thiruvananthapuram local

മുതലപ്പൊഴിയുടെ സമഗ്രവികസനത്തിന് രണ്ടരക്കോടി സര്‍ക്കാര്‍ നല്‍കും

കഴക്കൂട്ടം: കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച പെരുമാതുറ മുതലപ്പൊഴിയുടെ വികസനത്തിന് രണ്ടരക്കോടി സര്‍ക്കാര്‍ നല്‍കും. ടൂറിസത്തിന് അനന്തസാധ്യതയുള്ള പ്രദേശമെന്ന് പരിഗണിച്ച് കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി സര്‍ക്കാരിന് ഇതു സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഈ റിപോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. പദ്ധതിയുടെ ഭരണാനുമതി അടുത്തദിവസംതന്നെ ഉണ്ടാവുമെന്നാണ് സൂചന. മുതലപ്പൊഴിയെ മല്‍സ്യബന്ധന തുറമുഖമാക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതിനിടെയാണ് കടലും കായലും സംഗമിക്കുന്ന പൊഴിക്ക് മീതേയുള്ള കൂറ്റന്‍പാലം നാബാര്‍ഡിന്റെ ഫണ്ടുപയോഗിച്ച് നിര്‍മിച്ചത്. ഇതോടെ ഇവിടത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി സഞ്ചാരികളുടെ ഒഴുക്കും തുടങ്ങി. കടലും കായലും സംഗമിക്കുന്ന പൊഴിമുഖത്ത് നിന്നു തന്നെ കടലിന്റെയും കായലിന്റെയും സൗന്ദര്യം ആസ്വദിക്കാമെന്നതാണ് മറ്റുള്ള ടൂറിസം കേന്ദ്രങ്ങളില്‍ നിന്നും പെരുമാതുറ മുതലപ്പൊഴിയെ വ്യത്യസ്തമാക്കുന്നത്.
കേരളത്തില്‍ മറ്റെവിടെയും ഇങ്ങനെയൊരു കാഴ്ചയില്ലെന്നാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ പറയുന്നത്. ജിപാക്ക് എന്ന പ്രൈവറ്റ് കമ്പനിയാണ് മുതലപ്പൊഴിയുടെ സമഗ്രമായ വികസനത്തിന് വേണ്ടി റിപോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുതലപ്പൊഴിയുടെ വികസനത്തിന് തയാറായതും. പെരുമാതുറ ഗ്രാമത്തെ കേരളത്തിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനാവുമെന്നാണ് ഹാര്‍ബര്‍ വകുപ്പിന്റെ പ്രതീക്ഷ.
നിലവില്‍ ഇവിടെ എത്തുന്നവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമോ സന്ധ്യ കഴിഞ്ഞാല്‍ വെളിച്ചമോ ഇല്ലാത്ത അവസ്ഥയാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ട് ആദ്യപടി കംഫര്‍ട്ട് സ്റ്റേഷന്‍, മുതലപ്പൊഴിയും ബീച്ചും പാലവും പ്രകാശമാനമാക്കുക, ലക്ഷുഭക്ഷണശാല, കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, ബീച്ചിലേക്കുള്ള പാതക്രമീകരണം, പാര്‍ക്കിങ് സൗകര്യം, കെടിഡിസിയുടെ ഒരു ഔട്ട്‌ലറ്റും നിര്‍മിക്കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
പാലത്തിന്റെ താഴ്ഭാഗത്തു നിന്നും താഴംപള്ളി പെരുമാതുറ പ്രദേശത്തുകൂടിയാണ് തുറമുഖത്തിന്റെ പുലിമുട്ടിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. പെരുമാതുറ ഭാഗത്ത് 520 മീറ്റര്‍ നീളത്തിലും താഴംപള്ളി ഭാഗത്ത് 470 മീറ്റര്‍ നീളത്തിലുമാണ് നിര്‍മാണം. ഇത് അവസാനഘട്ടത്തിലാണ്.
ഇത് പുലിമുട്ട് പാത മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. ആയതിനാല്‍ ഇവിടയെത്തുന്ന സഞ്ചാരികള്‍ക്ക് ഉള്‍ക്കടല്‍ വളരെ അടുത്ത് നിന്നുകാണാന്‍ കഴിയുമെന്ന പ്രത്യേകയുമുണ്ട്. തിരമാലകളില്‍ നിന്നും പൂര്‍ണ സംക്ഷണത്തിനായി 8000 കിലോ ഭാരമുള്ള 2500 റെഡിമെയ്ഡ് പുലിമുട്ടുകള്‍ കൊണ്ട് ലോക്ക് ചെയ്യും. ഇതിന്റെ നിര്‍മാണവും ഏറെക്കുറെ പൂര്‍ത്തിയാവാറായി. മുതലപ്പൊഴിയും ഇവിടത്തെ തീരവും ആസ്വദിക്കുന്നതിനപ്പുറം ഒരു ദിശയിലുള്ള കടലും മറുദിശയിലുള്ള കായലും കണ്ടുകൊണ്ട് മുതലപ്പൊഴി പാലത്തിലൂടെയുള്ള യാത്രയും സന്ദര്‍ശകരെ ആകര്‍ശിക്കുന്നു.
Next Story

RELATED STORIES

Share it