thiruvananthapuram local

മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മാണത്തില്‍ അപാകത: അഞ്ചു വര്‍ഷത്തിനുള്ളില്‍ നൂറോളം തെങ്ങുകള്‍ കടലെടുത്തു; തകര്‍ന്നത് 11 വീടുകളും കടല്‍ത്തീരവും

ചിറയിന്‍കീഴ്: അപ്രതീക്ഷിതമായി ആഞ്ഞടിച്ച തിരകളില്‍ നഷ്ടമായത് വീടുകളും കടല്‍തീരവും. കഴിഞ്ഞദിവസം താഴംപള്ളി, പൂത്തുറ എന്നീ പ്രദേശത്താണ് 11 വീടുകള്‍ തകര്‍ന്നത്. അരകിലോമീറ്ററോളം തീരമുണ്ടായിരുന്ന പ്രദേശത്ത് തീരം പൂര്‍ണമായും നഷ്ടപ്പെട്ടു.
മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മാണത്തിലെ അപാകതയാണ് കാലംതെറ്റിയെത്തിയ കടല്‍ക്ഷോഭത്തിന് കാരണമെന്ന് മല്‍സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. മുതലപ്പൊഴി ഹാര്‍ബറിന് തെക്കുവശത്തുള്ള പെരുമാതുറ ഭാഗത്തെ തീരത്ത് കിലോമീറ്ററുകളോളം പുതുതായി മണല്‍തിട്ടകള്‍ ഉണ്ടാവുകയും വടക്ക് താഴംപള്ളി ഭാഗത്തുണ്ടായിരുന്ന അരകിലോമീറ്ററോളം തീരം പൂര്‍ണമായും കടലെടുക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കായ്ഫലമുള്ള നൂറോളം തെങ്ങുകളാണ് കടലെടുത്തത്. കടല്‍ക്ഷോഭം പ്രദേശത്ത് നിത്യസംഭവമായി മാറുകയാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതിന് യാതൊരു പരിഹാര നടപടിയും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ 2 വര്‍ഷത്തിനിടെ മുതലപ്പൊഴി ഹാര്‍ബറിനുള്ളില്‍ കടന്ന് മല്‍സ്യബന്ധനത്തിന് പോയി തിരികെവന്ന 20ഓളം മല്‍സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഒരാഴ്ചയ്ക്ക് മുമ്പുള്ള കടലാക്രമണത്തില്‍ പൂത്തുറ ശിങ്കാരിത്തോപ്പ് നിവാസി ഐറിന്‍ ആന്റണിയെ കടലെടുക്കുകയും മല്‍സ്യത്തൊഴിലാളികള്‍ രക്ഷിക്കുകയും ചെയ്തിരുന്നു. പൂത്തുറ ചൗക്കല്‍ വീട്ടില്‍ ഐറിന്‍ ലാസറിന് വീട്ടിനുള്ളില്‍ ലൈറ്റിടാന്‍ സ്വിച്ച് അമര്‍ത്തവെ തിര വീട്ടിനുള്ളില്‍ കയറുകയും തുടര്‍ന്ന് ഷോക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐറിന്‍ ലാസര്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
താഴംപള്ളി മുതല്‍ അഞ്ചുതെങ്ങ് വരെ യുദ്ധകാലാടിസ്ഥാനത്തില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കണം, പുലിമുട്ട് സ്ഥാപിച്ച ശേഷം കടല്‍ഭിത്തി ബലപ്പെടുത്തണം, കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍ ഭിത്തി ബലപ്പെടുത്തി സ്ഥാപിക്കണം, പുലിമുട്ടുകള്‍ സ്ഥാപിക്കണം, മല്‍സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയാവുന്ന കടല്‍ഭിത്തിയുടെ അപാകത ഉടന്‍ പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി.
കടലാക്രമണത്തെ പ്രതിരോധിക്കാന്‍ നിരവധി തവണ തീരദേശവാസികള്‍ അധികൃതരോട് കടല്‍ഭിത്തി ബലപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വലിപ്പം കുറഞ്ഞ പാറ തീരത്ത് നിക്ഷേപിക്കുക മാത്രമാണ് ചെയ്തതെന്ന് തീരദേശവാസികള്‍ ആരോപിക്കുന്നു. വലിപ്പം കുറഞ്ഞ കല്ലുകള്‍ തീരയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് നിരവധി തവണ മല്‍സ്യത്തൊഴിലാളികള്‍ അധികൃതരെ അറിയിച്ചു. ഇത് ചെവികൊള്ളാത്തതിന്റെ ഫലമാണ് ഇപ്പോഴുണ്ടായ നാശത്തിന് കാരണം. കടല്‍ഭിത്തി തകര്‍ത്തുകൊണ്ടാണ് ഇപ്പോള്‍ തിര അടിക്കുന്നത്.
