palakkad local

മുതലമട പഞ്ചായത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു

കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ കള്ളിയമ്പാറയിലും സമീപ പ്രദേശങ്ങളിലും അയല്‍ ജില്ലകളിലെ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
ഇന്നലെ കൂടിയ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ ഇടു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളും അനുകൂല നിലനിലപാട് സ്വീകരിച്ചതോടെയാണ് പ്രമേയം പാസായത്.
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഭരണ സമിതി പാസാക്കിയ പ്രമേയം നടപ്പിലാക്കാന്‍ സെക്രട്ടറി ബാധ്യസ്ഥനാണ്. ഇതോടെ അന്യ ജില്ലകളില്‍ നിന്നും കൊണ്ടു വരുന്ന മാലിന്യങ്ങള്‍ മുതലമട പഞ്ചായത്തിന്റെ പ്രദേശങ്ങളില്‍ കോണ്ടു വരുന്നവര്‍ക്കെതിരേയും നിക്ഷേപിക്കാന്‍ സൗകര്യം ഉണ്ടാക്കി കൊടുക്കുന്നവര്‍ക്കെതിരേയും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു.
കള്ളിയമ്പാറയില്‍ സ്വകാര്യ തോട്ടത്തില്‍ മാലിന്യം നിക്ഷേപിച്ചതിനെതിരെയും നിയമ നടപടികളെടുക്കാന്‍ നിയമോപദേശം തേടുമെന്നും തെന്‍മലയില്‍ നിന്നും വരുന്ന പാത്തിപ്പാറ പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തിയത് റവിന്യൂ വകുപ്പിനോട് പരിശോധിക്കാനും യോഗം ആവശ്യപ്പെട്ടു.
മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി ബോധവല്‍ക്കരണത്തിനായി മാങ്ങാകര്‍ഷകര്‍, തെങ്ങു കര്‍ഷകരുടെ ക്ലസ്റ്ററുക ള്‍, വാര്‍ഡുതല ശുചീകരണ കമ്മിറ്റി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
മുതലമട പഞ്ചായത്തില്‍ മാലിന്യം നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് വയ്ക്കുവാന്‍ ഭരണ സമിതിയില്‍ തീരുമാനമായി.
Next Story

RELATED STORIES

Share it