Flash News

മുത്ത്വലാഖ് ബില്‍: ബിജെപി സര്‍ക്കാരിനു ദുഷ്ടലാക്ക് മാത്രമാണുള്ളതെന്ന് ഇ.ടി

മുത്ത്വലാഖ് ബില്‍: ബിജെപി സര്‍ക്കാരിനു ദുഷ്ടലാക്ക് മാത്രമാണുള്ളതെന്ന് ഇ.ടി
X

ന്യൂഡല്‍ഹി: മുത്ത്വലാഖ് ബില്ലിന്റെ കാര്യത്തില്‍ ബിജെപി സര്‍ക്കാരിനു ദുഷ്ടലാക്ക് മാത്രമാണുള്ളതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. മുത്ത്വലാഖ് ബില്ല് വിഷയത്തില്‍ ലോക്‌സഭയിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സമുദായത്തിലെ പുരുഷന്‍മാരെല്ലാം സ്ത്രീകളോട് ക്രൂരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന മിഥ്യാധാരണ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബില്ലിനെ എതിര്‍ക്കുന്നവരാരും മുത്ത്വലാഖിനു വേണ്ടി വാദിക്കുന്നവരോ അതിന്റെ വക്താക്കളോ അല്ല. മഹത്തായ ഒരു സഭയില്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് അത് അനിവാര്യമാണോ എന്നാണ്. സുപ്രിംകോടതി തന്നെ നിരോധിച്ച മുത്ത്വലാഖിനെ സംബന്ധിച്ച് നിങ്ങള്‍ നിയമം കൊണ്ടുവരുന്നത് എന്തിനാണ്? ഇല്ലാത്ത ഒരു കാര്യം പെരുപ്പിച്ച് അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 16-17 ശതമാനത്തിനിടയിലേയുള്ളൂ. അതില്‍ത്തന്നെ വളരെ കുറച്ച് വിവാഹമോചന കേസുകള്‍ മാത്രമാണ് നടക്കുന്നത്. ഇതില്‍ മുത്ത്വലാഖ് സമ്പ്രദായത്തിലൂടെയുള്ള വിവാഹമോചനം വളരെ തുച്ഛമാണ്. അക്കാര്യം സര്‍ക്കാരിനും അറിയാം. എന്നാല്‍, ഇത് പെരുപ്പിച്ചുകാണിക്കുന്നതില്‍ സര്‍ക്കാരിന് ക്രൂരമായ അജണ്ടയുണ്ട്. കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കുന്ന പ്രകൃതമാണീ സര്‍ക്കാരിന്. ഈ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച ധൃതിയും ആവേശവും ഈ മഹത്തായ സഭയുടെ പവിത്രതയെത്തന്നെ തകിടം മറിക്കുന്ന നടപടിയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള പാലം നിര്‍മിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബിജെപി നേതാവ് എം ജെ അക്ബര്‍ ചെയ്ത പ്രസംഗം തന്നെ അതിന്റെ മുന്നറിയിപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരീഅത്ത് എന്നാല്‍ ജീവിതക്രമം മാത്രമാണെന്നും അത് മാറ്റാവുന്നതാണെന്നുമാണ് അക്ബര്‍ സഭയില്‍ പറഞ്ഞത്. ഇത് വ്യക്തമാക്കുന്നത് ബിജെപിയുടെ മനസ്സാണ്. ശരീഅത്ത് മാറ്റാന്‍ പറ്റില്ല; മാറ്റാന്‍ സമ്മതിക്കില്ല.
ഈ നിയമത്തിലെ ഏറ്റവും വിചിത്രമായ ഭാഗം വിവാഹമോചനം നടത്തിയ ഭര്‍ത്താവിനെ മൂന്നു കൊല്ലം ജയിലില്‍ അടയ്ക്കാമെന്നും അയാളുടെ ഭാര്യക്കും മക്കള്‍ക്കും ജയിലില്‍ ആയിരിക്കെ അയാള്‍ തന്നെ ചെലവിനു കൊടുക്കണമെന്നതാണ്. ഈ നിയമത്തെ ശക്തിയുക്തം എതിര്‍ക്കുമെന്നും ബഷീര്‍ ലോക്‌സഭയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it