Flash News

മുത്ത്വലാഖ് കേസ്: സല്‍മാന്‍ ഖുര്‍ശിദിനെ സുപ്രിംകോടതി അമിക്കസ്‌ക്യൂറിയായി നിയമിച്ചു

മുത്ത്വലാഖ് കേസ്: സല്‍മാന്‍ ഖുര്‍ശിദിനെ സുപ്രിംകോടതി അമിക്കസ്‌ക്യൂറിയായി നിയമിച്ചു
X


ന്യൂഡല്‍ഹി: മുത്ത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ കേസുകളില്‍ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ശിദിനെ സുപ്രിംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. ഒരു കേസില്‍ തീരുമാനമെടുക്കാന്‍ കോടതിയെ സഹായിക്കുന്നതിന് കേസില്‍ കക്ഷിയല്ലാത്ത ആളെയാണ് അമിക്കസ്‌ക്യൂറിയായി നിയമിക്കുക. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് കെ കൗള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഏകസിവില്‍കോഡുമായി ബന്ധപ്പെട്ട് സുപ്രിംകോടതി മുമ്പാകെയുള്ള ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുന്നത്. കേസില്‍ ഇടപെടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സല്‍മാന്‍ ഖുര്‍ശിദ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ബെഞ്ച് അദ്ദേഹത്തെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ സല്‍മാന്‍ ഖുര്‍ശിദിന്റെ അഭിപ്രായം രേഖപ്പെടുത്തി റെക്കോഡ് ചെയ്തു വയ്ക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. കേസില്‍ തന്റെ നിലപാട് എഴുതി അറിയിക്കാനും ഖുര്‍ശിദിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ കക്ഷികളോട് നിലപാട് എഴുതിത്തയ്യാറാക്കി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി നല്‍കിയ കാലപരിധി ഇതിനകം അവസാനിച്ചെങ്കിലും അമിക്കസ് ക്യൂറി എന്ന നിലയില്‍ സല്‍മാന്‍ ഖുര്‍ശിദിന് ഇളവ് നല്‍കുകയായിരുന്നു. വിവാഹമോചനം സംബന്ധിച്ചുള്ള മുസ്‌ലിം വ്യക്തിനിയമത്തിലെ നടപടിക്രമങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുമെന്നു ഖുര്‍ശിദ് കോടതിയെ അറിയിച്ചു. ഏകസിവില്‍കോഡുമായി ബന്ധപ്പെട്ട കേസുകളെല്ലാം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വേനലവധി തുടങ്ങുന്ന ഈ മാസം 11ന് കേസില്‍ വാദംകേള്‍ക്കല്‍ ആരംഭിക്കും.

[related]
Next Story

RELATED STORIES

Share it