Gulf

മുത്തുവാരല്‍ മല്‍സരത്തിന്റെ അഞ്ചാം ഘട്ടത്തിനു ഇന്നു തുടക്കം

ദോഹ: മുത്തുവാരല്‍ മല്‍സര(സെന്യാര്‍ ചാംപ്യന്‍ഷിപ്പ്-2016)ത്തിന്റെ അഞ്ചാം ഘട്ടത്തിനു കത്താറ തീരത്ത് ഇന്ന് തുടക്കമാകും. ഏപ്രില്‍ ഒമ്പതു വരെ തുടരുന്ന മല്‍സരത്തില്‍ 69 ടീമുകളെ പ്രതിനിധീകരിച്ച് 948 പേര്‍ പങ്കെടുക്കുന്നുണ്ട്.
പവിഴപ്പുറ്റ് കണ്ടെത്തല്‍, മീന്‍പ്പിടിത്തം, മുത്തുവാരല്‍ എന്നീ മൂന്നിനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. പവിഴപ്പുറ്റ് മല്‍സരം ഏപ്രില്‍ അഞ്ച്, ഒമ്പത് തിയ്യതികളിലും മുത്തുവാരല്‍ മല്‍സരം ഏപ്രില്‍ ആറ്, ഏഴ് തിയ്യതികളിലുമാണ് നടക്കുക.
പങ്കെടുക്കുന്ന ടീമുകളുടെ ബോട്ടുകളുടെ കാര്യക്ഷമത സംഘാടക സമിതി വിശദമായി പരിശോധിച്ചു. ഗതാഗത മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി തുടങ്ങിയ നിബന്ധനകളും ഉറപ്പുവരുത്തുകയുണ്ടായി. ബോട്ടിലെ വൈദ്യുതി, ഡീസല്‍, വെള്ളം, ഐസ് തുടങ്ങിയവയും രക്ഷാ കവചങ്ങളായ ലൈഫ് ബോട്ട്, ഫയര്‍ എക്‌സോസ്റ്റ് തുടങ്ങിയ കാര്യങ്ങളും ഉറപ്പുവരുത്തി.
പുതിയ ചില നിബന്ധനകള്‍ ഇത്തവണത്തെ മല്‍സരത്തിനു സംഘാടക സമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുത്തുവാരല്‍ മല്‍സരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് പരമ്പരാഗത ഉരു ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഗള്‍ഫ് മുത്തുവാരല്‍ മല്‍സരത്തില്‍ ഖത്തറിനെ പ്രതിനിധീകരിക്കാവുന്നതാണ്. ഒന്നാം സ്ഥാനം നേടിയ ടീമിനേക്കാള്‍ 20 ശതമാനത്തിനും താഴെ മാത്രം പോയന്റ് ലഭിച്ച ടീമുകളെ അടുത്ത വര്‍ഷത്തെ മല്‍സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല തുടങ്ങിയ കാര്യങ്ങളാണ് പുതുതായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it