ernakulam local

മുതിര്‍ന്ന നേതാവിനെ ഒഴിവാക്കിയതിനെച്ചൊല്ലി ചേരിപ്പോര്

മൂവാറ്റുപുഴ: യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഒഴിവാക്കിയതിനെച്ചൊല്ലി മുന്നണിയില്‍ ചേരിപ്പോര്.
ഇന്നലെ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന നിയോജകമണ്ഡലം കണ്‍വന്‍ഷനിലാണ് കെപിസിസി അംഗം മുഹമ്മദ് ബഷീറിനെ ഒഴിവാക്കിയത്. ചെയര്‍മാന്‍ സ്ഥാനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എം അബ്ദുല്‍ മജീദിന് നല്‍കിയപ്പോള്‍ ജനറല്‍ കണ്‍വീനര്‍ സ്ഥാനം മുന്‍ ഡിസിസി സെക്രട്ടറി കെ എം സലീമിനാണ്. എ ഗ്രൂപ്പിലെ ജില്ലയിലെ പ്രധാനികളില്‍ ഒരാളായ മുഹമ്മദ് ബഷീറിനെ ഒഴിവാക്കിയതിനു പിന്നില്‍ ഗ്രൂപ്പിലെ ചേരിപ്പോരാണെന്നാണ് അണികളുടെ നിലപാട്. ഐ വിഭാഗക്കാരനായ ജോസഫ് വാഴയ്ക്കന്‍ മല്‍സരിക്കുന്ന മൂവാറ്റുപുഴയില്‍ ഇലക്ഷന്‍ കമ്മിറ്റിയില്‍ എ വിഭാഗം കെ എം സലീമിനെ ഉള്‍പ്പെടുത്തുകയായിരുന്നു.
ബഷീറിനെ ഇരുപതോളം പേരടങ്ങിയ രക്ഷാധികാരികളില്‍ ഒരാളായി ഒതുക്കുകയും ചെയ്തു. എ വിഭാഗത്തിലെ ബഷീര്‍ വിരുദ്ധര്‍ ആധിപത്യം നിലനിര്‍ത്തുന്നത് വ്യക്തമാക്കുന്നതായാണ് കെ എം സലിമിനെ ഉള്‍പ്പെടുത്തിയത് സൂചിപ്പിക്കുന്നത്.
അതിനിടെ മുസ്‌ലിം ലീഗിലെ ചേരിപ്പോരും കണ്‍വന്‍ഷനില്‍ ദൃശ്യമായി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എം അമീറലി വേദിയിലെത്തിയശേഷം ഉടന്‍ മടങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it