Flash News

മുത്താഴവെടിയൊച്ച നിലയ്ക്കാത്ത രാവുകള്‍



ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തില്‍ വൈജ്ഞാനികവും സാമൂഹികവുമായ തലങ്ങളില്‍ പൊന്‍ഞൊറികള്‍ തീര്‍ത്ത പൊന്നാനിയിലെ നോമ്പുകാലത്തിനുമുണ്ട് മറ്റെങ്ങുമില്ലാത്ത പ്രത്യേകതകള്‍. നോമ്പുകാലത്ത് പൊന്നാനിക്ക് ഉറക്കമില്ല. റമദാന്‍ പൊന്നാനിക്കാര്‍ക്ക് ആരാധന മാത്രമല്ല, ആഘോഷം കൂടിയാണ്. ഒരു സംസ്‌കാരത്തിന്റെ കൈയൊപ്പ് പതിഞ്ഞ ആഘോഷം. ഈ ആഘോഷക്കാഴ്ചകളില്‍ ഏറെ പ്രാധാന്യമുള്ളതാണ് മുത്താഴവെടി. റമദാനില്‍ കുട്ടികളും ചെറുപ്പക്കാരും ചേര്‍ന്നാണ് മുത്താഴവെടി പൊട്ടിക്കുക. പോയകാലത്തെ തിരിച്ചുപിടിക്കാനെന്നവണ്ണം പൊന്നാനിയിലെ നടവഴികളിലിന്നും മുത്താഴവെടിയൊച്ച കേ ള്‍ക്കാം. രാവെളുപ്പോളം മുത്താഴവെടിയൊച്ചകള്‍ കേട്ട ഒരു തലമുറയുടെ അവസാനത്തെ കണ്ണികള്‍ ഇന്നും പൊന്നാനിയിലുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരേ പടനയിച്ച കുഞ്ഞാലി മരക്കാരുടെ നാവിക ആസ്ഥാനങ്ങളിലൊന്നായ പൊന്നാനിയില്‍ കുട്ടികള്‍ വിനോദത്തിനായി ഉപയോഗിച്ചിരുന്നത് പീരങ്കിയുടെ പ്രാഗ്‌രൂപങ്ങളിലൊന്നായ മുത്താഴവെടിയായതില്‍ അദ്ഭുതപ്പെടാനില്ല. ഒരു മീറ്റര്‍ നീളത്തില്‍ തടി കൂടിയ മുളയാണ് മുത്താഴവെടിയുടെ പ്രധാന ഭാഗം. മുളയുടെ അകത്തുള്ള കമ്പുകള്‍ ഒരു ഭാഗം മുഴുവന്‍ തുളയ്ക്കും. വാല്‍ഭാഗത്തുള്ള കമ്പ് തുളക്കില്ല. വാല്‍ഭാഗത്തുള്ള മുളയുടെ മുകളില്‍ ചെറിയൊരു ദ്വാരം നിര്‍മിക്കും. അഗ്രഭാഗത്ത് വെടിയുടെ കാഠിന്യത്താല്‍ മുള പൊട്ടിപ്പോകാതിരിക്കാന്‍ കയര്‍ കൊണ്ട് വരിഞ്ഞുകെട്ടും. പിന്നെ 30 ഡിഗ്രി ചരിച്ചുവെക്കും. അതിനു ശേഷം ദ്വാരത്തിലൂടെ മണ്ണെണ്ണ ഒഴിക്കും. മണ്ണെണ്ണ നിറച്ച മുളയുടെ അറ്റത്ത് തീകൊളുത്തി ചൂടാക്കും. അഞ്ചു മിനിറ്റിനു ശേഷം ദ്വാരത്തിലേക്ക് ഊതി വായു നിറയ്ക്കും. തുടര്‍ന്ന് തീകൊളുത്തുമ്പോള്‍ തീപ്പൊരിയോടുകൂടി വെടി മുഴങ്ങും. പീരങ്കിയുടെ അറ്റത്ത് കല്ലോ ചിരട്ടയോ വച്ചാല്‍ വേഗത്തില്‍ വെടിയോടൊപ്പം ലക്ഷ്യസ്ഥാനത്തെത്തും. ചുരുക്കം ചില വീടുകളില്‍ നിന്ന് ഇപ്പോഴും മുത്താഴവെടിയുടെ വെടിയൊച്ച കേള്‍ക്കാം. മച്ചിനു മുകളില്‍ മാറാല പിടിച്ചുകിടന്നിരുന്ന മുളക്കുറ്റികള്‍ തുടച്ചുമിനുക്കി പുതിയ തലമുറ റമദാനെ ആഘോഷമാക്കി മാറ്റുന്നു. പാതിര മയങ്ങിയാലും അങ്ങിങ്ങായി കേള്‍ക്കുന്ന വെടിയൊച്ചകള്‍ അധിനിവേശവിരുദ്ധ പോരാട്ടത്തിനു തുടക്കം കുറിച്ച പൊന്നാനിയുടെ മണ്ണിനു ചെറുത്തുനില്‍പിന്റെ പുതിയ വീര്യം പകരുന്നു.
Next Story

RELATED STORIES

Share it