മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ് അന്തരിച്ചു

കോട്ടയം: മേഘാലയ മുന്‍ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം എം ജേക്കബ് (90) അന്തരിച്ചു. കോട്ടയം പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാമപുരം മുണ്ടയ്ക്കലിലെ സ്വവസതിയില്‍ നിന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫെറോന പള്ളി സെമിത്തേരിയില്‍.
കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാക്കളിലൊരാളായ എം എം ജേക്കബ്, അരനൂറ്റാണ്ടിലേറെ രാഷ്ട്രീയ-ഭരണതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. സാമൂഹികസേവകന്‍, അധ്യാപകന്‍, അഭിഭാഷകന്‍, സംഘാടകന്‍, പരിശീലകന്‍, രാഷ്ട്രീയനേതാവ്, ഭരണാധികാരി, പ്രാസംഗികന്‍, സഹകാരി, കായികതാരം, പത്രാധിപര്‍ തുടങ്ങി എം എം ജേക്കബിന്റെ വിശേഷണങ്ങള്‍ ഏറെയാണ്. രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി കൂടിയായ എം എം ജേക്കബ് പാര്‍ലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലായി കേന്ദ്ര സഹമന്ത്രിയായി.
1982ലും 88ലും രാജ്യസഭാംഗമായി. 1986ലാണ് രാജ്യസഭാ ഉപാധ്യക്ഷനാവുന്നത്. വിവിധ രാജ്യങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. 1985ലും 1993ലും യുഎന്‍ ജനറല്‍ അസംബ്ലിയിലും ജേക്കബിന്റെ ശബ്ദം മുഴങ്ങി. 1995 മുതല്‍ 2007 വരെ മേഘാലയ ഗവര്‍ണറായി സേവനമനുഷ്ഠിച്ചു.
കോട്ടയം ജില്ലയില്‍ രാമപുരം മുണ്ടയ്ക്കല്‍ ഉലഹന്നാന്‍ മാത്യു-റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1927 ആഗസ്ത് 9നാണ് മുണ്ടയ്ക്കല്‍ മാത്യു ജേക്കബ് എന്ന എം എം ജേക്കബ് ജനിച്ചത്. മഞ്ചാടിമറ്റം പ്രൈമറി സ്‌കൂള്‍, രാമപുരം സെന്റ് അഗസ്റ്റിന്‍സ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ പഠിക്കവെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനാല്‍ ഇടക്കാലത്ത് പഠനം ഉപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്ന് തേവര എസ്എച്ച് കോളജ്, മദ്രാസ് ലയോള കോളജ്, ലഖ്‌നോ സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം. നിയമത്തില്‍ ബിരുദം, രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം, ഇന്‍കംടാക്‌സ് ഡിപ്ലോമ, ഷിക്കാഗോ യൂനിവേഴ്‌സിറ്റിയില്‍ സാമൂഹികപ്രവര്‍ത്തനത്തില്‍ ഉന്നതപഠനം. 1952ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്.
ഭാര്യ: പരേതയായ അച്ചാമ്മ- തിരുവല്ല കുന്നുതറ കുടുംബാംഗമാണ്. മക്കള്‍: ജയ (കേരള ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍, തിരുവനന്തപുരം), ജെസ്സി (ഇന്ത്യന്‍ എംബസി, ജര്‍മനി), എലിസബത്ത് (എയര്‍ ഇന്ത്യ, എറണാകുളം) റേച്ചല്‍ (ചെന്നൈ). മരുമക്കള്‍: കെ സി ചന്ദ്രഹാസന്‍ (കേരള ട്രാവല്‍സ്), പരേതനായ ഫാല്‍ക്ക് റെയ്റ്റ്‌സ് (ജര്‍മനി), തോമസ് എബ്രഹാം (ബിസിനസ്, എറണാകുളം), എല്‍ഫിന്‍ മാത്യൂസ് (ബിസിനസ്, ചെന്നൈ). സഹോദരങ്ങള്‍: പരേതരായ ജോണ്‍ മുണ്ടയ്ക്കല്‍, മാത്യൂ സഖറിയാസ്.
Next Story

RELATED STORIES

Share it