thrissur local

മുതലാളിത്തം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ ഫാഷിസ്റ്റ് പ്രവണതകള്‍ സഹായിക്കുന്നെന്ന്



തൃപ്രയാര്‍: മുതലാളിത്തം അതിന്റെ പ്രതിസന്ധികള്‍ നേരിടുന്നത് പലവിധത്തിലാണെന്നും ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകള്‍ ഒരു പരിധിവരെ  അതിനവരെ സഹായിക്കുന്നുണ്ടെന്നും പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃപ്രയാര്‍ ശ്രീരാമ തിയേറ്ററില്‍ ജനചിത്ര ഫിലിം സൊസൈറ്റി സംഘടിപ്പിച്ച “ഒക്ടോബര്‍ വിപ്ലവം ചരിത്രത്തിലും ചലച്ചിത്രത്തിലും എന്ന പരിപാടി ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളവല്‍ക്കരണത്തെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടത്ര കഴിഞ്ഞില്ല. ഇന്ത്യയില്‍ കോര്‍പറേറ്റിസം ശക്തി പ്രാപിച്ചതില്‍ അതൊരു പ്രധാന കാരണമായി. ഫാഷിസത്തിന്റെ വളര്‍ച്ചയ്ക്കും അത് വഴിവെച്ചു. ഇന്ത്യന്‍ മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ അതിന്റെ ഫാഷിസ്‌റ് പ്രവണതകള്‍ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ മാത്രം സാഹചര്യമല്ല. ലോകവ്യാപകമായ സംഗതിയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മുതലാളിത്തവല്‍ക്കരണ പ്രക്രിയയില്‍ വന്‍തോതിലുള്ള മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഈ മാറ്റത്തിന്റെ വേഗത വര്‍ധിപ്പിച്ചത് ആഗോളവല്‍ക്കരണമാണ്. ഇത് വേണ്ടത്ര ഉള്‍ക്കൊള്ളാന്‍ ജനാധിപത്യ ശക്തികള്‍ക്ക് കഴിഞ്ഞിട്ടില്ല. അത് സാമ്രാജ്യത്വ ചൂഷണം എളുപ്പത്തിലാക്കുന്നുവെന്നും പട്‌നായിക് കൂട്ടിച്ചേര്‍ത്തു. ധനഞ്ജയന്‍ കെ മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എന്‍.സ്മിത,എ.വി .പ്രദീപ് ലാല്‍ ,സലിം.വി.ദിവാകരന്‍, കെ.വി .കിഷോര്‍കുമാര്‍ സംസാരിച്ചു. തുടര്‍ന്ന് സെര്‍ജി ഐസന്‍സ്റ്റീന്‍ സംവിധാനം ചെയ്ത ബാറ്റില്‍ഷിപ് പൊട്ടേംകിന്‍ എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം  നടന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ പതിനൊന്നു വരെ ഒന്നര മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഭാഗമായി തൃപ്രയാറിലും പരിസര പ്രദേശങ്ങളിലും ചലച്ചിത്ര പ്രദര്‍ശനങ്ങളും സെമിനാറുകളും പ്രഭാഷണങ്ങളും നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it