പൂത്തുറ സെന്റ് റോക്കി ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മുന്നൂറോളം പേരാണുള്ളത്. ക്യാംപില്‍ നിന്ന് വീടുകളും വസ്തുവകകളും നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് നാശനഷ്ടങ്ങളുടെ കണക്ക് താലൂക്ക് അധികൃതര്‍ എഴുതിവാങ്ങി. ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് പഞ്ചായത്തുകളുടെ ഓരോ വാര്‍ഡുകളിലെയും വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുഭാഷും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, ആന്റണി ഫെര്‍ണാണ്ടസ്, പ്രമീളാ സിദ്ധാര്‍ഥന്‍, സിഐടിയു നേതാക്കളായ സി പയസ്, ജെ ലോറന്‍സ് സന്ദര്‍ശിച്ചു.
പ്രദേശം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി സന്ദര്‍ശിച്ചു
ചിറയിന്‍കീഴ്: ശക്തമായ കടല്‍ക്ഷോഭം തുടരുന്ന അഞ്ചുതെങ്ങ്, പൂത്തുറ, താഴംപള്ളി പ്രദേശങ്ങള്‍ ചിറയിന്‍കീഴ് എംഎല്‍എയും നിയുക്ത ഡെപ്യൂട്ടി സ്പീക്കറുമായ വി ശശി സന്ദര്‍ശിച്ചു. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് ക്യാംപുകളില്‍ കഴിയുന്നവരെയും അദ്ദേഹം സന്ദര്‍ശിച്ചു. നാട്ടുകാരുടെ ആവശ്യപ്രകാരം കടല്‍ഭിത്തി ദുര്‍ബലമായ ഇടങ്ങളില്‍ അവ പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കടലാക്രമണത്തെ ചെറുക്കാന്‍ ഇവിടെ പുലിമുട്ടാണ് വേണ്ടതെങ്കില്‍ അവ സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വി ശശി പറഞ്ഞു.
കഴിഞ്ഞദിവസം രാവിലെയാണ് കടല്‍ക്ഷോഭം സംഭവിച്ച് വീടുകള്‍ തകര്‍ന്ന താഴംപള്ളി, പൂത്തുറ ഭാഗങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തിയത്. എംഎല്‍എയുടെ സന്ദര്‍ശന സമയത്തും അതിശക്തമായ തിരമാല കരയിലേയ്ക്ക് അടിച്ചുകയറിയിരുന്നു. പ്രദേശത്ത് അടിക്കടിയുണ്ടാവുന്ന കടല്‍ക്ഷോഭത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടി ആവശ്യപ്പെട്ട് മല്‍സ്യത്തൊഴിലാളികളും നാട്ടുകാരും എംഎല്‍എയെ കണ്ട് സഹായം അഭ്യര്‍ഥിച്ചു.
പ്രദേശത്തെ കടല്‍ക്ഷോഭം ചെറുക്കുന്നതിന് വേണ്ട നടപടി എടുക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പണം അനുവദിക്കാന്‍ വേണ്ട നടപടി എടുക്കുമെന്ന് മല്‍സ്യത്തൊഴിലാളികളെ അദ്ദേഹം അറിയിച്ചു. മുതലപ്പൊഴി മുതല്‍ അഞ്ചുതെങ്ങുവരെ പുലിമുട്ട് നിര്‍മിക്കണമെന്ന് നാട്ടുകാര്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു. വളരെ സാമ്പത്തിക ബാധ്യതയുള്ള പദ്ധതിയായതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായം ലഭിച്ചാല്‍ മാത്രമെ പുലിമുട്ട് നിര്‍മിക്കാന്‍ സാധിക്കൂവെന്ന് എംഎല്‍എ അറിയിച്ചു. അതിനായി മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് നടപടി കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദുരിതാശ്വാസ ക്യാംപായ സെന്റ് റോക്കീസ് പള്ളി ഓഡിറ്റോറിയത്തില്‍ കഴിയുന്ന വൃദ്ധജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി തിരുവനന്തപുരം ബിഷപ്പ്ഹൗസില്‍ നിന്നും കിടക്കകളും തലയിണയും ബെഡ്ഷീറ്റും വിതരണം ചെയ്തു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുഭാഷ്, സിപിഎം ആറ്റിങ്ങല്‍ ഏരിയ സെക്രട്ടറി ആര്‍ രാമു, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ്‍, മുന്‍ പ്രസിഡന്റ് സി പയസ്, ബ്ലോക്ക് വികസനകാര്യ സമിതി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, പ്രമീള സിദ്ധാര്‍ഥന്‍ എന്നിവര്‍ വി ശശിയൊടൊപ്പം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it