palakkad local

മുതലമട മാന്തോപ്പുകളില്‍ നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്നതായി ആക്ഷേപം

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നും കീടനാശിനികള്‍ കൊണ്ടുവന്ന് മുതലമടയിലെ മാവിന്‍ തോപ്പുകളില്‍ ഉപയോഗിക്കുന്നതായി ആക്ഷേപം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കീടങ്ങളുടെ ആക്രമണത്തെ ചെറുക്കുവാന്‍ മാരകമായ കീടനാശിനികള്‍ തമിഴ്‌നാട്ടില്‍നിന്നും വന്‍തോതില്‍ കേരളത്തിലെത്തിച്ച് മാവിന് ഉപയോഗിക്കുന്ന രീതി വര്‍ദ്ധിച്ചു വരികയാണെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ നാലുവര്‍ഷമായി മാവുകള്‍ പൂക്കുന്ന സമയങ്ങളില്‍ അതിര്‍ത്തികളില്‍ കീടനാശിനി കൊണ്ടുവരുന്ന വാഹനങ്ങള്‍ പരിശോധിക്കാറുണ്ടായിരുന്നു. ജില്ലയിലെ കീടനാശിനി ഡിപ്പോകളും വില്‍പന കേന്ദ്രങ്ങളും കൃഷിവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു എന്നാല്‍ നിലവില്‍ ഇത്തരം പരിശോധനകള്‍ നടക്കാത്തതിനാല്‍ സര്‍ക്കാര്‍ നിരോധിച്ച കീടനാശിനികള്‍ പോലും മാവില്‍ ഉപയോഗിക്കുന്നതായി പരിസരവാസികള്‍ ആരോപിക്കുന്നു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗം മൂലം മുതലമട ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളി ല്‍ തൊഴിലാളികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ശാരീരിക അംഗവൈകല്യം ഉണ്ടായതായും ഇതിനെതിരെ പരിശോധന നടത്തി നടപടിയെടുക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനു വരെ ഇരകള്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ താലൂക്കിലെ നാലിലധികം പഞ്ചായത്തുകളില്‍ പ്രത്യേകം ആരോഗ്യ പരിശോധനകള്‍ നടത്തിയിരുന്നു. കൂടാതെ മാവിന് തളിക്കേണ്ട കീടനാശിനികളെകുറിച്ച് ബോധവല്‍ക്കരണവും നോട്ടീസ് പ്രചാരണവും നടത്തിയിരുന്നെങ്കിലും ഇവയൊന്നും പാലിക്കപ്പെട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം മാന്തോട്ടങ്ങളില്‍ എല്ലാതരം കീടനാശിനികളും ഉപയോഗിക്കേണ്ട അവസ്ഥയാണിന്നുള്ളതെന്നാണ് മാന്തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവര്‍ പറയുന്നത്. കൃഷിഭവനുകളുടെ നേതൃത്വത്തില്‍ മാവിന് കീടനാശിനി ഉപയോഗത്തെകുറിച്ചുള്ള ബോധവല്‍ക്കരണം ശക്തമാക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്നും വ്യാപകമായി കീടനാശിനികള്‍ കേരളത്തിലെത്തുന്നതായി അറിയുന്നു.
മാവിന് ഏതുതരം കീടനാശിനികള്‍ ഉപയോഗിച്ചാലും കീടനാശിനി തളിക്കുന്ന തൊഴിലാളികള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളും കാറ്റില്‍ പറത്തുന്നുണ്ട്. കൈയ്യുറകള്‍ ധരിക്കുകയും മുഖംമൂടി ധരിക്കുകയും വേണമെന്നുണ്ടെങ്കിലും ഇവയൊന്നും പാലിക്കാതെയാണ് തൊഴിലാളികള്‍ കീടനാശിനി തളിക്കുന്നത്. ഇത് മാരകമായ ശ്വാസകോശ രോഗങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരന്തം ആവര്‍ത്തിക്കാനും വഴിവെക്കുമെന്നാണ് പരിസരവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.
Next Story

RELATED STORIES

Share it