്നാല്‍, ഒരു ചെറിയ കളിയാക്കലിനപ്പുറം ഉദ്ദേശിച്ചിട്ടില്ലാത്ത പണ്ഡിതന്‍ തന്നെ സമയത്തിന് വാചകങ്ങള്‍ തിരുത്തിക്കൊടുത്തതിനാല്‍ ചെറുപ്പക്കാരന്‍ മാനക്കേടില്‍ നിന്നു രക്ഷപ്പെട്ടു. വ്യക്തിപരമായി ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കേണ്ട ഇസ്‌ലാമിലെ വളരെ പ്രാഥമികമായ കാര്യങ്ങളെപ്പറ്റിപോലും സാമാന്യ ധാരണയില്ലാത്തതിനാല്‍ ഈ ചെറുപ്പക്കാരന് സംഭവിച്ച അബദ്ധം സമുദായത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഇസ്‌ലാമിലെ വിവാഹ-വിവാഹമോചന സംബന്ധമായ കാര്യങ്ങളുടെ അജ്ഞതയുടെ ഒരു ചെറിയ ഉദാഹരണമാണ്. സമാനമായ അജ്ഞത തന്നെയാണ് മുത്ത്വലാഖിനു കാരണം മുസ്‌ലിംകളുടെ അടങ്ങാത്ത ആസക്തിയാണെന്ന യോഗി മന്ത്രിസഭാംഗത്തിന്റെ പ്രസ്താവനയിലും നിഴലിക്കുന്നത്. ജനങ്ങള്‍ അവരറിയാത്തതിന്റെ ശത്രുവാണ് എന്ന അറബി വാചകം എത്ര അന്വര്‍ഥമാണ്. മുത്ത്വലാഖ് എന്നാല്‍ ഒന്നിനു പിറകെ ഒന്ന് എന്ന രീതിയില്‍ മൂന്ന് ഭാര്യമാരെ വേള്‍ക്കുന്നതിനും അവരെ തോന്നിയപോലെ ഉപേക്ഷിക്കുന്നതിനും മുസ്‌ലിം പുരുഷന്‍മാര്‍ക്ക് യഥേഷ്ടം സ്വാതന്ത്ര്യം നല്‍കുന്ന ഏര്‍പ്പാടാണെന്നാണ് ബോധപൂര്‍വമോ അല്ലാതെയോ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ മാധ്യമങ്ങളാലും പൊതുസമൂഹത്താലും നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിലെ വിവാഹ-വിവാഹമോചന നിയമങ്ങളിലെ തികഞ്ഞ അജ്ഞതയാണ് ഇത്തരത്തിലുള്ള നിഗമനങ്ങള്‍ക്കു കാരണം. പ്രവാചകന്റെ കാലഘട്ടത്തിലെ അറേബ്യന്‍ സമൂഹത്തില്‍ യാതൊരു നിയന്ത്രണമോ വ്യവസ്ഥയോ കൂടാതെ നടന്നിരുന്ന വിവാഹത്തെയും വിവാഹമോചനത്തെയും അലംഘനീയവും കര്‍ശനവുമായ നിയമത്തിന്റെ ചട്ടക്കൂട്ടിലേക്ക് പരിവര്‍ത്തിപ്പിച്ച് നിയന്ത്രണവിധേയമാക്കുകയാണ് ഇസ്‌ലാം ചെയ്തത്. ഒരാള്‍ക്ക് ഒരേസമയം പത്തും പതിനഞ്ചും വരെ ഭാര്യമാരുണ്ടായിരുന്ന ആ സമൂഹത്തോട് ഒരേസമയം നാലിലധികം ഭാര്യമാരെ നിലനിര്‍ത്താന്‍ പാടില്ലെന്നു കര്‍ശനമായി ഇസ്‌ലാം കല്‍പിച്ചു. ഭാര്യമാരോട് തുല്യനീതി പുലര്‍ത്തണമെന്ന വിട്ടുവീഴ്ചയില്ലാത്ത നിര്‍ദേശവും നല്‍കി. അഥവാ നീതിപാലിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടാല്‍ (ഭാര്യമാര്‍ക്കിടയില്‍ നീതിപാലിക്കുക അതീവ ദുഷ്‌കരമാണെന്ന് ഖുര്‍ആന്‍ തന്നെ പ്രസ്താവിക്കുന്നു) ഒരു ഭാര്യയെക്കൊണ്ട് തൃപ്തിപ്പെടലാണ് ഉത്തമമെന്നും ഇസ്‌ലാം പഠിപ്പിച്ചു. ഇഷ്ടമില്ലാത്ത ഭാര്യയെ വിവാഹമോചനം നടത്തി