kozhikode local

മുത്താച്ചിമല സംരക്ഷിക്കാന്‍ ജനകീയ മാര്‍ച്ചുമായി നാട്ടുകാര്‍ രംഗത്ത്

കുറ്റിയാടി: കിഴക്കന്‍ മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന കായക്കൊടി പഞ്ചായത്തിലെ മുത്താച്ചി മല സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി മലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം പേര്‍ പങ്കെടുത്തു.
നാടകകൃത്തും സിനിമാപ്രവര്‍ത്തകനുമായ വിനീഷ് പാലയാട് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.സമുദ്രനിരപ്പില്‍ നിന്ന് 2500 അടിയോളം ഉയരത്തില്‍ കിടക്കുന്ന ഈ മല അടുക്കുകളോടു കൂടിയതും  ചെങ്കുത്തായതുമായ പാറ കൂട്ടങ്ങള്‍ നിറഞ്ഞതും നാല് ഏക്കറിലധികം വ്യാപിച്ചുകിടക്കുന്നതും പ്രകൃതി രമണീയവുമായ പ്രദേശമാണ് .ഇതിന്റെ നെറുകയില്‍ ഏത് കടുത്ത വേനലിലും വറ്റാതെ കിടക്കുന്ന ഒരു കിണറുണ്ട്. ഇത് പഴശ്ശിരാജയുടെ കാലത്ത് നിര്‍മിച്ചതാണെന്ന് പഴമക്കാര്‍ പറയപ്പെടുന്നു. ശത്രുക്കളുടെ നീക്കങ്ങള്‍ മനസിലാക്കാന്‍ പറ്റിയ പാറ പൊത്തുകള്‍ (മടകള്‍ ) നിറഞ്ഞ സ്ഥലമായതിനാലാണ് പഴശ്ശിരാജ ഇവിടം തെരഞ്ഞെടുക്കാന്‍ കാരണമെന്ന് കരുതപ്പെടുന്നു.  പഴശ്ശിരാജയുടേതെന്ന് കരുതപ്പെടുന്ന ഉടവാളിന്റെ സ്വര്‍ണ്ണപ്പിടി ഏതാനും വര്‍ഷം മുമ്പ് ഈ മലയോട് ചേര്‍ന്ന പഷ്ണിക്കുന്നില്‍ നിന്നും ലഭിച്ചിരുന്നു.ജനവാസമില്ലാത്ത ഈ കുന്ന് അപൂര്‍വയിനം സസ്യങ്ങളുടെയും ഔഷധച്ചെടികളുടെയും കലവറയാണ്. കുരങ്ങ്, മയില്‍, കാട്ടുപൂച്ച, മലയണ്ണാന്‍, മാന്‍, ആന, വിവിധയിനം പാമ്പുകള്‍ എന്നിവയുടെ ആവാസകേന്ദ്രം കൂടിയാണിത്.പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇവിടെ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കുറെക്കാലം കരിങ്കല്‍ഖനനം നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ ഈ സംഘം തിരിച്ചെത്തിയിരിക്കുകയാണ്. ഇവര്‍ ക്വാറികളും  ക്രഷറുകളും സ്ഥാപിച്ചതിനു പുറമെ സ്‌ഫോടന വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ഇരുമ്പു പെട്ടികള്‍ വരെ സ്ഥാപിച്ചിട്ടുണ്ട്.
പാലയാട്, പൂത്തറ, കരവത്താം പൊയില്‍, കോവുക്കുന്ന്, കൂമുള്ളേമ്മല്‍ തുടങ്ങിയ മലയോര പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങള്‍ ഈ മലയിലെ നീരുറവകളില്‍ നിന്നാണ് ദാഹജലം ശേഖരിക്കുന്നത്. കരിങ്കല്‍ ഖനനവും ചെങ്കല്‍ ഖനനവും മേഖലയില്‍ അവശേഷിക്കുന്ന നീരുറവകളെക്കൂടി ഇല്ലാതാക്കുകയാണ്. ഇനിയും ഈ പ്രവൃത്തി തുടര്‍ന്നാല്‍ മലയോരം രൂക്ഷമായ വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ജനം.
Next Story

RELATED STORIES

Share it