മുത്ത്വലാഖ് ബില്ല് ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: മുത്ത്വലാഖ് സമ്പ്രദായത്തിലൂടെ വിവാഹമോചനം നേടുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് ഇന്നത്തേക്കു മാറ്റി. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ബില്ല് പാസാക്കിയെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ബില്ല് അവതരണം മാറ്റിയത്.
മുത്ത്വലാഖ് നിരോധിക്കണമെന്നതില്‍ അഭിപ്രായവ്യത്യാസമില്ലെങ്കിലും ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിലെ വ്യവസ്ഥയോട് യോജിക്കാനാവില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ബില്ലില്‍ ഭേദഗതി വേണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. ലോക്‌സഭയില്‍ ബില്ല് അവതരണവേളയിലും ചര്‍ച്ചയിലും കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പം രൂപപ്പെട്ട സാഹചര്യത്തില്‍ രാജ്യസഭയില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം.
ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം കോണ്‍ഗ്രസ് ഇന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ ഉന്നയിക്കും. അങ്ങിനെ സംഭവിച്ചാല്‍ ബില്ല് വീണ്ടും സെലക്റ്റ് കമ്മിറ്റി മുമ്പാകെയെത്തുകയും ഈ നടപ്പു സമ്മേളനത്തില്‍ പാസാക്കാന്‍ സാധിക്കാതെ വരികയും ചെയ്യും.
അതേസമയം, പ്രതിപക്ഷത്തെ ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ച് ബില്ല് പാസാക്കിയെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്ത എഐഎഡിഎംകെ, ബിജു ജനതാദള്‍ എന്നീ കക്ഷികളുമായി കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നു. സമവായ നീക്കങ്ങള്‍ ഫലംകണ്ടാല്‍ ബില്ലിനെ എതിര്‍ത്താലും വോട്ടെടുപ്പ് വേളയില്‍ ഇറങ്ങിപ്പോയി സഹായിക്കുന്ന നിലപാടായിരിക്കും ഈ കക്ഷികള്‍ സ്വീകരിക്കുക.
ബില്ല് അവതരിപ്പിക്കുന്ന സമയത്ത് സഭയില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ബിജെപി തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്നുദിവസവും രാജ്യസഭയില്‍ ഹാജരുണ്ടായിരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it