മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം: ശിക്ഷ ഉറപ്പാക്കണം: കേരളം

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കാത്തവര്‍ക്കു ശിക്ഷ ഉറപ്പുവരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തിയ കേരള സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഓഫിസര്‍ അഡ്വ. വി കെ ബീരാന്‍ കേന്ദ്ര നിയമമന്ത്രി ഡി വി സദാനന്ദ ഗൗഡയ്ക്കും സാമൂഹിക ക്ഷേമമന്ത്രി താവര്‍ചന്ദ് ഗെഹ്‌ലോട്ടിനും നിവേദനം നല്‍കി.
മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിന് നല്‍കേണ്ട തുകയുടെ പരിധി ഉയര്‍ത്തണം. നിലവില്‍ ഇത് പരമാവധി 10,000 രൂപയാണ്. പക്ഷേ താമസം, വസ്ത്രം, ഭക്ഷണം, ആശുപത്രി ചെലവ് തുടങ്ങിയവയ്ക്കായി ഇത്രയും തുക അപര്യാപ്തമാണ്. അതിനാല്‍ മുതിര്‍ന്നവരെ സംരക്ഷിക്കുന്നതിനുള്ള തുക വര്‍ധിപ്പിക്കണം. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനായി 2007ല്‍ യുപിഎ സര്‍ക്കാര്‍ സമഗ്ര നിയമം പാസാക്കിയിട്ടുണ്ട്. ഇതില്‍ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ പറയുന്നില്ല. അതിനാല്‍ അധികൃതര്‍ നിയമം നടപ്പാക്കുന്നുണ്ടോയെന്നും മുതിര്‍ന്നവരെ സംരക്ഷിക്കാത്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ ഭേദഗതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രയോജനപ്പെടുന്ന പല നിയമങ്ങളുമുണ്ട്. പക്ഷേ, അവ നടപ്പാക്കാന്‍ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ താല്‍പര്യമില്ല. നിയമ ഭേദഗതി വരുത്തി അവ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയാല്‍ മാത്രമെ വൃദ്ധജനങ്ങള്‍ക്ക് സംരക്ഷണം ലഭിക്കൂ. എല്ലാ ജില്ലകളിലും മുതിര്‍ന്നവര്‍ക്കായി പ്രത്യേക ഭവനം വേണം. നിയമങ്ങള്‍ കൃത്യമായി നടപ്പാക്കിയാല്‍ മുതിര്‍ന്നവര്‍ അനുഭവിക്കുന്ന 70 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. അതിനാല്‍ നിയമ ലംഘകര്‍ക്കു ശിക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ ഭേദഗതിവേണം. കേരളത്തില്‍ ആര്‍ഡിഒയും സബ്കലക്ടര്‍മാരുമാണ് മുതിര്‍ന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന കോടതിയായ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ചുമതല വഹിക്കുന്നത്. ജില്ലാ കലക്ടര്‍മാരാണ് ഇതിന്റെ അപ്പലറ്റ് അതോരിറ്റി. വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ പരാതിക്കാരായ മുതിര്‍ന്ന പൗരന്‍മാര്‍ക്കു മാത്രമെ അപ്പലറ്റ് അതോറിറ്റിയെ സമീപിക്കാന്‍ അധികാരമുള്ളൂ.
ഓരോ സബ് ഡിവിഷനിലും ട്രൈബ്യൂണല്‍ രൂപീകരിച്ച് പരാതികളില്‍ നടപടി സ്വീകരിക്കേണ്ടതാണ്. എന്നാല്‍ പലപ്പോഴും വയോജനങ്ങള്‍ നല്‍കുന്ന പരാതികളില്‍ യഥാസമയം നടപടി ഉണ്ടാവുന്നില്ല. പരാതി നല്‍കിയവര്‍ അധികം വൈകാതെ മരിച്ചുപോവുന്നതോടെ കേസ് അവസാനിക്കുകയാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്കു നീതിനിഷേധിക്കപ്പെട്ടാല്‍ കോടതിയില്‍ പരാതി നല്‍കാനും അത് സമയബന്ധിതമായി പരിഹരിക്കാനും നിയമമുണ്ട്. എന്നാല്‍ കോടതികളിലും കേസുകള്‍ കെട്ടിക്കിടക്കുകയാണ്. മുതിര്‍ന്ന പൗര്‍മാരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട ഔദ്യോഗിക സ്ഥാനത്തുള്ളവര്‍ തന്നെ നിയമങ്ങളെ കുറിച്ച് അജ്ഞരാണ്. പരാതി ലഭിച്ച് മൂന്നു മാസത്തിനുള്ളില്‍ നടപടിയെടുക്കണം. അത് ഏറിവന്നാല്‍ ഒരുമാസം കൂടി നീട്ടാം. അതിനുള്ളില്‍ നിര്‍ബന്ധമായും കേസ് തീര്‍പ്പാക്കിയിരിക്കണം. സ്വന്തം മക്കള്‍ക്കെതിരെയും ബന്ധുക്കള്‍ക്കെതിരേയും പരാതി നല്‍കാന്‍ പലപ്പോഴും മാതാപിതാക്കള്‍ മടിക്കുകയാണ്. അതിനാല്‍ സാമൂഹിക ക്ഷേമ ഓഫിസര്‍ സമേധയാ കേസെടുത്ത് നടപടി സ്വീകരിക്കുകയാണ് വേണ്ടത്. നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it