Editorial

മുതുകിലൊരാല്‍മരം മുളച്ചാല്‍ അതും തണല്‍

ചാള്‍സ് ഡിക്കന്‍സിന്റെ ഡേവിഡ് കോപ്പര്‍ഫീല്‍ഡ് എന്ന നോവലില്‍ ഒരു കഥാപാത്രമുണ്ട്- ബാര്‍കിസ്. ആരെ വേണമെങ്കിലും കല്യാണം കഴിക്കാന്‍ സമ്മതവുമായി നില്‍ക്കുന്ന ആളാണ് ബാര്‍കിസ്. 'ബാര്‍കിസ് ഈസ് വില്ലിങ്' എന്നൊരു പ്രയോഗം തന്നെ രൂപപ്പെട്ടിട്ടുണ്ട് ഇംഗ്ലീഷ് ഭാഷയില്‍. ഏതാണ്ട് ബാര്‍കിസിന്റെ അവസ്ഥയിലാണ് ഇപ്പോള്‍ കേരളത്തിലെ ബിജെപി. ആരെ കിട്ടിയാലും പാര്‍ട്ടി കൂടെ നിര്‍ത്തും. അങ്ങനെയാണ് വെള്ളാപ്പള്ളി നടേശന്റെ എസ്എന്‍ഡിപിയെയും അതോടൊപ്പം കുറേയേറെ നാമമാത്ര സമുദായ സംഘടനകളെയും കൂട്ടിപ്പിടിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അങ്കത്തിനിറങ്ങിയത്.

ആ തന്ത്രം വിജയിച്ചുവെന്ന തോന്നലില്‍ കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ്സിനു വേണ്ടി ചുവന്ന പരവതാനിയൊരുക്കി കാത്തിരിക്കുകയാണ് ബിജെപി ഇപ്പോള്‍. മാണി ഗ്രൂപ്പുമായി സഹകരിക്കുന്ന കാര്യം ആലോചിക്കാമെന്ന പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷന്‍ വി മുരളീധരന്റെ പ്രസ്താവനയോട്, ആ വെള്ളമങ്ങു വാങ്ങിവച്ചേക്കൂ എന്ന മട്ടില്‍ മറുപടി പറഞ്ഞിട്ടുണ്ട് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍. പക്ഷേ, ഈ പ്രതികരണം മുഖവിലയ്‌ക്കെടുക്കാനാവുമോ എന്നതാണ് ചോദ്യം. കേരളത്തില്‍ കൊള്ളാവുന്ന സഖ്യകക്ഷികളെ തപ്പിപ്പിടിച്ചെടുക്കാനും അതുവഴി കേരള രാഷ്ട്രീയത്തില്‍ വേരോട്ടമുണ്ടാക്കാനും ബിജെപി നടത്തുന്ന ശ്രമങ്ങളെ ബാര്‍കിസിന്റെ സമ്മതപ്രഖ്യാപനങ്ങള്‍ മാത്രമായി വാസ്തവം പറഞ്ഞാല്‍ വിലയിരുത്തിക്കൂടാ. പുറമേക്ക് എന്തു പറഞ്ഞാലും എസ്എന്‍ഡിപിയുമായുള്ള സഖ്യത്തില്‍ നിന്നു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ ബിജെപിക്കു സാധിച്ചിട്ടില്ല.

തിരുവിതാംകൂര്‍ മേഖലയില്‍ ക്രിസ്തീയ സമുദായാംഗങ്ങള്‍ക്കിടയില്‍ എടുത്തുപറയാവുന്ന ജനസമ്മതിയുള്ള മാണി ഗ്രൂപ്പിനെ ഒപ്പം കൂട്ടിയാല്‍ വരാന്‍പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടാനാവുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. അതില്‍ ശരിയുമുണ്ട്. അതിനാല്‍, യുഡിഎഫില്‍ നിന്നു മാണിയെയും കൂട്ടരെയും അടര്‍ത്തിയെടുക്കാനുള്ള ബിജെപിയുടെ ശ്രമം തികച്ചും ആസൂത്രിതമാണെന്നുവേണം കരുതാന്‍. ബിജെപിയുമായി കൂട്ടുചേരില്ലെന്ന് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും കേരളാ കോണ്‍ഗ്രസ്സുകാര്‍ക്ക് ഹിന്ദുത്വ രാഷ്ട്രീയത്തോട് അരുചിയൊന്നുമില്ല എന്നതാണ് സത്യം. കെ എം മാണി തന്നെയും മകന്‍ ജോസ് കെ മാണിയെയും കേന്ദ്രമന്ത്രിസഭയില്‍ എടുപ്പിക്കാന്‍ ശ്രമിക്കുന്നതായി പണ്ടേ പറഞ്ഞുകേട്ടിരുന്നു. എന്‍ഡിഎയുടെ ഭാഗമായി പി സി തോമസ് പാര്‍ലമെന്റിലേക്ക് മല്‍സരിച്ചു ജയിക്കുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്ത അനുഭവം പലതായിപ്പിളര്‍ന്നു തഞ്ചവും തരവും നോക്കി ഓരോരിടത്തു ചേക്കേറുന്ന പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ട്. അതിനാല്‍, പിടിക്കുന്നത് പുളിങ്കൊമ്പാണെങ്കില്‍ മാണി ഗ്രൂപ്പ് മുറുക്കിപ്പിടിക്കും. അതേസമയം, ഇന്നലെ വരെ അഴിമതിക്കാരനെന്നും തൊട്ടുകൂടെന്നും നാടുനീളെ പറഞ്ഞുനടന്ന ഒരാളെ കൂടെ കൊണ്ടുനടക്കാന്‍ മുന്നിട്ടിറങ്ങുന്ന ബിജെപിയുടെ തൊലിക്കട്ടിയാണ് അപാരം.

അഴിമതി ഒരുകാലത്തും സംഘപരിവാര രാഷ്ട്രീയത്തിനു പ്രശ്‌നമല്ലെന്നതാണ് ഈ നിലപാടിനു പിന്നിലുള്ള ഒരേയൊരു കാരണം. ഏതു കാലത്തും ഇരട്ടത്താപ്പ് സ്വഭാവമാക്കിയ ബിജെപിക്ക് മുതുകത്ത് ഒരാല്‍മരം മുളച്ചാലും അതൊരു തണല്‍- അത്രതന്നെ.
Next Story

RELATED STORIES

Share it