സ്വതന്ത്രയാക്കി വിടാതെ അവളെ ജീവിതകാലം മുഴുവന്‍ പീഡിപ്പിക്കുന്ന ദുഷിച്ച ഏര്‍പ്പാടും അറേബ്യന്‍ സമൂഹത്തിലുണ്ടായിരുന്നു. ഇസ്‌ലാം ഈ സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കി. മാത്രമല്ല, ഇഷ്ടമില്ലാത്ത പുരുഷനില്‍ നിന്ന് ഉപാധികളോടെ വിവാഹമോചനം നേടാനുള്ള അവകാശം സ്ത്രീക്കും ഇസ്‌ലാം നല്‍കി. ഇസ്‌ലാമിന്റെ സങ്കല്‍പത്തില്‍ സ്ത്രീയും പുരുഷനും ദൈവനാമത്തില്‍ നടത്തുന്ന ഒരു കരാറാണ് വിവാഹം. ആ കരാറില്‍ ഇരുകൂട്ടര്‍ക്കും അവരവരുടേതായ ഉത്തരവാദിത്തങ്ങളും ബാധ്യതകളുമുണ്ട്. ഈ കരാറില്‍ സ്ത്രീയെ പ്രതിനിധീകരിക്കുന്നത് അവളുടെ രക്ഷിതാവാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലാത്ത വിവാഹം അസാധുവാക്കാനുള്ള അവകാശം സ്ത്രീക്കു വകവച്ചുകൊടുത്ത് ഇസ്‌ലാം അവളുടെ വ്യക്തിത്വത്തെ ആദരിച്ചു. ഇരുകൂട്ടരും തങ്ങളില്‍ അര്‍പ്പിതമായ കടമകള്‍ ആത്മാര്‍ഥമായി നിറവേറ്റുന്നപക്ഷം ദാമ്പത്യബന്ധം സുഖകരവും സുഗമവുമായിരിക്കും. നിയമനിര്‍ദേശങ്ങള്‍ എത്രതന്നെ ഉത്തമമാണെങ്കിലും വ്യത്യസ്ത പ്രകൃതക്കാരായ വ്യക്തികള്‍ തമ്മില്‍ ഇടപഴകുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്ന് പ്രകൃതി മതമായ ഇസ്‌ലാം മനസ്സിലാക്കുന്നു. അപ്രകാരമുണ്ടാവുന്ന അസ്വാരസ്യങ്ങള്‍ ദമ്പതികള്‍ക്കു തന്നെ പരിഹരിക്കാന്‍ സാധിക്കാത്തപക്ഷം ഇരു കുടുംബങ്ങളിലെയും മധ്യസ്ഥര്‍ ഇടപെട്ടു പരിഹരിക്കണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസനം. എന്നാല്‍, മധ്യസ്ഥ ശ്രമങ്ങളും പരാജയപ്പെടുന്നപക്ഷം ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ ഇരു ധ്രുവങ്ങളിലായി ജീവിതം നരകിച്ചുതീര്‍ക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നില്ല. മറിച്ച് പരസ്പര ബാധ്യതകള്‍ തീര്‍ത്ത് മാന്യമായി പിരിഞ്ഞ് പുതിയ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം നല്‍കുന്നു. പക്ഷേ, അപ്പോഴും വെട്ടൊന്ന് കഷണം രണ്ട് എന്ന രീതിയില്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. അനുരഞ്ജനത്തിന്റെ വാതിലുകള്‍ അപ്പോഴും ദമ്പതിമാര്‍ക്കിടയില്‍ ഇസ്‌ലാം അവശേഷിപ്പിക്കുന്നു. വിവാഹമോചനം ഒഴിവാക്കാനാവാത്ത നിര്‍ബന്ധിത സാഹചര്യത്തില്‍ ഒരു ത്വലാഖ് മാത്രം ചൊല്ലാനാണ് ഇസ്‌ലാം പുരുഷനോട് അനുശാസിക്കുന്നത്. മാത്രമല്ല, വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ ഭര്‍ത്താവിനോടൊപ്പം അയാളുടെ ചെലവില്‍ മൂന്നുമാസവും 10 ദിവസവും (മൂന്നു ശുദ്ധികാലം) താമസിക്കണമെന്നും ഈ കാലയളവില്‍ ഭര്‍ത്താവിന്് മറ്റൊരു നിക്കാഹ് കൂടാതെ തന്നെ അവളെ തിരിച്ചെടുക്കാമെന്നും ഇസ്‌ലാം വ്യവസ്ഥ ചെയ്യുന്നു. നിശ്ചിത കാലയളവിനു (ഇദ്ദ) ശേഷമാണെങ്കില്‍ മറ്റൊരു നിക്കാഹിലൂടെയും പുനസമാഗമം സാധ്യമാണ്. ഇത്തരത്തില്‍ മൂന്നുപ്രാവശ്യം വരെ അനുരഞ്ജനത്തിനുള്ള സാധ്യത ഇസ്‌ലാം ഒരുക്കുന്നു. എന്നാല്‍, സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബജീവിതത്തിന്റെ ഭദ്രതയും സ്ത്രീകളുടെ വ്യക്തിത്വവും അഭിമാനവും തകര്‍ക്കുന്നവിധത്തില്‍ വിവാഹമോചന നിയമങ്ങളെ ദുരുപയോഗം ചെയ്യാന്‍ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല. അതിനാല്‍ മൂന്നുഘട്ടങ്ങളിലായി മൂന്നുപ്രാവശ്യം ത്വലാഖ് ചൊല്ലിയ ഭര്‍ത്താവിന് വീണ്ടും ഭാര്യയെ നിരുപാധികം തിരിച്ചെടുക്കാന്‍ അനുവദിക്കുന്നില്ല. ഇതാണ് ഇസ്‌ലാം അനുശാസിക്കുന്ന മുത്ത്വലാഖ്. എന്നാല്‍, കാലക്രമത്തില്‍ ഇസ്‌ലാമികസമൂഹം അപചയത്തിനു വിധേയമായപ്പോള്‍ ഏതൊരു സമൂഹത്തിലും സംഭവിക്കുന്നതുപോലെ ജനങ്ങള്‍ നിയമം ദുരുപയോഗം ചെയ്യാന്‍ തുടങ്ങി. അവര്‍ ഇസ്‌ലാം വിശാലമാക്കിയതിനെ കുടുസ്സാക്കി. അവര്‍ ദൈവിക നിയമംകൊണ്ട് കളിക്കാന്‍ തുടങ്ങി. അങ്ങനെ അനിവാര്യമായ മൂന്നു ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട മൂന്നു ത്വലാഖുകളെ ദൈവഭയമില്ലാത്ത ജനം ഒറ്റയടിക്ക് പ്രയോഗിക്കാന്‍ തുടങ്ങി. പ്രവാചകനും അവിടത്തെ ഒന്നാം ഉത്തരാധികാരി അബൂബക്കര്‍ സിദ്ദീഖും ഇപ്രകാരം ഒറ്റയടിക്കു ചൊല്ലുന്ന മൂന്നു ത്വലാഖുകളെ പുനസമാഗമം സാധ്യമായ ഒറ്റ ത്വലാഖായി തന്നെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍, കാലം പിന്നിട്ടപ്പോള്‍ ജനങ്ങള്‍ തുടര്‍ച്ചയായി നിയമലംഘനം വ്യാപകമാക്കിയപ്പോള്‍ ജനങ്ങള്‍ക്ക് ഒരു താക്കീതും ശിക്ഷയും എന്ന നിലയ്ക്ക് ഒറ്റയടിക്കുള്ള മൂന്നു ത്വലാഖുകളെ മൂന്നായി തന്നെ പരിഗണിക്കാന്‍ രണ്ടാം ഖലീഫ ഉമര്‍ തീരുമാനിക്കുകയായിരുന്നു. തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടുന്ന ഈ ത്വലാഖ് സമ്പ്രദായമാണ് ഇക്കാലത്ത് മുത്ത്വലാഖ് എന്ന പേരില്‍ വിവക്ഷിക്കപ്പെടുന്നത്. കുടുംബജീവിതത്തിന്റെ ഭദ്രത പരമാവധി ഉറപ്പുവരുത്താനുതകുന്ന മഹത്തായ ഒരു നിയമം അതിന്റെ പ്രണേതാക്കളുടെ കൊള്ളരുതായ്മ മൂലം കല്ലെറിയപ്പെടുന്നു എന്നു ചുരുക്കം.
Next Story

RELATED STORIES

Share it