മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണംബില്ലിന്റെ കരട് തയ്യാര്‍

ന്യൂഡല്‍ഹി: വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന മക്കള്‍ക്ക് ആറുമാസത്തെ തടവുശിക്ഷയും പിഴയും വ്യവസ്ഥചെയ്യുന്ന ബില്ലിന്റെ കരട് തയ്യാറായി. മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍ ഡ്രാഫ്റ്റ് ബില്ല് 2018 എന്ന പേരുള്ള ബില്ല് കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയമാണ് തയ്യാറാക്കിയത്. 2017ലെ നിയമം കൂടുതല്‍ കര്‍ക്കശമാക്കിയാണ് പുതിയ ബില്ല് തയ്യാറാക്കിയത്. വൃദ്ധ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് മൂന്നുമാസത്തെ തടവാണ് നിലവിലെ ബില്ല് വ്യവസ്ഥചെയ്യുന്നത്.
പുതിയ ബില്ലില്‍ ഈ ശിക്ഷാ കാലാവധി ഇരട്ടിയാക്കിയിട്ടുണ്ട്. കൂടാതെ, ബില്ലിന്റെ ചട്ടങ്ങളിലും വ്യവസ്ഥകളിലും അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്. 2007ലെ യുപിഎ സര്‍ക്കാരാണ് മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനായി സമഗ്രമായ നിയമം കൊണ്ടുവന്നത്. എന്നാല്‍, ഇതില്‍ നിയമലംഘകര്‍ക്കു ശിക്ഷ ഉറപ്പാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞവര്‍ഷം ഈ നിയമം ഭേദഗതിചെയ്ത് ശിക്ഷ മൂന്നുമാസമാക്കി നിജപ്പെടുത്തി. പുതിയ കരടില്‍ ഇത് ആറു മാസമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തെ മക്കള്‍ എന്നതുകൊണ്ട് സ്വന്തം മക്കളും (ബയോളജിക്കല്‍ ചില്‍ഡ്രന്‍) പേരമക്കളും മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ.
എന്നാല്‍ പുതിയ ബില്ലില്‍ മരുമക്കളും ദത്തെടുക്കപ്പെട്ട മക്കളും അവരുടെ കൊച്ചുമക്കളും എല്ലാം ഉള്‍പ്പെടുന്നുണ്ട്. മാതാപിതാക്കള്‍ക്കു ജീവനാംശം കൊടുക്കുക എന്നതുകൊണ്ട് ഭക്ഷണം, വസ്ത്രം, താമസം, സംരക്ഷണം എന്നീ കാര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നാണു പുതിയ ബില്ലില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്.
ജീവനാംശം നല്‍കാന്‍ മക്കള്‍ വിസമ്മതിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാര കോടതിയെ സമീപിക്കാവുന്നതുമാണ്. കോടതി മുമ്പാകെയെത്തുന്ന പരാതികളില്‍ മാതാപിതാക്കള്‍ക്ക് മതിയായ ജീവനാംശം നല്‍കണമെന്ന് ഉത്തരവിടാന്‍ കോടതിക്ക് അധികാരവുമുണ്ട്.
മക്കളില്ലാത്ത ദമ്പതികള്‍ ആണെങ്കില്‍ അവരുടെ ബന്ധുക്കളാണ് ജീവനാംശം നല്‍കേണ്ടത്്. ബന്ധുക്കളുടെയും മക്കളുടെയും സാമ്പത്തികസ്ഥിതിയും മാതാപിതാക്കളുടെ ജീവിതസാഹചര്യവും അനുസരിച്ചായിരിക്കും കോടതി പ്രതിമാസ ജീവനാംശത്തുക തീരുമാനിക്കുക. നിലവില്‍ ജീവനാംശമായി ലഭിക്കുന്ന പരമാവധി തുക 10,000 രൂപയാണ്. എന്നാല്‍, പുതിയ ബില്ലില്‍ ഇതും വര്‍ധിപ്പിച്ചിട്ടുണ്ട്.
നിശ്ചിത തുക നല്‍കിയില്ലെങ്കില്‍ മക്കളെയോ ബന്ധുക്കളെയോ ശിക്ഷിക്കാനും കോടതിക്ക് അധികാരമുണ്ട്. 60 വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍ക്കാണ് ഈ നിയമപ്രകാരമുള്ള ആനുകൂല്യം ലഭ്യമാക്കുക.
Next Story

RELATED STORIES

Share it