Flash News

മുത്ത്വലാഖ് കര്‍ശനമായി തടയാന്‍ നിയമഭേദഗതി

ന്യൂഡല്‍ഹി: സുപ്രിംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച മുത്ത്വലാഖ് കര്‍ശനമായി തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നു. 1986ലെ മുസ്‌ലിം സ്ത്രീ (വിവാഹമോചനത്തില്‍ നിന്നുള്ള അവകാശ സംരക്ഷണം) നിയമം ഭേദഗതിചെയ്ത് മുത്ത്വലാഖ് മുഖേന വിവാഹമോചനം നടത്തുന്നവരെ ശിക്ഷിക്കുന്നതിനായാണ് നിയമം കൊണ്ടുവരുന്നത്. മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് അതു ചെയ്യുന്നവര്‍ക്കു തടവുശിക്ഷയോ പിഴയോ രണ്ടും ഒന്നിച്ചോ നല്‍കുന്നതിനാണ് നിയമത്തില്‍ ഭേദഗതി വരുത്തുക. ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കു ജീവനാംശം നല്‍കുന്നതു സംബന്ധിച്ച ഇന്ത്യന്‍ ക്രിമിനല്‍ നടപടിയിലെ-സിആര്‍പിസി- 125ാം വകുപ്പ് ഭേദഗതിചെയ്യുന്നതും നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതുപ്രകാരം മുത്ത്വലാഖ് മുഖേന ഒഴിവാക്കപ്പെടുന്ന സ്ത്രീകള്‍ സംരക്ഷിതരാവുമെന്നാണ് മന്ത്രാലയം കരുതുന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. ഷാബാനു നിയമത്തേക്കാള്‍ സിആര്‍പിസി 125ാം വകുപ്പ് ഭേദഗതിചെയ്യുന്നതാണ് നല്ലതെന്നു യോഗത്തില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദും അഭിപ്രായപ്പെട്ടത്. മുസ്‌ലിം സ്ത്രീ (വിവാഹമോചനത്തില്‍ നിന്നുള്ള അവകാശസംരക്ഷണം) നിയമപ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് ശുദ്ധി സമയത്ത് (ഇദ്ദ) മാത്രം ജീവനാംശം നല്‍കിയാല്‍ മതിയെന്നാണ് പറയുന്നത്. ഇതുള്‍പ്പെടെയുള്ള നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തി മുത്ത്വലാഖ് മുഖേന സ്ത്രീകളെ മൊഴിചൊല്ലുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്താനാണ് ആലോചന. മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി പരിഗണിക്കുന്നതിന്റെ ആദ്യപടിയായാണ് മുസ്‌ലിം സ്ത്രീ നിയമം ഭേദഗതിചെയ്യുന്നത്. കേന്ദ്രമന്ത്രിസഭയുടെ ഉപസമിതിയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഷാബാനു നിയമം എന്ന പേരിലറിയപ്പെടുന്ന 86ലെ മുസ്‌ലിം സ്ത്രീ നിയമം സ്ത്രീസൗഹൃദമല്ലെന്ന് നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ആഗസ്തിലാണ് മുത്വലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ആറുമാസത്തിനുള്ളില്‍ പുതിയ നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it