മുത്ത്വലാഖ്: കരട് നിയമം തയ്യാറായി

ന്യൂഡല്‍ഹി: മുത്ത്വലാഖ് രീതിയില്‍ വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് നിയമം തയ്യാറായി. ഈ നിയമ പ്രകാരം മുത്ത്വലാഖ് നടത്തുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. മുസ്‌ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ ബില്ലിന്റെ കരട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചുകൊടുത്തതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കരട് നിയമം സംബന്ധിച്ച് അടിയന്തരമായി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് കരട് നിയമം തയ്യാറാക്കിയത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്, നിയമകാര്യ സഹ മന്ത്രി പി പി ചൗധരി എന്നിവരാണ് മന്ത്രിതല സമിതിയിലെ മറ്റു അംഗങ്ങള്‍. ജമ്മു കശ്മീര്‍ ഒഴികെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നിയമം ബാധകമായിരിക്കും. മൂന്നു വര്‍ഷം ജയിലും പിഴയും ഈടാക്കും. മുത്ത്വലാഖ് ചെയ്യുന്നത് ജാമ്യമില്ലാതെ വിചാരണ ചെയ്യാവുന്ന കുറ്റമാക്കും. മുത്ത്വലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ട്  സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷവും രാജ്യത്ത് 66 കേസുകള്‍ റിപോര്‍ട്ട് ചെയ്തുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്തെന്നും അതിനാലാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ആഗസ്തിലാണ്  മുത്ത്വലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് വിധി പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it