wayanad local

മുണ്ടേരിയില്‍ അഗതിമന്ദിരം ; നിര്‍മാണം ജൂണില്‍ തുടങ്ങും



കല്‍പ്പറ്റ: ദേശീയ നഗര ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നഗരസഭ നിര്‍മിക്കുന്ന അഗതി മന്ദിരത്തിന്റെ ശിലാസ്ഥാപനം ജൂണില്‍. മുണ്ടേരിയില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 20 സെന്റാണ് ഇതിനു വിനിയോഗിക്കുക. നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. യാചകര്‍ ഉള്‍പ്പെടെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായാണ് മന്ദിരം നിര്‍മിക്കുന്നതെന്ന് ദേശീയ നഗര ഉപജീവന ദൗത്യം ജില്ലാ മാനേജര്‍ എം പി മുനീര്‍ പറഞ്ഞു. നഗരത്തില്‍ നടത്തിയ സര്‍വേയില്‍ 16 സ്ത്രീകള്‍ ഉള്‍പ്പെടെ സ്ഥിരമായി തെരുവില്‍ ഉറങ്ങുന്ന 41 പേരെ കണ്ടെത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. നഗര ഉപജീവന ദൗത്യം നിര്‍വഹണത്തിനു കേന്ദ്ര സര്‍ക്കാര്‍ ഒന്നര കോടി രൂപയാണ് നഗരസഭയ്ക്ക് അനുവദിച്ചത്. ഇതില്‍ 60 ലക്ഷം രൂപ ലഭിച്ചു. ഈ തുക വിനിയോഗിക്കുന്ന മുറയ്ക്ക് ബാക്കി തുക ലഭിക്കും. ഇതിനകം ലഭിച്ച ഫണ്ടാണ് മന്ദിരനിര്‍മാണത്തിനു വിനിയോഗിക്കുക. മൂന്നു നിലകളുള്ള കെട്ടിടമാണ് മുണ്ടേരിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാള്‍, റിക്രിയേഷന്‍ റൂം, ലൈബ്രറി, വിവിധ മതസ്ഥര്‍ക്കായി മൂന്നു പ്രാര്‍ത്ഥനാമുറികള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും മന്ദിരത്തിന്റെ താഴെ നില. ഒന്നും രണ്ടും നിലകളിലായാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം താമസ സൗകര്യം ഒരുക്കുക. മന്ദിരത്തില്‍ ഓരോ അന്തേവാസിക്കും സ്വന്തമായി മുറിയും അനുബന്ധ സൗകര്യങ്ങളും ഉണ്ടാവും. രണ്ടു നിലകളിലുമായി നാല് ഫാമിലി റൂമുകളും ഒരുക്കും. വീടില്ലാത്തതുമൂലം നഗരത്തിലെ കടത്തിണ്ണകൡ കുടുംബസമേതം അന്തിയുറങ്ങേണ്ടിവരുന്നവര്‍ക്കായാണ് ഈ സൗകര്യം. അന്തേവാസികളെ അവര്‍ ചെയ്തുവരുന്ന തൊഴിലില്‍ തുടരാന്‍ അനുവദിക്കും. രാവിലെ എട്ടിനുശേഷം മന്ദിരത്തിനു പുറത്തുപോയി രാത്രി എട്ടിനു മുമ്പ് തിരിച്ചെത്തണമെന്ന വ്യവസ്ഥയിലായിരിക്കും ഇത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒറ്റയ്ക്കും കൂട്ടായും തൊഴില്‍ പരിശീലനത്തിനും മന്ദിരത്തില്‍ സൗകര്യം ഒരുക്കും. തൊഴില്‍ പരിശീലനവും ദൗത്യത്തിന്റെ ഭാഗമാണ്. പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി നഗരസഭ 2016 ആഗസ്ത് 17ന് കല്‍പ്പറ്റയില്‍ തെരുവില്‍ ഉറങ്ങുന്നവരുടെ കണക്കെടുപ്പ് നടത്തിയിരുന്നു. 23 സ്ത്രീകളെയും 15 പുരുഷന്മാരെയുമാണ് അന്ന് കാണാനായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടത്തിയ സര്‍വേയിലാണ് 41 പേരെ കണ്ടത്. 2016ലെ സര്‍വേയില്‍ കണ്ടതില്‍ 75 ശതമാനവും ഇപ്പോഴും നഗരത്തില്‍ ഉണ്ടെന്നാണ് സര്‍വേയില്‍ വ്യക്തമായത്. സ്ത്രീകളാണ് നഗരം വിട്ടവരില്‍ കൂടുതലും. പുതുതായി വന്നവരില്‍ പുരുഷന്മാരാണ് അധികം. നഗരത്തില്‍ തെരുവില്‍ അന്തിയുറങ്ങുന്നവരില്‍ അധികവും തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഭിക്ഷയാചിച്ചും ആക്രി സാമഗ്രികള്‍ ശേഖരിച്ചു വിറ്റുമാണ് ഇവരില്‍ പലരുടെയും ഉപജീവനം. കുട, ചെരിപ്പ് അറ്റകുറ്റപ്പണി നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നവരും കൂട്ടത്തിലുണ്ട്. തെരുവില്‍ കഴിയുന്നവരില്‍ രണ്ടു സ്ത്രീകളടക്കം നാലുപേരുടെ മാനസികനില തകരാറിലാണെന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it