Editorial

മുത്ത്വലാഖിന്റെ പേരിലുള്ള കാടിളക്കല്‍

മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിനു വേണ്ടിയെന്ന പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച മുത്ത്വലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. സിപിഎം, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ക്കു പുറമെ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവും ബില്ലിനെതിരാണ്. കോണ്‍ഗ്രസ്സും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നു. മുസ്‌ലിം സംഘടനകള്‍ നേരത്തേ തന്നെ ബിജെപി സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് മുസ്‌ലിം സ്ത്രീകളുടെ ക്ഷേമമല്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞതാണ്. മുസ്‌ലിം വിരുദ്ധ വികാരം വളര്‍ത്തി ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുക എന്ന രാഷ്ട്രീയതാല്‍പര്യം മാത്രമേ ഓര്‍ഡിനന്‍സിനു പിന്നിലുള്ളൂ.
കുടുംബജീവിതത്തിന്റെ ആണിക്കല്ലായ സ്ത്രീയെ മുന്‍പിന്‍ വിചാരമില്ലാതെ ദുരിതക്കയത്തിലേക്കു തള്ളിവിടുന്ന ഒന്നല്ല ഇസ്‌ലാമിലെ വിവാഹമോചനരീതി. അകാരണമായി മൂന്നു മൊഴിയും ചൊല്ലി ഭാര്യമാരെ ഒഴിവാക്കാന്‍ അവകാശമുണ്ടാവണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെടുന്നുമില്ല. വളരെ ആധുനികവും യുക്തിപൂര്‍വവുമായ വേര്‍പിരിയലാണ് ഇസ്‌ലാം വിവാഹജീവിതത്തില്‍ വിഭാവന ചെയ്യുന്നത്. ഇസ്‌ലാമിക നിയമങ്ങളുടെ ദുരുപയോഗമാണ് വിഷയമെങ്കില്‍ ഇതരസമുദായങ്ങള്‍ക്കിടയില്‍ എന്തെല്ലാം അനാചാരങ്ങള്‍ നിലനില്‍ക്കുന്നു! ദേവദാസി സമ്പ്രദായവും സന്താരയും വിധവകളോടുള്ള വിവേചനവുമെല്ലാം ഇപ്പോഴും പ്രബലമാണ്. ഇത്തരം സ്ത്രീവിവേചനങ്ങളെ നിയമം മൂലം തടയണം. അതേ മാതൃകയില്‍ ത്വലാഖിന്റെ പേരില്‍ സ്ത്രീയോട് അനീതി കാണിക്കുന്നതും തടയാവുന്നതാണ്. വിവാഹമോചിതരായ സ്ത്രീകള്‍ക്ക് മുസ്‌ലിം വനിതാ നിയമത്തിലും പൊതുനിയമത്തിലും മാന്യമായ നഷ്ടപരിഹാരത്തിനും നീതി ലഭ്യതയ്ക്കും അവകാശമുണ്ടുതാനും. ആ നിലയ്ക്ക് മുസ്‌ലിം വനിതകളുടെ കണ്ണീരൊപ്പാന്‍ മാത്രം എന്തിനാണിത്ര തിടുക്കം?
മുസ്‌ലിം സ്ത്രീകളുടെ ക്ഷേമത്തേക്കാള്‍ മറ്റു പല പരിഗണനകളുമാണ് പുതിയ ഓര്‍ഡിനന്‍സിനു പിന്നിലുള്ളത്. രാജ്യത്തെ ഏറ്റവും പ്രബലമായ ന്യൂനപക്ഷത്തിന്റെ മതനിയമങ്ങളുമായും ആചാരങ്ങളുമായും ബന്ധപ്പെട്ട വിഷയമാണത്. വിശദമായ ചര്‍ച്ചകള്‍ക്കും ബന്ധപ്പെട്ട സമുദായത്തിന്റെ പൊതുസമ്മതത്തിനും ശേഷമാണ് ഇക്കാര്യത്തില്‍ നിയമമുണ്ടാക്കേണ്ടത്. ഒറ്റയടിക്ക് മൂന്നു ത്വലാഖ് ചൊല്ലിപ്പിരിക്കുന്നതിനെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പോലും അനുകൂലിക്കുന്നില്ല. എന്നു മാത്രമല്ല, ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ സ്ത്രീകള്‍ക്ക് നീതി നല്‍കുന്നുമില്ല. നിലവില്‍ വിവാഹമോചനം ഒരു സിവില്‍ വിഷയമാണ്. ഒരു സിവില്‍ കുറ്റത്തെ ക്രിമിനല്‍ കുറ്റമാക്കുന്നതില്‍ പല വിവക്ഷകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബില്ല് പാര്‍ലമെന്റില്‍ പാസാകാതെ വന്നപ്പോള്‍ ഓര്‍ഡിനന്‍സ് വഴി അടിച്ചേല്‍പ്പിക്കുകയല്ല ജനാധിപത്യരീതി.
മൂന്നു മൊഴിയും ചൊല്ലി പിരിച്ചയക്കപ്പെട്ട സ്ത്രീയുടെ ജീവനാംശം ഉറപ്പുവരുത്തുന്ന ശരിയായ വ്യവസ്ഥകള്‍ ഓര്‍ഡിനന്‍സിലില്ല. അതിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കണം. മൊഴി ചൊല്ലിയ ആള്‍ ജയിലിലേക്കു പോവുന്ന അവസ്ഥയില്‍ കോടതിക്ക് എങ്ങനെയാണ് ജീവനാംശം കിട്ടുന്ന കാര്യത്തില്‍ ഉറപ്പു നല്‍കാനാവുക?





Next Story

RELATED STORIES

Share it