മുത്ത്വലാഖ് മൗലികാവകാശ ലംഘനമോ? പരിശോധിക്കുമെന്ന് സുപ്രിംകോടതി

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമായ മുത്ത്വലാഖ് (ഇടവേളകളില്ലാതെ മൂന്ന് ത്വലാക്കും ഒന്നിച്ചുചൊല്ലി വിവാഹമോചനം ചെയ്യുന്ന രീതി) കാരണം മൗലികാവകാശങ്ങളുടെ ലംഘനം നടക്കുന്നുണ്ടോ എന്നു പരിശോധിക്കുമെന്ന് സുപ്രിംകോടതി. വിഷയം സപ്തംബര്‍ ആറിനു പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടും വിഷയവുമായി ബന്ധപ്പെട്ട മുന്‍ കോടതിവിധികള്‍ പരിഗണിച്ചും ആയിരിക്കും വിഷയത്തെ സമീപിക്കുകയെന്നും കോടതി വ്യക്തമാക്കി.
വിഷയം ഉയര്‍ത്തുന്ന നിയമപ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നു ചിട്ടപ്പെടുത്താന്‍ കോടതി ഹരജിയിലെ കക്ഷികളോട് ആവശ്യപ്പെട്ടു. വിഷയം ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ പറഞ്ഞു.
ചില വ്യക്തികളും ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ എന്ന സംഘടനയുമാണ് ഇന്ത്യന്‍ മുസ്‌ലിം വ്യക്തിനിയമത്തിലെ മുത്ത്വലാഖ്, നികാഹ് ഹലാല (വിവാഹമോചനം നടത്തിയ ഭര്‍ത്താവിന് ഭാര്യയെ തിരിച്ചെടുക്കാന്‍ താല്‍ക്കാലികമായി മറ്റൊരാളെക്കൊണ്ട് വിവാഹം ചെയ്യിച്ച് ത്വലാഖ് ചെയ്യിക്കുന്ന രീതി) തുടങ്ങിയവ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
മുത്ത്വലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സ്വദേശിനിയായ ശയറാബാനു എന്ന യുവതി നല്‍കിയ ഹരജിയാണ് വിഷയം വീണ്ടും ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നത്.
മുത്ത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ശയറാബാനു ഒക്ടോബറില്‍ സുപ്രിംകോടതിയെ സമീപിച്ചത്. മുത്ത്വലാഖ്, ബഹുഭാര്യത്വം എന്നിവയ്ക്ക് അനുമതി നല്‍കുന്ന ഇന്ത്യന്‍ മുസ്‌ലിം വ്യക്തിനിയമത്തിലെ സെക്ഷന്‍ രണ്ടിനുള്ള ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹരജിയില്‍, മുസ്‌ലിം വ്യക്തിനിയമത്തില്‍ മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നും ശയറാബാനു ആരോപിച്ചിരുന്നു. കേസില്‍ പ്രതികരണം ആരാഞ്ഞ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന് (എഐഎംപിഎല്‍ബി) കോടതി നോട്ടീസയച്ചിരുന്നു. കൂടാതെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും ദേശീയ നിയമകമ്മീഷനും സുപ്രിംകോടതി നോട്ടീസയച്ചിരുന്നു.
ക്രൂരമായ പീഡനങ്ങളുടെ അനുഭവമുള്ളതിനാലാണ് താന്‍ മുത്ത്വലാഖിനെതിരേ സുപ്രിംകോടതിയെ സമീപിച്ചതെന്ന് ശയറാബാനു പറഞ്ഞു. ആറുതവണയാണ് ഭര്‍ത്താവ് തന്നെ ഗര്‍ഭച്ഛിദ്രം നടത്തിച്ചത്. അവസാനം ഒരു വെള്ളക്കടലാസില്‍ മൂന്നുതവണ ത്വലാഖ് ചൊല്ലിയെന്നു പറഞ്ഞ് വിവാഹബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും 37കാരിയായ അവര്‍ പറഞ്ഞു.
സുപ്രിംകോടതിയില്‍ തങ്ങളുടെ നിലപാട് വൈകാതെ സമര്‍പ്പിക്കുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം ഡോ. എസ് ക്യൂ ആര്‍ ഇല്യാസ് തേജസിനോടു പറഞ്ഞു. മുത്ത്വലാഖ് സംബന്ധിച്ച് ഇസ്‌ലാമിനകത്ത് വ്യത്യസ്ത ചിന്താധാരകള്‍ക്കിടയില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഈ അഭിപ്രായ വ്യത്യാസത്തിന് നൂറ്റാണ്ടുകളുടെ പഴക്ക—മുണ്ടെന്നും ബോര്‍ഡ് കോടതിയെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിംകളുടെ വ്യക്തി, കുടുംബ നിയമങ്ങള്‍ എന്നിവ ഇതേവരെ പൂര്‍ണമായും ക്രോഡീകരിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ വിഷയത്തില്‍ അന്തിമമായ ഒരു വിധി പറയാന്‍ കോടതിക്കാവില്ലെന്നും ബോര്‍ഡ് തങ്ങളുടെ മറുപടിയില്‍ വ്യക്തമാക്കും.
ഇപ്പോഴത്തെ വിവാദം വിഷയത്തെ പര്‍വതീകരിച്ചുകൊണ്ടുള്ളതാണെന്നും മറ്റു മതസമുദായങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സമുദായത്തില്‍ വിവാഹമോചനങ്ങളുടെ എണ്ണം കുറവാണെന്നും ഇതില്‍ അപൂര്‍വമായി മാത്രമേ മുത്ത്വലാഖ് നടക്കാറുള്ളൂവെന്ന് കോടതിയെ അറിയിക്കുമെന്നും ഇല്യാസ് പറഞ്ഞു.
Next Story

RELATED STORIES

Share it